രചന : മൻസൂർ നൈന✍

അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ ധീരദേശാഭിമാനി
കുഞ്ഞാലി മരയ്ക്കാർ നാലാമനായ
മുഹമ്മദലി മരയ്ക്കാർ കീഴടങ്ങിയത് 1600 മാർച്ച് 16 നായിരുന്നു .
കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി ഒന്നാമനിലൂടെയാണ് മരയ്ക്കാർ വിഭാഗം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് . കൊച്ചിയിലെ കൊച്ചങ്ങാടിയിൽ തന്നെ ജനിച്ച സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ മുഖേന മരയ്ക്കാർ – സാമൂതിരി സംയുക്ത സൈനീക മുന്നേറ്റത്തിന് വഴിയൊരുങ്ങി.


പോർച്ചുഗീസ് നിലപാടുകളിൽ പ്രയാസത്തിലായപ്പോൾ സാമൂതിരി ഡക്കാൻ , ഈജിപ്ത് , തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സുൽത്താന്മാരുമായി ബന്ധപ്പെട്ടു .
“ഞാൻ എന്റെ രാജ്യത്തെ ഓർത്തല്ല , ഇവിടുത്തെ മുസ്ലിംകളെ ഓർത്താണ് ഭയപ്പെടുന്നത് . ഞാൻ ഒരു ഹിന്ദുവാണെങ്കിൽ കൂടി അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു…… “


കുഞ്ഞാലി നാലാമന്റെ കാലത്ത് അധികാരത്തിലെത്തിയ സാമൂതിരി ക്ഷിപ്രകോപിയും മദ്യാസക്തനുമായിരുന്നു. അവസരം മുതലെടുത്ത് പറങ്കി ചാരന്മാർ കുതന്ത്രങ്ങൾ തുടങ്ങി. കുതതന്ത്രങ്ങളുടെ അവസാനം അത് സംഭവിച്ചു . കുഞ്ഞാലിയുമായി സാമൂതിരിയെ പിണക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞു.
കുഞ്ഞാലി മൂന്നാമനായ പട്ടു മരയ്ക്കാർ നിർമ്മിച്ച കോട്ടയിലാണ് പട്ടു മരയ്ക്കാരുടെ സഹോദരി പുത്രനായ കുഞ്ഞാലി നാലാമൻ ജനിച്ചത് .


1599 ഡിസംബർ 15 ന് വലിയൊരു വ്യൂഹവുമായി ഡോൺ ആൻഡ്രി ഫുർടാഡോ ഇരിങ്ങൽ കോട്ട വളഞ്ഞു. അതിന് മുൻപ് തന്നെ ഉള്ളാളത്തെ രാജ്ഞിയെയും , മംഗലാപുരത്തെ രാജാവിനെയും കുഞ്ഞാലിയെ സഹായിക്കാനായി എത്തരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു .
പ്രശസ്ത ചരിത്രകാരനായ ഒ.ക്കെ. നമ്പ്യാരുടെ Portuguese pirates and Indian seamen എന്ന ചരിത്ര ഗവേഷണ ഗ്രന്ഥത്തിലൂടെ തുടർന്നു ഇങ്ങനെ വായിക്കാം , കോട്ട ഉപരോധിച്ച ശേഷം ഫുർട്ടാഡോ ആഘോഷപൂർവ്വം സാമൂതിരിയെ സന്ദർശിക്കാനുള്ള ഒരുക്കങ്ങൾ നടത്തി.


ചരിത്രത്തിലെ ആ അവിശുദ്ധ ബന്ധത്തിനായുള്ള കൂടിക്കാഴ്ച്ച നടന്നത് കൊച്ചിയിലാണ് . 1599 ഡിസംബർ 16 ന് സാമൂതിരിയും ഫുർടാഡോവും വലിയൊരു സൈന്യവുമായി കൊച്ചിയിലെ കൊച്ചങ്ങാടിയിൽ മരയ്ക്കാർമാരുടെ തറവാടുണ്ടായിരുന്ന സ്ഥലത്തെത്തി . സാമൂതിരിയുടെയും , പോർച്ചുഗീസിന്റെയും സൈന്യങ്ങൾ കൂടിക്കാഴ്ച്ച ഒരുക്കിയ സ്ഥലത്തിന്റെ ഇരുവശങ്ങളിലായി നിലയുറപ്പിച്ചു . പീരങ്കികളും തോക്കുകളും ആചാരവെടികൾ മുഴക്കി. ഈ അവിശുദ്ധ കൂടിക്കാഴ്ച്ചക്ക് സാമൂതിരി അത്യാഡംബര വേഷവിധാനങ്ങളുമായാണ് എത്തിയത്. സാമൂതിരിയും ഫുർട്ടാഡോവും അന്യോന്യം ആലിംഗനം ചെയ്തപ്പോൾ അഭിവാദ്യമെന്ന നിലക്ക് കപ്പലുകളിൽ നിന്നു പീരങ്കിവെടിമുഴക്കി .


ഫുർട്ടാഡോവിന് ധൃതിയുണ്ടായിരുന്നില്ല അദ്ദേഹവത്തിനറിയാം ഉപരോധം നീണ്ടു പോകുന്നതോടെ കോട്ടക്കകത്തുള്ളവർ ദുർബലരാകുമെന്ന് .ഫുർട്ടാഡോ ഉപരോധം കനപ്പിക്കുകയും ആക്രമണത്തിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു.
ഒരു മാസം പിന്നിട്ടപ്പോഴേക്കും ഭക്ഷ്യസാധനങ്ങൾ ഇല്ലാതെ കോട്ടക്കുള്ളിലുള്ളവർ വിഷമിച്ചു . ഈ അവസരത്തെ മനസ്സിലാക്കി പോർച്ചുഗീസുകാർ ശക്തമായ ആക്രമണം തന്നെ നടത്തി . പക്ഷെ കുഞ്ഞാലി കൂടുതൽ ശക്തി സംഭരിച്ച് തിരിച്ചടിച്ചു . ഉപരോധം തുടങ്ങിയിട്ട് മൂന്നു മാസം തികയാറായെങ്കിലും കുഞ്ഞാലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വൈകിയാൽ അപത്തായിരിക്കും പുറമെ നിന്ന് കുഞ്ഞാലിക്ക് സഹായം ലഭിച്ചേക്കാം മാത്രവുമല്ല മഴക്കാലം അടുക്കാറായി . കൂടുതൽ ശക്തിയോടെ ആക്രമിക്കാൻ ഫുർട്ടാഡോ ഒരുങ്ങി.


കുഞ്ഞാലിക്ക് തന്റെ ഒപ്പമുള്ളവരുടെ പ്രയാസങ്ങൾ കണ്ടു നിൽക്കാനാവുന്നതല്ലായിരുന്നു . ഭക്ഷണം ലഭിക്കാതെ പലരും വളരെ ദുർബലരായിരിക്കുന്നു . ഈയൊരു സാഹചര്യത്തിൽ താൻ കീഴടങ്ങിയാലും ശരി തന്റെ ഒപ്പമുള്ളവർ കൊല്ലപ്പെടാൻ പാടില്ലെന്ന് അദ്ദേഹം ആഗ്രഹിച്ചു .
സാമൂതിരിയുടെ പ്രജകളിൽ ഒരു വിഭാഗം കുഞ്ഞാലിയോട് പരസ്യമായ അനുഭാവം പ്രകടിപ്പിച്ചു. ഈ വിഭാഗം ശക്തിപ്പെട്ടു വരുന്നത് സാമൂതിരി കണ്ടു. തന്റെ സൈന്യത്തിന് ഈ യുദ്ധത്തിൽ താൽപ്പര്യമില്ലെന്ന് സാമൂതിരി മനസ്സിലാക്കി .കുഞ്ഞാലി കീഴടങ്ങിയാൽ മാത്രം മതിയെന്ന് സാമൂതിരി തീരുമാനിച്ചു . കുഞ്ഞാലിക്കൊ ഒപ്പമുള്ളവർക്കൊ യാതൊരു ഹാനിയും വരുത്തില്ലെന്ന് കുഞ്ഞാലിയുമായുള്ള – സന്ധിസംഭാഷണത്തിൽ സാമൂതിരി ദൂതൻ മുഖേന അറിയിച്ചു .
താൻ കീഴടങ്ങാൻ തയ്യാറാണെന്ന് കുഞ്ഞാലി അറിയിച്ചു .
” എന്റെ പൊന്ന് രാജാവിന് മുന്നിൽ ഞാൻ കീഴടങ്ങാം “
കുഞ്ഞാലി നാലാമന്റെ ഈ വാക്കുകളിൽ നിന്നു സാമൂതിരിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും,
ബഹുമാനവും , വിശ്വാസവും വ്യക്തമാണ് .


വൈദേശികാധിപത്യനെതിരെയുള്ള പോരാട്ടത്തിലെ കറുത്ത അധ്യായമാണ് ഈ ദിനം . 1600 മാർച്ച് 16 കുഞ്ഞാലി കീഴടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു. കനത്ത വെയിലുണ്ട് , ഇരിങ്ങൽ കോട്ടക്ക് പുറത്തു സാമൂതിരിയുടെയും പോർച്ചുഗീസുകാരുടെയും സൈന്യങ്ങൾ അണിനിരന്നു. കോട്ടയുടെ തെക്കേ വാതിൽ തുറന്നു കുഞ്ഞാലിയുടെ പട്ടാളത്തിലെ അവശേഷിച്ച യോദ്ധാക്കളാണ് ആദ്യം ഇറങ്ങി വന്നത്. കോട്ടയ്ക്കകത്ത് നിന്ന് ഇറങ്ങി വന്നവരിൽ പലർക്കും പരിക്കേറ്റിരുന്നു ,
പലരും അർദ്ധ പ്രാണരായിരുന്നു പലരുടെയും നില ദയനീയമായിരുന്നു. കൂട്ടത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു . ഇവരോടെല്ലാം ഇഷ്ട്ടമുള്ളിടത്തേക്ക് പൊയ്ക്കൊള്ളാൻ സാമൂതിരി പറഞ്ഞു .


കുഞ്ഞാലി നേരെ സാമൂതിരിയുടെ അരികിൽ ചെന്നു കീഴടങ്ങലിന്റെ സൂചനയായി വാൾ അടിയറവെച്ചു . സാമൂതിരിയുടെ അടുത്തു നിന്നിരുന്ന ഫെർട്ടാഡോ തത്സമയം കുഞ്ഞാലിയെ കടന്നു പിടിച്ചു . കുഞ്ഞാലി പിടിയിൽ നിന്നു കുതറി , അപ്പോഴേക്കും പോർച്ചുഗീസുകാർ കുഞ്ഞാലിയെ വളഞ്ഞു പിടികൂടി കഴിഞ്ഞിരുന്നു . ഈ വഞ്ചന സാമൂതിരിയുടെ നായർപ്പടയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല . തങ്ങളുടെ വീരപുരുഷനെ കീഴടങ്ങൽ വ്യവസ്ഥ ലംഘിച്ചുകൊണ്ടു കീഴ്പ്പെടുത്തുന്നതിൽ അവർ ക്ഷുഭിതരായി . നായർപ്പട പോർച്ചുഗീസുകാർക്ക് മേൽ ചാടി വീണു കുഞ്ഞാലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പോർച്ചുഗീസുകാർ ശക്തമായ സന്നാഹങ്ങളോടെ കുഞ്ഞാലിയെ പോർച്ചുഗീസ് പാളയത്തിലെത്തിച്ചു. ക്ഷുഭിതരായ നായർപ്പടയുടെ ബഹളം ശമിപ്പിക്കുവാൻ സാമൂതിരി ഏറെ പ്രയാസപ്പെട്ടു.


ഗോവയിലെ ട്രാൻകോവിലെ തടവുമുറിയിൽ കിടക്കുന്ന കുഞ്ഞാലി തന്റെ ഉമ്മയുമായുണ്ടായ അവസാനത്തെ കൂടിക്കാഴ്ചയും , അവർ തന്നെ കെട്ടിപ്പിടിച്ച് തന്റെ കഴുത്തിലുണ്ടായിരുന്ന ഒരു പട്ടുറുമാൽ എടുത്തിട്ട് പറഞ്ഞ അവസാന വാചകങ്ങളുമോർത്തു.
“മോനെ അവർ നിനക്ക് എന്തെങ്കിലും ആപത്തു വരുത്തുമ്പോൾ എനിക്കൊരടയാളമയക്കുക . ധൈര്യത്തോടെ ഇരിക്കണം അല്ലാഹു കാക്കും “.
കോടതി വിധി പ്രസ്താവിച്ചു .
” കുഞ്ഞാലിയുടെ തല വെട്ടണം ; അദ്ദേഹത്തിന്റെ മൃതദേഹം നാലായി പകുക്കണം . “
കുഞ്ഞാലിയുടെ വധദിവസമായി.


രാത്രി മുഴുവൻ കുഞ്ഞാലി പ്രാർത്ഥനയിൽ കഴിച്ചു. വൈസ്രോയിയുടെ കൊട്ടാരത്തിനു മുമ്പിൽ കൊട്ടാര പരിവാരങ്ങളും പ്രമാണികളും തടിച്ചു കൂടുന്ന മുറ്റത്ത് ഒരു കഴുമരം പുതുതായുണ്ടാക്കി .
ഒരു ജനമഹാസമുദ്രം തന്നെ അവിടെ തടിച്ചു കൂടി . ബനിയാത്തെരുവിലും കാനറിൻ തെരുവിൽ നിന്നുമൊക്കെ കൂടുതൽ സ്ത്രീ പുരുഷന്മാർ അവിടെ എത്തിയിരുന്നു .
വൈസ്രോയിയുടെ വരവറിയിച്ചു കൊണ്ടു കൊമ്പു വിളി മുഴങ്ങി. വധരംഗത്തെ അഭിമുഖീകരിച്ചുള്ള മട്ടുപ്പാവിൽ അദ്ദേഹം വന്നു നിന്നു. വാമഭാഗത്തു ആർച്ചുബിഷപ്പും സ്ഥാനം പിടിച്ചു. കുഞ്ഞാലി കൊലമരത്തിനടുത്തേയ്ക്ക് ആനയിക്കപ്പെട്ടു. കുഞ്ഞാലിയുടെ ” ഗംഭീരവും ധീരവുമായ പെരുമാറ്റം കടോരഹൃദയരായ ശത്രുക്കളുടെ പോലും ആദരം നേടി ” പെട്ടെന്ന് ജനക്കൂട്ടം നിശ്ശബ്ദമായി . കുഞ്ഞാലി മുന്നിൽ പരന്നു കിടക്കുന്ന ജനലക്ഷങ്ങളുടെ നേരെ കണ്ണോടിച്ച ശേഷം കഴുത്തു താഴ്ത്തി. പോർച്ചുഗീസുകാരുടെ ഭീകരമായ ചെണ്ട മുഴക്കം ഉയർന്നു. മഴു പതിച്ചു.


കുഞ്ഞാലിയുടെ മൃതദേഹം നാലായി ചീന്തി ബാർഡീസ്സിലും പഞ്ചിമിലും കടപ്പുറത്ത് പ്രദർശനത്തിന്നു ശൂലത്തിന്മേൽ കുത്തിവെച്ചു . അദ്ദേഹത്തിന്റെ തല ഉപ്പുപുരട്ടി കണ്ണൂരിലേക്കയച്ചു. അവിടെയുള്ള മുസ്ലിംകളെ ഭയപ്പെടുത്താൻ അതു ഒരു കുന്തത്തിൽ കോർത്തു നാട്ടണമെന്നായിരുന്നു തീരുമാനം.


കുഞ്ഞാലിയുടെ ഉമ്മ മകന്റെ വരുവും കാത്തിരുന്നത് നിഷ്ഫലമായി . എന്നാൽ അവർ ഒരടയാളം കണ്ടുവെന്നാണ് ആ തറവാട്ടുകാർ പറയുന്നത്. കുഞ്ഞാലിയുടെ കഴുത്തിൽ മഴു വീണ അവസരത്തിൽ ഉറുമാലിൽ ചോര പുരണ്ടതായി കണ്ടുവത്രെ . തന്റെ ധീരനായ മകൻ ഇനി തിരിച്ചു വരില്ലെന്ന് അപ്പോൾ ഉമ്മ തീരുമാനിച്ചു
കേരള ചരിത്രത്തിലെ വികാരഭരിതമായ ദുരന്ത കഥകളിലൊന്നാണ് കുഞ്ഞാലിമാരുടെ പര്യവസാനം . ഒരിക്കൽ അവരുടെ സംരക്ഷകനും തമ്പുരാനുമായിരുന്ന സാമൂതിരിയുടെ നീചമായ വഞ്ചന ആ കഥയെ കൂടുതൽ ദുരന്തമാക്കുന്നു.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന നൈന – മരയ്ക്കാർ ചരിത്ര ഗ്രന്ഥത്തിലൂടെ ചരിത്രത്തിൽ നിന്ന് കൂടുതൽ വായിക്കാം…..

മൻസൂർ നൈന

By ivayana