രചന : തോമസ് കാവാലം✍
( മനുഷ്യൻ കൊച്ചിയിലെ ബ്രഹ്മപുരത്ത് കാട്ടിക്കൂട്ടിയ വൃത്തികേടുകളിൽ മനംനൊന്ത് എഴുതിയ എളിയ വരികൾ )
മേഘമേ, നീയിത്ര
ലാഘവത്തോടെന്തേ
അര്‍ഘ്യം തളിയ്ക്കാതെ
യെങ്ങുപോകൂ
ആഘാതമേറ്റുള്ള
മർത്യനെകണ്ടു നീ
ദുഃഖിതനാകുന്നോ
ദൂരത്തങ്ങ്?
ദുഷ്ടരീ ഭൂമിയിൽ
ദുഷ്ടത മൂടുവാൻ
സൃഷ്ടിച്ചു വഹ്നികൾ
കഷ്ടമേവം
കല്ലുകൾ പോലുമേ
കത്തുന്നീ ഗോളത്തിൽ
കാരിരുമ്പൊക്കെയു
രുകും പോലെ.
ഗർവിഷ്ടർ മാനവ
രുച്ഛിഷ്ടം കത്തിച്ചു
യഥേഷ്ടം ദുഷിപ്പിച്ചീ
ക്ഷിതിയെ
ഉർവ്വിയിൽ ഞങ്ങളെ
സർവ്വം വിഷപ്പുകാ
നാരകത്തിന്മകൾ
നൽകീടുന്നോ?
എന്തേ പുകയുന്നു
എങ്ങു നീ പോകുന്നു
നാകവും ചാമ്പലായ്
മാറ്റുമോ നീ?
മോകം കൊതിച്ചീടും
മാനുഷ്യ വംശവും
മായുമോ വായുവും
കിട്ടിടാതെ?
വായൂദേവനാ
വഹ്നിയിൽവീശവേ
വനങ്ങൾ വെണ്ണിറായ്
വാരിപ്പൂശി
ജനങ്ങളന്ധരായ്
ജീവശ്വാസത്തിനായ്
പവനദേവനെ
യാശ്രയിപ്പൂ.
നോക്കുക! സൂനങ്ങൾ
വൃക്ഷലതാദികൾ
പക്ഷിമൃഗങ്ങളു
മന്യംനിന്നു
സൂര്യനുമൊട്ടേറെ
ക്രൂരമായ് നോക്കുന്നു
പാരിനെ കത്തിച്ചു
ചാമ്പലാക്കാൻ.
കാളുന്നു പൈതങ്ങൾ
കേഴുന്നു സൈകതം
വീഴുന്നീയൂഴിയും
വിരഹിണിയായ്
വറ്റുന്നു തോയവും
തോടുകൾ തടിനി
കാടുകൾ മേടുകൾ
കരിഞ്ഞുപോകൂ.
എന്തിത്ര നിങ്ങളീ
കത്തുന്ന പന്തങ്ങൾ
സന്ധ്യയ്ക്ക്കണ്ടി
ട്ടന്ധാളിക്കുന്നു?
നിങ്ങളീ ഭൂമിയിൽ
വന്നുപതിയ്ക്കുകിൽ
ശീതത്താൽ സ്വേദത്തെ
തടഞ്ഞു നിർത്താം .
എന്തിത്ര വൈകുന്നു
ധരണി കത്തവേ
കാർമേഘ ജാലമേ,
തോഴിമാരെ!
ഭൂമിയെ,മർത്യരെ
വന്ധ്യമാക്കീടുവാൻ
ആദിത്യനങ്ങു
ണ്ടാഹ്ലാദിപ്പൂ.
വാനിന്റെ ദേവതേ,
വാരിവിതറുക
വന്നിയെ നീക്കുവാൻ
വർഷമായി
നിൻ നറുമുത്തുകൾ
വീഴാതെ നാമ്പുകൾ
നന്മതൻ തീരത്തു
തഴച്ചീടുമോ?