രചന : ബിനു. ആർ✍

ഇന്നലെ പാതിരാവിൽ
നഗരപ്രാന്തത്തിൽ
ഞാനലയവെ,കണ്ടു
ഒരു കുടുംബത്തിൻ
ദീർഘനിശ്വാസവും
മക്കളുടെ പശിയടക്കാനായ്
തിളയ്ക്കുന്നവെള്ളത്തിൽ
കയിലുകൊണ്ടിളക്കുന്ന
ഒരമ്മത്തൻ തപ്തനിശ്വാസവും…
പകലിന്റെ പടവുകളിറങ്ങി-
ക്കഴിഞ്ഞപ്പോൾ
സാരിത്തുമ്പിന്നറ്റത്തൊ-
തുക്കിവച്ചു കൂട്ടിക്കെട്ടിവച്ച
ഒരുപിടി ചില്ലറനാണയങ്ങളിൽ
മക്കളുടെ ജീവിതത്തിൻ
വിശപ്പും ഉൾപ്പുളകവും
തിളങ്ങിക്കളിച്ചിരുന്നു.
പകലന്തിയോളം റോഡു-
വക്കത്തുപേക്ഷിക്കപ്പെട്ട
ചപ്പുചവറുകളിൽ നിന്നും തന്റെ
മക്കളെപ്പോറ്റാനുള്ള അരിമണികൾ പെറുക്കിയെടുക്കവേ,
പിതാവിൻ കനവുകളിൽ ഉതിർന്ന
വേർപ്പിൻ കാണികകളിൽ
നിറഞ്ഞ ഉച്ഛ്വാസനിശ്വാസങ്ങൾ
തത്തിക്കളിച്ചിരുന്നു..
അമ്മയുമച്ഛനും വരും-
വരേയ്ക്കുംതന്നിളയ–
കുട്ടികളെ പരുന്തും പ്രവും
തട്ടിക്കൊണ്ടുപോകാതെ,
തന്റെ ചിറകുകളിലൊളിപ്പിച്ചു
കൊണ്ടുനടന്നൊരാപെൺകിടാവിൻ
തപ്തനിശ്വാസങ്ങളും
തീയും പുകയും ഉയരുന്നതി-
നൊപ്പംമാനത്താകെയും
പറന്നുകളിച്ചിരുന്നു.
തണുത്തകാറ്റിൻ വീശലുകൾ-
ക്കിടയിൽ വിരുന്നിനെത്തിയ
നിറഞ്ഞ മാറാപ്പിലെ തണുപ്പുകൾ
മുഷിഞ്ഞ കീറിയ സാരിയിൽ
പുതച്ചുകിടക്കുന്ന കുഞ്ഞുമക്കളിൽ
വിശപ്പിൻ അലോസരത്തിന്റെ
അപസ്വരങ്ങൾ തീർത്തിരുന്നു.

By ivayana