രചന : സതീഷ് വെളുന്തറ✍
കുഴിഞ്ഞ കൺതടങ്ങളിൽ ശോഷിച്ച വിരലുകൾ കൊണ്ട് പതിയെ തലോടി നോക്കി ശ്രീദേവി ടീച്ചർ. നനവ് പടർന്നിരിക്കുന്നുവോ. താൻ കരയുകയായിരുന്നു വോ.ഇനി കരയരുതെന്ന് തീരുമാനിച്ചിരുന്നതാണ്. ഏറെ കരഞ്ഞ ജീവിതമാണ്. താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നയാളെ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു ദിനം സ്ട്രോക്കിന്റെ രൂപത്തിൽ വന്ന വില്ലൻ തന്നിൽ നിന്നും തട്ടിപ്പറിച്ചു കൊണ്ട് പോയപ്പോൾ.12 വർഷം, അത്രയും മാത്രം ഹ്രസ്വമായ ഒരു കാലം ഇണങ്ങിയും പിണങ്ങിയും സുഖദുഃഖങ്ങൾ പങ്കിട്ടും… ഇഴയടുപ്പമുള്ള ചില ജീവിതങ്ങൾ ചിലപ്പോളങ്ങനെയാണ്.ഇഴ പിരിച്ചു കളയും പെട്ടെന്ന്.
നേർത്ത മർമ്മരത്തോടെ ജനാലയിലൂടെ അകത്തേക്ക് വന്ന ഇളം കാറ്റ് പോകാൻ മടിച്ചുകൊണ്ട് അവിടെ ചുറ്റിത്തിരിയുന്ന പോലെ തോന്നി. സീലിംഗ് ഫാനിൽ നിന്ന് വരുന്ന കാറ്റിന് അല്പം ചൂടായിരിക്കുന്നു. ഇരുവരും തമ്മിൽ മത്സരിക്കുകയാണോ. ഏതോ ടെക്സ്റ്റൈൽ ഷോപ്പിന്റെയോ ജ്വല്ലറിയുടെയോ ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് കാതുകളിൽ മുഴങ്ങുന്നു. ഇടയ്ക്ക് നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ എന്ന പാട്ടും കേൾക്കാം. കോളേജ് കാലഘട്ടത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് ഓർമ്മകളെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്ന ഗാനം. ആ ഗാനത്തിന്റെ ഈരടികൾക്ക് ഒപ്പം താനും മെല്ലെ ആ പഴയ കോളേജ് മുറ്റത്ത് എത്തി.
കോളേജ് മുറ്റം വാകമരങ്ങളാൽ സമൃദ്ധമായിരുന്നു. എത്രയോ പ്രണയങ്ങൾക്കും പ്രണയ നൊമ്പരങ്ങൾക്കും വിരഹങ്ങൾക്കും വിരഹ ദുഃഖത്തിനും മോഹങ്ങൾക്കും മോഹഭംഗങ്ങൾക്കും മൂക സാക്ഷികളായി തണലായി നിന്ന വാകമരങ്ങൾ. എത്രയോ കാൽ നഖങ്ങൾ കൊണ്ട് എഴുതപ്പെട്ട പ്രണയ കാവ്യങ്ങൾ പരിഭവമോ പരാതിയോ കൂടാതെ ഏറ്റുവാങ്ങിയ വാകമരച്ചുവടുകൾ. ഇടയിൽ ഒരു വലിയ കൊന്ന മരം ഉണ്ടായിരുന്നു. മേടമാസത്തിനു മുമ്പ് മീനത്തിൽ തന്നെ വിഷു വരും എന്നാണ് കണിക്കൊന്നയുടെ വിചാരം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിഷുവിനും ഒരുമാസം മുമ്പേ അവ പൂവിടുന്നത് കാണുമ്പോൾ. അവൾ ഏറെ മുമ്പേ പുഷ്പണിയാകുന്നത് കൊണ്ട് തന്നെ വിഷുവിന് പറിക്കാൻ പൂക്കൾ കഷ്ടി. എങ്കിലും കോളേജിലെ മരം കേറി വിരുതന്മാർ വലിഞ്ഞു പിടിച്ച് കയറും പൂവിറുക്കാൻ. പെൺകുട്ടികൾക്ക് പൂ പറിച്ചു കൊടുക്കാൻ ഒരു മത്സരം തന്നെ നടക്കും അപ്പോളവിടെ. ത്രയംബകം വില്ലൊടിക്കാൻ വരെ തങ്ങൾ തയ്യാർ എന്ന മട്ടിൽ.
പക്ഷേ ഇവിടെ ഈ ആശുപത്രി മുറ്റത്ത് ധാരാളം മരങ്ങളൊന്നും കാണാനില്ല. കാഷ്വാലിറ്റിയുടെ മുറ്റത്ത് ധാരാളം പൂച്ചട്ടികളിൽ നിരവധിയായ ചെടികൾ പല വർണ്ണങ്ങളിലുള്ള പുഷ്പങ്ങൾ വിടർത്തി നിന്ന് വിലസുന്നുണ്ട്. ഗ്രൗണ്ടിനപ്പുറത്തായി ചില മരങ്ങൾ കണ്ടു,വന്ന വഴിക്ക്. റബ്ബർ കൃഷിയുടെ വരവോടുകൂടി ഒരുവിധം നാട്ടുമരങ്ങളൊക്കെ മണ്ണിൽ നിന്ന് യാത്ര പറഞ്ഞു പോയിരിക്കുന്നു. അതോ നിർബന്ധിച്ചു യാത്ര ചൊല്ലിപറഞ്ഞയച്ചതോ. ഗ്രൗണ്ടിനപ്പുറത്ത് കണ്ട ഒന്നോ രണ്ടോ മരങ്ങളുടെ മുഖത്ത് തങ്ങളോട് ചങ്ങാത്തം കൂടാൻ ആരുമില്ലാത്തതിന്റെ പരിഭവം ദൃശ്യമാണ്.
ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ചെറിയൊരു ഇടവേളയിലാണ് താൻ ഇപ്പോൾ. ഒരു നൂൽ പാലത്തിലൂടെയാണ് യാത്ര. നേർത്തൊരു നൂൽപ്പാലത്തിലൂടെ. ചിത്രഗുപ്തൻ പുസ്തകം തുറന്ന് തന്റെ ഏട് എടുത്തിട്ടുണ്ടാകും ഇപ്പോൾ. നേരത്തെ അകത്തേക്ക് കയറി വന്ന ഇളം കാറ്റ് ജാലകത്തിന്റെ തിരശ്ശീലകളെ മെല്ലെ ഇളക്കിക്കൊണ്ട് വീണ്ടും കടന്നുവരുന്നുണ്ട്. എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടോ അതോ എന്നെ കൂട്ടിക്കൊണ്ടു പോകാനോ. അറിയില്ല. പുറത്തെ ബഹളങ്ങൾ ഒന്നും ഇവിടെ അറിയുന്നില്ല. അതിവേഗം ചലിക്കുന്ന നഗരവും അതിനേക്കാൾ വേഗത്തിൽ ചലിക്കുന്ന മനുഷ്യരും. അടുത്ത് എവിടെയോ കുറുനരികളുടെ വാസമുണ്ടെന്ന് തോന്നുന്നു. നീണ്ട ഓരിയിടൽ കേൾക്കാം. പുറത്ത് ഇരുൾ പരന്നിട്ടുണ്ട്.
ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് വൈകുന്നേരം വരെ ഉണ്ടായിരുന്ന നഴ്സുമാർ പോയിട്ട് അടുത്ത ഷിഫ്റ്റുകാർ ചാർജ് എടുത്ത് കഴിഞ്ഞിരിക്കുന്നു. എനിക്കുള്ള സിറപ്പും ഗുളികയും ഒക്കെ കൊണ്ട് തന്ന് സ്നേഹപൂർവ്വം അത് കഴിപ്പിച്ചിട്ട് ദൈവത്തിന്റെ ഒരു മാലാഖ ഇപ്പോൾ പോയതേയുള്ളൂ. ഇനി എത്ര മരുന്നും ഗുളികയും കഴിച്ചിട്ട് എന്തിനാ കുട്ടി എന്ന് അവളോട് ചോദിക്കുകയും ചെയ്തു. തന്റെ നെറ്റിയിലും കവിളിലും അരുമയായി ഒന്ന് തലോടിയിട്ട് സ്വന്തം കവിളിലേക്ക് ഊർന്നുവീണ അവളുടെ മുടിയിഴകളെ ഒരു വിരൽ കൊണ്ട് അലസമായി പിറകോട്ട് മാടിയൊതുക്കി ഒരു പുഞ്ചിരിയും സമ്മാനിച്ചാണ് അവൾ നടന്നകന്നത്.
ഇതൊക്കെ ക്യാൻസർ വാർഡിലെ പതിവ് കാഴ്ചകളാണ്. ഇവിടേക്ക് വരുന്ന ശരീരങ്ങളിൽ പലതും ( ശരീരങ്ങളാണ് മനുഷ്യൻ എന്ന് പറയാൻ ആവില്ല ) ചേതനയറ്റാണ് തിരികെ പോകുന്നത്. ഇവിടെ എത്തപ്പെട്ട ശേഷം മാത്രം രോഗവിവരം അറിയുന്നവരാണ് പലരും. രോഗവിവരം രോഗിയോട് പറഞ്ഞിരിക്കണം എന്നാണത്രെ പ്രൊഫഷണൽ എത്തിക്സ്. അതുകൊണ്ട് എന്നോടും ഡോക്ടർ പറഞ്ഞിരുന്നു. ഞാനും അറിഞ്ഞു എന്റെ അനുവാദമില്ലാതെ എന്റെ അവയവങ്ങളിലേക്കും നിർദ്ദയം അർബുദം അതിക്രമിച്ചു കയറി കാർന്നു തിന്നാൻ തുടങ്ങി എന്ന്.നേർത്ത തേങ്ങലുകൾ, വലിയ പൊട്ടിക്കരച്ചിലുകൾ അടക്കിപ്പിടിച്ച വിങ്ങലുകൾ, എല്ലാം ഈശ്വരനിൽ അർപ്പിച്ച പ്രാർത്ഥനകൾ എല്ലാം ഇവിടെ മുഴങ്ങികേൾക്കാം.
ദേവി നീ ഉറങ്ങിയോ. അടുത്തുനിന്ന് അദ്ദേഹം (ഹരിയേട്ടൻ ) ചോദിക്കുന്നത് പോലെ പെട്ടെന്ന് തോന്നി.കുളിർമയുള്ള കാറ്റ് ഉണ്ടെങ്കിലും ശരീരം വിയർത്തു. താമരപ്പൂവിന്റെ സുഗന്ധമാണത്രേ ദ്രൗപദിയുടെ വിയർപ്പിന്റെ ഗന്ധത്തിന് എന്ന് ഭീമസേനൻ പറയുന്ന എം.ടി-യുടെ രണ്ടാമൂഴത്തിലെ വരികൾ ഓർത്തുകൊണ്ട് ഹരിയേട്ടൻ പറയുമായിരുന്നു മുല്ലപ്പൂവിന്റെ സുഗന്ധമാണ് നിന്റെ മുടിക്കെന്ന്. അറിയാതെ വലതു കൈ തലയിൽ മെല്ലെ പരതി നോക്കി. ഇല്ല അദ്ദേഹത്തിന് ഇഷ്ടമായിരുന്ന മുടിയിഴകളിൽ ഒന്നുപോലും അവിടെ അവശേഷിച്ചിട്ടില്ല.
ഓർമ്മകൾ ഘനരൂപങ്ങളായും ജ്യാമിതീയ രൂപങ്ങളായും ഓടിയെത്തുന്നുണ്ട്. ഇടതടവില്ലാതെ പെയ്യുന്ന അശ്വിനത്തിലെ മഴപോലെ. ഇടവേളകളോടുകൂടിയ ഇടിമുഴക്കങ്ങളുടെ അകമ്പടി പക്ഷേ ആ ഓർമ്മകൾക്ക് ഉണ്ടായിരുന്നില്ല. വളരെ ചെറിയ വളരെ നേരിയ മിന്നൽ പിണറുകൾ വളഞ്ഞും പുളഞ്ഞും തലച്ചോറിന്റെ മലമടക്കുകളിലൂടെ ഇടയ്ക്കിടെ പാഞ്ഞു പോകുന്നുണ്ട്. കെമിസ്ട്രി ലാബിൽ ടെസ്റ്റ് ട്യൂബുകളിൽ നമ്മൾ ഉണ്ടാക്കിയെടുക്കുന്ന രാസ മാറ്റങ്ങൾ പോലെയാണത്രേ ശരീരത്തിലെ ആന്തരാവയവങ്ങളിൽ ഉണ്ടാകുന്ന രാസ മാറ്റങ്ങളും. ആ രാസ മാറ്റങ്ങളിലൂടെ താൻ എത്തപ്പെട്ടത് ഈ ആശുപത്രി കിടക്കയിലും.
തന്റെ കൈകളാൽ നെടുകെ കീറിമുറിക്കപ്പെട്ട് ഡിസെക്ഷൻ ടേബിളിൽ കിടന്ന തവള തന്റെ കണ്ണുകളിലേക്ക് ദൈന്യതയോടെ നോക്കിയിട്ടുണ്ട്. ആ അല്പപ്രാണി എന്തെങ്കിലും പറയാൻ ശ്രമിച്ചിട്ടുണ്ടാകുമോ. എന്നെ വേദനയുടെ പരകോടിയിൽ എത്തിച്ച് അഭിരമിക്കുന്ന നീ ഇതുപോലെ ജീവനുള്ള ഒരു മരക്കഷണമായി ഹൗസ് സർജൻ മാർക്കും പി. ജി.വിദ്യാർത്ഥികൾക്കും അമ്മാനമാടാൻ കിട്ടുന്ന ഒരു പരീക്ഷണ വസ്തു ആകും എന്ന് ശപിച്ചിട്ടുണ്ടാകുമോ. ഉണ്ടാകും. കീമോ എന്ന പ്രതിമാസ ടെസ്റ്റ് പേപ്പറിനായി (പരീക്ഷയ്ക്കായി )തന്റെ ശരീരവും തുരന്നു വച്ചിരിക്കുകയല്ലേ.
മകൾ ഇപ്പോൾ കുവൈറ്റിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ – കാലം കരുതിവച്ച മാറ്റങ്ങൾ അടയാളപ്പെടുത്തിയ ഏതെങ്കിലും ഒരു ശരീരത്തിൽ പ്രയോഗിക്കേണ്ട മരുന്നുകളുടെയും നടത്തേണ്ട ടെസ്റ്റുകളുടെയും ജാതകം ഗണിക്കുകയായിരിക്കും. ഭൂപടം നോക്കി ഇനിയും വെട്ടിപ്പിടിക്കേണ്ട സാമ്രാജ്യങ്ങളുടെ ഏതെല്ലാം ഭാഗത്ത് ഏതെല്ലാം സൈന്യങ്ങളെ അണിനിരത്തണം എന്ന് തന്ത്രാലോചനയിൽ ആയിരിക്കും അവളുടെ ബിസിനസുകാരനായ അമേരിക്കൻ ഭർത്താവ്. കാലമുണക്കാത്ത മുറിവുകൾ ഇല്ല എന്നാണ് പഴമൊഴി.
അത് ശരീരത്തിലെ മുറിവുകളായിരിക്കും പക്ഷേ മനസ്സിലെ മുറിവുകളിൽ ചിലത് ഒരിക്കലും മായാതെ കിടക്കും. മരണമെന്ന മരീചിക ശരിക്കും എന്താണെന്ന് മനസ്സിലാക്കുന്ന പ്രായം മകൾക്ക് എത്തുന്നതിനു മുമ്പാണ് അവളുടെ അച്ഛൻ ഇവിടുത്തെ വേഷം അഴിച്ചുവച്ച് ചമയങ്ങളും ഉടയാടകളും ഇല്ലാത്ത ലോകത്തേക്ക് മടങ്ങിയത്. ശ്രീദേവി ചെറുപ്പമല്ലേ അവൾക്കൊരു തുണ വേണ്ടേ മകൾക്ക് അഞ്ച് വയസ്സല്ലേ ആയുള്ളൂ എന്ന് സ്നേഹപൂർവ്വവും നിർബന്ധപൂർവ്വവും ചുറ്റും കേട്ട വാക്കുകൾക്ക് ചെവി കൊടുക്കാൻ തോന്നിയില്ല അന്ന്. സഹ അധ്യാപകരുടെയും ബന്ധുക്കളുടെയും സഹതാപാർദ്രമായ കടാക്ഷങ്ങൾ ഇനിയും ഏൽക്കേണ്ടതില്ല എന്ന തീരുമാനവുമായാണ് ചോദിച്ചു വാങ്ങിയ ട്രാൻസ്ഫറുമായി ദൂരേക്ക് പോയത്.
ഒന്നു രണ്ടു ശിശിരങ്ങൾ ഒഴികെ ഇതിനിടയിൽ വന്നുപോയ എല്ലാ ശിശിരങ്ങളും ഇലകൊഴിച്ചു. വസന്തങ്ങൾ എല്ലാം ഇടതടവില്ലാതെ ഇതൾ വിടർത്തിക്കൊണ്ടേയിരുന്നു. ശരത്തും ഹേമന്തവും വർഷവും തുഷാരവും വന്നുപോയ്ക്കൊണ്ടേയിരുന്നു. കാലം തന്റെ മുഖത്തും ചിത്രം മാറ്റി എഴുതി. മുടിയിഴകളിൽ കറുപ്പ് രാശിമാറി വെള്ള പടരാൻ തുടങ്ങി. കൺതടങ്ങളിൽ കൃഷ്ണ വർണ്ണം പടർന്നു. നെറ്റിത്തടത്തിൽ കുറുകെ ചെറിയ ചാലുകൾ രൂപപ്പെട്ടു.ശൈശവത്തിൽ നിന്നും ബാല്യത്തിലേയ്ക്കും കൗമാരത്തിലേക്കും യൗവനത്തിലേയ്ക്കും മധ്യവയസ്സിലേക്കും മനുഷ്യനെ നടത്തിക്കുന്ന പ്രകൃതി നിയമം അതിന്റെ ഭരണഘടനാ ദൗത്യം കൃത്യമായി നടത്തിപ്പോന്നു. കാത്തുനിൽക്കാൻ ഒട്ടും ക്ഷമ ഇല്ലാത്തതുപോലെ.
മകളുടെ മെഡിസിൻ പഠനം പിജി ഉൾപ്പെടെ പൂർത്തിയാകുമ്പോഴേക്കും കമ്മ്യൂട്ടേഷനും ഗ്രാറ്റുവിറ്റിയുമായി ലഭിച്ച തുക ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. മൊബൈൽ സേവന ദാദാക്കൾ ഓർമ്മപ്പെടുത്തുന്നത് പോലെ. യുവർ അക്കൗണ്ട് ബാലൻസ് ഈസ് ലോ പ്ലീസ് റീചാർജ് യുവർ അക്കൗണ്ട്. ഇനിയെന്തിനാണ് വലിയ തുകകളുടെ ആലഭാരം എന്നാണ് അപ്പോൾ ചിന്തിച്ചത്. ഹരിയേട്ടന്റെ ബിസിനസ് ഒക്കെ തകർന്ന് അദ്ദേഹത്തിന്റെ വീതത്തിൽ കിട്ടിയ വസ്തുവിറ്റ് കടം തീർത്ത് വരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വേർപാട്. എങ്കിലും പിടിച്ചുനിന്നു.
കൺമുന്നിൽ ആയിരുന്നു മകളുടെ വളർച്ച. പട്ടുപാവാടയും കുഞ്ഞുടുപ്പും ധരിച്ചിരുന്ന കാലത്തിൽ നിന്നും ചുരിദാറിലേക്കും സാരിയിലേക്കും പിന്നീട് സ്റ്റെതസ്കോപ്പും വെള്ള യൂണിഫോമും ധരിച്ച് ഒരു മാലാഖയെപ്പോലെ പുഞ്ചിരിച്ചു പൂമ്പാറ്റയെ പോലെ പാറിപ്പറന്ന് നടന്ന ആ മകളാണ് ഇപ്പോൾ…….
പിജിയും കഴിഞ്ഞ് ടൗണിലെ ഹോസ്പിറ്റലിൽ രണ്ടു വർഷത്തെ പ്രാക്ടീസും കഴിഞ്ഞു നിൽക്കുമ്പോഴാണ് സാമാന്യം മോശമല്ലാത്ത ഒരു ഓഫർ കുവൈറ്റിൽ നിന്നും വരുന്നത്.
കുവൈറ്റിലെ ഹോസ്പിറ്റലിൽ ജോലി ലഭിച്ചു പോയ മകളെ യാത്രയാക്കി എയർപോർട്ടിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ ഒറ്റപ്പെടലിന്റെ തീവ്രത വീണ്ടും ഉള്ളിലറിഞ്ഞു. വീണ്ടും കൂട്ട് വീട്ടുമുറ്റത്തെ ചെടികളും പൂക്കളും പറമ്പിലെ വൃക്ഷങ്ങളും മാത്രം. വെളുപ്പാൻകാലത്ത് ഇലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു കണങ്ങൾ കൈവിരലുകളാൽ തട്ടിത്തെറിപ്പിച്ച് രസിച്ചിരുന്ന വേളകൾ ഓർത്തു. താഴെ തൊടിയിലെ മാവിന്റെ ചില്ലയിൽ കൂടുകൂട്ടിയ തൂക്കണാം കുരുവിയുടെ പുലർകാല സംഗീതത്തിന്റെ ഈണം കാതുകളിൽ ഒഴുകിയെത്തി. തൊടിക്കപ്പുറത്ത് കുളത്തിൽ വരാലും ഐക്കൂറയും പുളച്ചു ചാടുന്നുണ്ടാകും ഇപ്പോഴും. കുട്ടിക്കാലത്ത് തോട്ടിൽ കുളിക്കാൻ പോകുമ്പോൾ ഈരിഴത്തോർത്ത് അപ്പുറവും ഇപ്പുറവും നിന്ന് പിടിച്ചു തോട്ടിലുള്ള മീനുകളെ അരിച്ചെടുക്കുമായിരുന്ന ഒഴിവു ദിവസങ്ങളിലെ പകലുകൾ ഓർത്തു. പലപ്പോഴും കരട്ടിയും പരലും മാനത്ത് കണ്ണിയും മാത്രമേ കയറുമായിരുന്നുള്ളൂ ഞങ്ങളുടെ തോർത്ത് വലയിൽ. വെള്ളം നിറച്ച കുപ്പിയിലാക്കി അവയെ കുറെ ദിവസം സൂക്ഷിക്കുമായിരുന്നു.
ഓർമ്മകൾ അടുക്കും ചിട്ടയും ഇല്ലാതെയാണ് കടന്നുവരുന്നത്.ഇപ്പോൾ കുട്ടിക്കാലത്തിൽ നിന്ന് റിട്ടയർമെന്റിന് ശേഷമുള്ള കാലത്തെ ഓർമ്മകളിൽ എത്തിയിരിക്കുന്നു.
ശരീരത്തിൽ ചില അസ്വസ്ഥതകൾ തോന്നിത്തുടങ്ങി ഒരു ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോകണം എന്ന് കരുതിയിരുന്ന ദിവസമാണ് അപ്രതീക്ഷിതമായി രണ്ടുപേർ വീട്ടിലേക്ക് കയറി വരുന്നത്. അപരിചിതരല്ല നാട്ടിൽ പരിചയമുള്ളവർ തന്നെയാണ്. മകൾ പറഞ്ഞതിൻ പ്രകാരം ഒരാളെ വീടും വസ്തുവും കാണിക്കാൻ കൊണ്ടുവന്നതാണത്രേ. പുതിയൊരു തിരിച്ചറിവ് കൂടി അപ്പോൾ ഉണ്ടായി അമ്മയ്ക്കുമപ്പുറം മകൾ നാട്ടിൽ ബന്ധങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. വീടും വസ്തുവും ഇപ്പോൾ വിൽക്കുന്നില്ലെന്ന് എന്തുകൊണ്ടോ അവരോടപ്പോൾ പറയാൻ തോന്നിയില്ല. കടം തീർക്കാൻ വേണ്ടി ഹരിയേട്ടന്റെ വീടും വസ്തുവും വിറ്റശേഷം ആകെയുള്ള സമ്പാദ്യമാണിത്. തങ്ങൾ ഇണങ്ങിയും പിണങ്ങിയും സ്വപ്നങ്ങൾ നെയ്തുകൂട്ടിയും കഴിഞ്ഞ വീട്. മോൾ പിച്ചവച്ച് നടന്ന മുറ്റം. അവൾക്ക് ഇതൊരു കോൺക്രീറ്റ് കെട്ടിടം മാത്രമാണ്. തനിക്ക് ഇത് തന്റെയും ഹരിയേട്ടന്റെയും ശ്വാസവും നിശ്വാസവും ഗന്ധവമാണ്. ചിതലരിക്കാത്ത ഓർമ്മകളാണ്.
ജോലിയുടെ തിരക്കും ടെൻഷനും കൊണ്ടാകും ദിവസവും മൂന്നും നാലും തവണ വിളിച്ചുകൊണ്ടിരുന്ന മകളുടെ ഫോൺവിളികൾക്ക് ഇടവേളകൾ കൂടിക്കൊണ്ടിരുന്നു. ദിവസം ഒരു തവണ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ആഴ്ചയിലൊരിക്കൽ മാസത്തിലൊരിക്കൽ. ഇങ്ങനെ ഇടവേളകളുടെ ദൈർഘ്യം കൂടുന്നത് താനും മറന്നതു പോലെ തോന്നി. അങ്ങനെ പ്രതിമാസമുള്ള വിളികളിൽ ഒന്നിലാണ് മകൾ പറഞ്ഞത് അമ്മേ എനിക്കിവിടെ ഒരാളെ ഇഷ്ടമാണ് അമേരിക്കൻ സിറ്റിസൺ ആണ്. പിന്നീടെപ്പോഴോ പറഞ്ഞു അമ്മേ ഞങ്ങൾ ലിവിങ് ടുഗതർ ആണ്. ആദ്യം ഒരു ഞെട്ടലായിരുന്നു പിന്നീട് അതൊരു മരവിപ്പായി മാറി. മകളെ മന്ത്രകോടി ഉടുപ്പിക്കുന്നതും ആഭരണങ്ങൾ അണിയിക്കുന്നതും ചമയിച്ചൊരുക്കുന്നതും സ്വപ്നം കണ്ട നാളുകളെ വിസ്മൃതിയിൽ ലയിപ്പിച്ചു. അമ്മേ ഞങ്ങൾക്കൊരു മകൾ ജനിച്ചു, നാട്ടിലെ ആചാരപ്രകാരം നൂലുകെട്ടി,ചോറൂണ് നടത്തി,പിച്ച നടക്കുന്നു,കിൻഡർ ഗാർട്ടനിൽ ചേർത്തു. അറിയിപ്പുകൾ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ പോലെ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്നു. ഒടുവിലത്തെ നോട്ടിഫിക്കേഷനിൽ പക്ഷേ തനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നു. – അമ്മേ നമുക്കാ വീടും സ്ഥലവും വിൽക്കാം – താനും കരുതി മകളോടും കൊച്ചുമകളോടും ഒപ്പം ഒരു വിശ്രമ ജീവിതം നയിക്കാം. ഊഷരമായ മനസ്സിൽ വീണ്ടും സ്വപ്നങ്ങളുടെ കുളിർ മഴ പെയ്തു. പുതു നാമ്പുകൾ തളിരിട്ടു. എങ്കിലും അവളോട് പറയാൻ തോന്നിയത് ഇങ്ങനെയാണ്.
അത്….മോളെ ഞാനിപ്പോൾ അവിടെയൊക്കെ വന്ന് താമസിക്കുക എന്ന് പറഞ്ഞാൽ., പൂർത്തിയാക്കാൻ അവൾ സമ്മതിച്ചില്ല. അതിനമ്മ വിഷമിക്കേണ്ടമ്മേ. നാട്ടിൽ ഇങ്ങനെയുള്ളവരെ താമസിപ്പിക്കുന്നതിൽ നല്ല സ്ഥലങ്ങൾ ഏതാണെന്ന് അന്വേഷിക്കാൻ ഞാൻ ഏർപ്പാട് ചെയ്ത് കഴിഞ്ഞു. വീടും വസ്തുവും വിറ്റ ശേഷം അമ്മയെ അവിടെ കൊണ്ടാക്കിയിട്ടേ ഞങ്ങൾ പോകൂ. ഇപ്പോൾ അമ്മ മകൾക്ക് “ഇങ്ങനെയുള്ളവർ” ആയി. ഈ മകൾക്ക് വേണ്ടിയാണോ ഒരു യൗവനം ഹോമിച്ചത്. മറ്റൊരു ജീവിതം വേണ്ടെന്ന് വച്ചത്. അർബുദം തന്റെ ശരീരകോശങ്ങളെ ആകെ കാർന്നുതിന്നുമ്പോഴും ദൂരെ ഒരു തരി വെളിച്ചം, ഒരു കൈത്തിരി നാളം, പ്രകാശത്തിന്റെ ചെറിയ ഒരു ചീള് ഇതൊക്കെ പ്രതീക്ഷിച്ച തനിക്ക് കാലം കാത്തുവച്ച പ്രതിഫലം ഇതായിരുന്നുവോ.
നാട്ടിലെ ഗ്രന്ഥശാലയ്ക്ക് വീടും സ്ഥലവും തീറെഴുതി കൊടുക്കാൻ തീരുമാനിച്ചിട്ട് അതിന്റെ ഭാരവാഹികളെ വിളിച്ച് സംസാരിച്ചപ്പോൾ അവർ ചോദിച്ചു, ടീച്ചറെ ഇത്രയും വേണോ. വേണമെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ തൊട്ടപ്പുറത്തെ ബെഡിൽ മണിക്കൂറുകൾക്ക് മുൻപും സംസാരിച്ചുകൊണ്ടിരുന്നയാൾ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്ര പോയതറിയാതെ ശ്രീദേവി ടീച്ചർ ഒരു മയക്കത്തിലേക്ക് വഴുതി വീണു.