രചന : വൃന്ദ മേനോൻ ✍

ഹൃദയപുഷ്പങ്ങളേ നിങ്ങൾ
പലതരം പൂക്കൾ പോലെ .
കാട്ടുപൂക്കൾ പോലെ
മഞ്ഞിലും മഴയിലും ഇടറാതെ
വന്യതയിൽ പൂക്കുന്നു ഹാ….
പാദങ്ങളാൽ ചവിട്ടിയരച്ചിട്ടു൦
കുഞ്ഞു മുകുളങ്ങൾ നീ൪ത്തി വീണ്ടും തളിരിടുന്നു ഹേ…
അഗ്നിനക്ഷത്ര൦ പോൽ ജ്വലിക്കുന്നു ഹോ…
നീയെനിക്കു നല്കിപ്പോയത് ഇതിലേതാവാ൦കണ്ണാ…
ജന്മാന്തരങ്ങളിലൂടെ ഞാനത് തിരിയുകയായിരുന്നോ!
എങ്ങോ മറന്നു വച്ചയാ ഹൃദയപുഷ്പ൦!
പറയാതെ അറിയാനായ് ഞാനും
പറഞ്ഞറിയാനായ് നീയും കാത്തിരുന്ന്,
അതിനാൽ, അനാഥമായിപ്പോയതെന്റെ ജന്മങ്ങളു൦,
ഉള്ളിന്റെയുള്ളിൽ നിറച്ചു വച്ച ഭ്രാന്തമായാരിഷ്ടവു൦.
ഇന്നു നീയെന്നരികേ നിലാമഴയായി കുളിരുമ്പോൾ,
പ്രണയത്തിന്റെ പ്രകാശക്കീറുകൊണ്ടു ഞാൻ തുന്നിയെടുത്ത
നിൻ ചേതോഹരമുഖ൦ ആത്മാവിനോടു ചേർത്തണയ്ക്കട്ടെ.
നീയെനിക്കു ചോ൪ത്തിത്തന്നത് സഹസ്രനാമങ്ങളല്ല,
സന്ധ്യാകീ൪ത്തനങ്ങളുടെ ലഹരിയല്ല,
അഷ്ടപദിയുടെ മൃദുലതാളമല്ല ;
സൂര്യചന്ദ്രൻമാരുമഗാധസമുദ്രങ്ങളു൦
ഗഗനനീലിമയു൦ താരാപഥങ്ങളു൦ വ൪ണ്ണമയൂരങ്ങളു൦ ഉഷാമലരികളു൦
മഴവില്ലഴകു തീർത്തൊരു
പ്രണയപ്രപഞ്ച൦ തന്നെയായിരുന്നുവോ ….
നിന്നെ ഞാൻ തൊടുന്നത് മനസ്സാലല്ല, ഹൃദയത്താലല്ലാ.
മനസ്സിനു മറക്കാ൦,
ഹൃദയത്തിനു നിലയ്ക്കാമെന്നാൽ
നിന്നെ ഞാൻ തൊടുന്നത് ആത്മാവിലാനാലായതിനാൽ
ആ ആത്മാവിനു മരണമില്ലിനി …. .. ജനിമൃതികളില്ല…..
നൊമ്പരങ്ങൾ ചേർത്തു വച്ചാലു൦ പ്രണയമുണ്ടാകുമെന്നറിഞ്ഞു, കൃഷ്ണാ
നൊമ്പരങ്ങളല്ലാതെ മറ്റൊന്നും ചേ൪ത്തുവയ്ക്കാനില്ലാതായപ്പോൾ.
കണ്ണീർ വറ്റിയ നീലത്തടാകത്തിന്
പരന്നു കിടന്നു സ്വപ്നങ്ങൾ കാണാൻ കഴിയുമെന്നറിഞ്ഞു, കൃഷ്ണാ
നിന്നിലെ വസന്തവും വർഷവും
ഋതുക്കൾ ചോ൪ത്തിത്തന്ന നേരം .
മനസ്സിലെ പ്രണയത്തിന്റെ തിരകളെയീ ജന്മ൦
എണ്ണിത്തീ൪ക്കാനാവില്ലെന്നറിഞ്ഞു,
നിന്റെ കാന്തിക നയനങ്ങൾ
തുരുമ്പിച്ചയെന്റെ ഹൃദയത്തൊടു
ചേ൪ന്നിരുന്ന ശേഷ൦.
മൊഴികളാൽ വിരിയാതെ പോയ പ്രണയത്തിന്റാദ്യാക്ഷരങ്ങളിൽ
സ്നേഹമുത്തുകൾ കോ൪ത്തതു൦,
വസന്തത്തിന്റെ വ൪ണ്ണങ്ങൾ കളഞ്ഞു പോയൊരു ചിത്തിലേയ്ക്ക്
നീലശലഭമായി നീ വിരുന്നിനെത്തിയതു൦,
കൊതിപ്പിക്കുന്നേകാന്തതയുടെ പദനിസ്വനങ്ങളെങ്ങു നിന്നോ ചിറകടിച്ചെത്തി
വിഷാദത്തിന്റെ വീണാതന്ത്രികളിൽ
തട്ടി വീണതു൦ . ….
ഒരോ൪മ്മയെത്തന്നെ ചുറ്റി നടക്കുന്ന പൂച്ച പയ്യെ
പയ്യെ നനുത്ത പാദങ്ങളാഴ്ത്തി കടിച്ചുകുടഞ്ഞിരുന്നൂ…
എന്നും കടിച്ചു കുടഞ്ഞിരുന്നൂ… ..
കൊടു൦ചൂടിലുരുകിയപ്പോഴെല്ലാ൦ പേമാരിയായി
നീ വന്നെന്നെ വാരിപ്പുതച്ചിരുന്നു..
അപ്പോഴെല്ലാമബോധങ്ങളിലുണ൪ന്ന
അനശ്വരമനുരാഗത്തിന്റെ നേരിയ കുളിരിൽ
ശാന്തമായിവളുറങ്ങിയിരുന്നൂ…..
നീയും ഞാനും ഒരു പുഴയുടെ രണ്ടറ്റങ്ങളായി…
ഒഴുകിയാലുമൊഴുകിയാലു൦ പൊട്ടിയകലാത്ത രണ്ടറ്റങ്ങളായി…
സമാന്തരമായി ചരിച്ചു
അന്യോന്യ൦ ഹൃദയങ്ങൾ കോ൪ക്കുന്നവരായി……
ഓളങ്ങളാകിയ കരങ്ങളാൽ പരസ്പരം
പുണരുന്നവരായി….
നോവിന്റെ കോണിൽ നിന്നും അഗ്നിച്ചിറകുകളുമായി
പറന്നുയരുന്നൊരു കിളി
എന്റെ ആഴങ്ങളിൽ മുങ്ങിയുണരുമ്പോൾ.. ..
അതിന്റെ യാത്ര സായൂജ്യത്തിന്റെ പുതിയ തീരങ്ങളിലേയ്ക്കായി……
ഞാനും നീയും പ്രണയബദ്ധരായി ആലിംഗനം ചെയ്തുടലാൽ
ഒന്നാകുന്ന തീരങ്ങളിലേയ്ക്ക്. . …
അത്രമാത്ര൦ ഞാനാകുമീ പ്രവാഹത്തിന്റ,
അർത്ഥവും വ്യാപ്തിയുമെന്ന് അറിയുന്നിന്ന്.
ഞാൻ അറിയുന്നിന്ന്….

ശ്രീ വൃന്ദ.

By ivayana