രചന : ഗോപി ചെറുകൂർ✍

ജീവിതകാവ്യം എഴുതും കാലം
മിഴിനീർ തുള്ളികളാൽ
നിറയും തോറും അലയും മനസ്സോ
ഒടുവിൽ ശൂന്യമല്ലേ……?

ഇവിടെ പണ്ടുതൊട്ടേ പല ബന്ധങ്ങൾ
തുടരുന്നു വ്യാമോഹങ്ങളുമായ്
ഉദയം കണ്ടുണരുന്ന പ്രതീക്ഷകൾ
വഴിതേടി യാത്രയായി……!

അലയുന്നു ജീവിതമിവിടെ
എന്തിനോ ഏതിനെന്നോ
അണയുന്നു ചിലരതിലിവിടെ
നന്മയോ തിന്മയെന്നോ …..?

ജീവിതമെന്നൊരു നൂൽപ്പാലത്തിൽ
തുടരും സഞ്ചാരികൾ നമ്മൾ
വിധിയുടെ സഞ്ചാരികൾ……!

ആടുന്നു ഇവിടെ വേഷങ്ങൾ പലതും
ആരും കാണാതെ ചിരിച്ചും കരഞ്ഞും
ചിന്തിച്ചിടുവാൻ ചിന്തകൾ പോലും
ചിതൽ കേറി മേഞ്ഞൊരു
ചിതൽ പുറ്റു പോലവെ ……!

കണക്കുകൾ ഇവിടെ അളന്നു കുറിക്കും
സ്വന്തവും ബന്ധവും തമ്മിൽ
ദുഷിച്ചോരോ വാക്കുകൾ
വിഴുപ്പായ് വന്നടിയുന്നു
മനസ്സൊരു അഴിമുഖമായി …….!

കാലം പെയ്തു പെയ്തൊരാ വർഷവും
ഇനിയെന്നു തെളിയും തളിർക്കുമെന്നോ…?

ആഗ്രഹങ്ങൾ ഇവിടെ തുടർക്കഥകൾ
അളവോ അതിനൊരു അറ്റവുമില്ലാതെ
അലയുന്നു ജീവിതമിന്നും
എന്തിനോ ഏതിനെന്നോ …….!!

By ivayana