രചന : അഫ്സൽ ബഷീർ തൃക്കോമല✍
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2012 ജൂലൈ 12 ലെ 66/281 പ്രമേയത്തിലാണ് സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചത് .ഭൂട്ടാൻ അവതരിപ്പിച്ച പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ 2013 മാർച്ച് 20 നു 193 അംഗരാജ്യങ്ങളും അന്താരാഷ്‌ട്ര സന്തോഷ ദിനം ആചരിച്ചാണ് നാന്ദി കുറിച്ചത് .
പൊതുജന ബോധവൽക്കരണ പരിപാടികളും വിദ്യാഭ്യാസ ആരോഗ്യ സാംസ്കാരിക മുന്നേറ്റങ്ങളിലൂടെയും അന്താരാഷ്ട്ര സന്തോഷ ദിനം സമുചിതമായി ആചരിക്കാൻ അംഗരാജ്യങ്ങളോടും , അന്താരാഷ്ട്ര, പ്രാദേശിക കൂട്ടായ്മകളോടും സംഘടനകളോടും, വ്യക്തികളോടും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു .
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു പൗരന്മാരുടെ സന്തോഷത്തിനു വലിയപ്രാധാന്യമുണ്ട് .സന്തോഷമെന്നത് സാര്‍വത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
മഹാവ്യാധിയുടെ പ്രതിസന്ധിയും , ഭൂകമ്പങ്ങളും യുദ്ധങ്ങളും,രാജ്യങ്ങൾക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും
പ്രളയം, കാട്ടുതീ ഉൾപ്പടെ നാടും വീടും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരും പലായനം ചെയ്യാൻ വിധിക്കപെട്ടവരും ഉൾപ്പെടുന്ന വർത്തമാനകാല ലോക ക്രമത്തിൽ
ആത്മാർത്ഥമായി സന്തോഷിക്കാൻ കഴിയുന്നവർ എത്ര പേരുണ്ടെന്നുള്ളത് ചോദ്യചിഹ്നമായി നിൽക്കുന്നു .
വ്യക്തിപരമായി നോക്കിയാൽ രോഗങ്ങൾകൊണ്ട് വലയുന്നവരും സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കടം കൊണ്ട് ബുദ്ധിമുട്ടുന്നവരും പ്രവാസികളായി അലയുന്നവരും വിവിധ പീഡനങ്ങൾക്കു വിധേയരാകുന്നവരും ഉൾപ്പടെ സന്തോഷത്തിനാവശ്യമായതൊന്നും ഇല്ലാത്തവരുടെ എണ്ണം കൂടുന്നു .
സന്തോഷത്തോടെ ജീവിക്കുന്നവർക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ താരതമ്യേന കുറവായിരിക്കുമെന്നും ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു .പക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളും പുതിയ ലോകത്തെ ജീവിത ശൈലികളും
നമ്മുടെ സന്തോഷത്തെ കെടുത്തുന്നു എന്ന് വേണം കരുതാൻ .
പഴയ കാലത്തു ലോകം കീഴടക്കിയ രാജാക്കന്മാർക്കുള്ളതിൽ കൂടുതൽ സൗകര്യങ്ങൾ സാധാരണക്കാർക്ക് പോലും ഇന്നുണ്ടെങ്കിലും ആരും തൃപ്തരല്ല .
മാത്രമല്ല അന്യന്റെ വളർച്ചയിൽ അസൂയയും അവരെ താഴ്ത്തികെട്ടാനും അവഹേളിക്കാനും എന്തെങ്കിലും വഴിയുണ്ടോ എന്ന ചിന്തയും അധികരിക്കുന്നു ഉറക്കമില്ലാതെ സ്വയംചര യന്ത്ര ഫോണിൽ സമയം കൊല്ലുന്നു .ബന്ധങ്ങൾക്ക് വിലയില്ലാതാകുന്നു .ലഹരിയിൽ അഭയം തേടുന്നു .ഇതെല്ലാം സന്തോഷം തല്ലികെടുത്തുന്ന കാര്യങ്ങളാണ് .
മനസ് നന്നാക്കുകയും നാം ആരാണെന്ന ബോധവും തിരിച്ചറിവുകളും മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുകയും അവരവരുടെ മത വിശ്വാസങ്ങളെ ഉയർത്തിപിടിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ തന്നെ സന്തോഷത്തിലേക്കു നാം ഒരു പരിധിവരെ എത്തും .
നമുക്കുള്ള സന്തോഷം നാംതന്നെ കണ്ടെത്തുക . സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായി മാറുക മറ്റുള്ളവരുടെ സന്തോഷത്തിൽ അവരോടൊപ്പം പങ്കുചേരുക .നിങ്ങൾ നിങ്ങളെക്കാൾ താഴേക്കിടയിലുള്ളവരെ നോക്കുക .നമ്മുടെ സന്തോഷങ്ങൾ തിരിച്ചറിയുക .അങ്ങനെ നമുക്കും സന്തോഷിക്കാം…
അന്താരാഷ്‌ട്ര സന്തോഷ ദിനാശംസകൾ ….