രചന : ടി.എം. നവാസ് വളാഞ്ചേരി✍
മംഗല്യചരടിൽ ബന്ധിച്ച മനസുകൾ അടുക്കാതെ അകലുകയാണിന്ന്. മനസ്സ് കൂട്ടിക്കെട്ടാതെ വെറും ചരടിൽ ബന്ധിപ്പിച്ചതു കൊണ്ടാകാം കെട്ടു പൊട്ടിച്ചു പോകുന്നത്.കെട്ടഴിഞ്ഞ് പെരുവഴിയിലായവരും കെട്ടി തൂങ്ങിയവരും ഏറെയുണ്ടിന്ന് . കേൾക്കാൻ ആളില്ലാതെ വരുമ്പോൾ കേൾവിക്കാരനെ തേടി പോകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച.
ശീലങ്ങളൊട്ടേറെ കൂട്ടതുണ്ടത്രെയീ
കൂട്ടത്തിലിന്നും മാഞ്ഞിടാതെ
ആണെന്നു പെണ്ണെന്നു വേർതിരിച്ചെല്ലാർക്കും
വേലികൾ കെട്ടുന്ന കാലമാണെ.
സമത്വമതിന്റെ മഹത്വം വിളിച്ചോതും
കൂട്ടരി ന്നേറെയി നാട്ടിലുണ്ടെ.
സ്വന്തത്തിൻ കാര്യമതൊന്നു വരികിലോ
അസമത്വം മാത്രമാ ചുറ്റിലുമെ.
വെച്ചു വിളമ്പലും കുട്ടിയെ പോറ്റലും
പെണ്ണിന്റെ മാത്രം ജോലിയാത്രെ.
ആണായൊരുത്തന്നടുക്കളേ കേറിയാ
അഭിമാനം പമ്പ കടക്കുമത്രെ.
വെച്ചു വിളമ്പിയ അന്നത്തിനൊട്ടേറെ
കുറ്റം വിളമ്പുന്ന കൂട്ടരുണ്ടെ.
നല്ലോരു വാക്കാലവളെ പുകഴ്ത്തിടാൻ
നാക്ക് വഴങ്ങാത്ത കൂട്ടരത്രെ.
പെണ്ണവൾ യന്ത്രമല്ലെന്നോർക്കു
കൂട്ടരെ വീടിന്റെ മന്ത്രിയാണാ മഹതി.
ഭാര്യയെന്നുള്ളത് ഭാരം വഹിക്കാനായ്
ചാർത്തും പദവിയല്ലോർത്തിടു നീ .
പാതിക്കു താങ്ങായി എല്ലാം പകുത്തിടു
നേർപാതിയായങ്ങു മാറിടു നീ.
ഒട്ടേറെ കുഞ്ഞു പരിഭവ കഥകളാൽ
പ്രാണനാം നിൻ മുന്നിൽ വന്നണഞ്ഞാൽ.
ശല്യമെന്നോതാതെ ചേർത്തുപിടിക്കണം
ക്ഷമയാലെ ശ്രോതാവായി മാറിടേണം.
ആട്ടിയകറ്റുമ്പോളോർക്കണം ചുറ്റിലായ്
ചെന്നായ്ക്കൂട്ടങ്ങളുണ്ടതേറെ
സ്നേഹം പുരട്ടിയ വാക്കുമായി ചുറ്റിലും
കഴുകൻമാർ വട്ടം പറന്നിടുന്നു.
അകലത്തിരിക്കുന്ന അറിയാത്ത കൂട്ടിനെ
എഫ് ബി യിൽ നിത്യവും വാഴ്ത്തിടുന്നോർ .
അരികത്തിരിക്കുന്ന ജീവന്റെ പാതിയെ
ഒന്ന് പുകഴ്ത്തിടാൻ പിന്നിലാത്രെ.
പാതി തൻ വാക്കുകൾ പതിയെ നീ കേട്ടിട്ട്
നേർ പാതിയായങ്ങ് മാറിടുകിൽ .
പ്രണയത്തിൻ മൈലാഞ്ചി ചോപ്പത് മാറാതെ
നിത്യവും വർണ്ണക്കുട നിവർത്തും.
കൂട്ടായി മാറുക കൂട്ടിനെ കൂട്ടുക
കെട്ടു പൊട്ടിക്കാതെ കൂട്ടിനെ കാക്കുക.
വളഞ്ഞുള്ള വാരിയെല്ലാലെ പടച്ചുള്ള പാതി
തൻ വളവത് നീർത്താതിരിക്കുക.
പാതിയെ അറിയുക പാഠങ്ങൾ പകരുക.
നേരിനൊപ്പം നിന്ന് നേർ പാതിയാവുക.