രചന : മനോജ്.കെ.സി.✍
ഈ മണ്ണടരിൻ മൂക നിരാശനിശ്വാസങ്ങൾ
ഒരു ചുടുനിസ്വനരോദനമായ് ചുറ്റും പരക്കേ
സ്തബ്ധമായ് കാലവും സൂര്യനും നിമിഷാന്തരങ്ങൾ തൻ സൂചികയും .
ഒരിത്തിരി നേരം മിനക്കെട്ടിരിന്നൊന്നു കേൾക്കുവാൻ
ആരുമേയില്ലാത്തൊരീ കാലത്തിൻ കോലായിൽ
ഞാനും ഈണം ചിലമ്പിച്ച ഈ രാപ്പക്ഷിയും മാത്രം .
എന്തൊക്കെയോ വെട്ടിപ്പിടിച്ചും അടർത്തിക്കളഞ്ഞും
എന്തും തുലച്ചും സ്വകീശ നിറച്ചിടാനായ്
പായുകയാണ് പാഞ്ഞകന്നെങ്ങോയകലുകയല്ലോ
ആസുരതയിൽ ജീവൻ തുടിയ്ക്കും വെറും മാനുഷക്കോലങ്ങൾ .
സ്വാഭാവിക ഭൗമനിർമ്മിതികൾ സ്ഥാനം തെറ്റിവെക്കുമ്പോൾ
ആടിയുലയുവത് ഭൂമിതൻ ക്രമതാളവിസ്മയ മൂല്യങ്ങളും
അതിലേറെ അമൂല്യങ്ങളാം ആവാസകേന്ദ്രങ്ങളും
എല്ലാം എല്ലാം കുത്തഴിഞ്ഞതുപോൽ ചിതറുകയാണല്ലേയവനി .
പ്രകൃതിയ്ക്ക് ഊടും പാവും നെയ്ത് ശ്യാമളതയിൽ വിരാജിച്ച
അംബരചുംബിത വൻമരങ്ങൾ തൻ വേരാഴങ്ങൾ പുണർന്ന
മണ്ണിലേക്ക് ഹൃദയഭേദകമൊരലർച്ചയാൽ തലതല്ലി വീണ്
ഉറവകൾതൻ ഞരമ്പുകൾ പൊട്ടിയുടയുമ്പോൾ
ദൈവത്തിൻ നാടെന്ന് പുകൾപെറ്റ നാമവും
ഇന്നീ അരുതായ്മകളുടെ പൂപ്പലാൽ കിടുങ്ങി പനിയ്ക്കുന്നു .
ഭൂമിതൻ നിറമാറിടങ്ങൾ മരതകശ്ശീലചുറ്റി വിളങ്ങവേ
ഇന്നിന്റെ കൗരവപ്പടകളാൽ ചേലാക്ഷേപാനന്തരം അഭംഗുരം
യന്ത്രഹസ്തങ്ങളാൽ നുറുക്കിത്തകർത്ത് ഝടുതിയിൽ
വരിയൊത്ത് നിരയൊത്ത് അകമ്പടിക്കാവലാൽ ചീറിപ്പാഞ്ഞകലങ്ങളിൽ
ഭൂനീർ നിധികുംഭങ്ങളിൽ തട്ടി തട്ടിയോരോ രാവുകളിൽ
അവയെയൊന്നന്നായി കൊന്നൊടുക്കീടുമ്പോൾ
ഉറവയുടെ ഉറവിടങ്ങൾ പതിയെ പതിയെ
കാലവിസ്മൃതികളുടെ ചുവരുകളിൽ തൂങ്ങി നിന്നാടുന്നു .
സ്വയമുള്ളറിഞ്ഞഭിമാനിയ്ക്കും സാക്ഷരകുക്ഷികൾ അന്യോന്യം മൊഴിഞ്ഞ
നമ്മളെയിതെന്ത് ബാധിയ്ക്കാനെന്ന നിരാകാരഭാവങ്ങൾ
തന്നാവർത്തനത്തിന്റെ പതിവ് ശീലുകൾ ആറിടും മുന്നേ
ഒരു നാൾ ഒരു നാൾ വന്നു ക്ഷമയറ്റ ഗതിയറ്റ
പ്രകൃതിതൻ വിൺമുട്ടിയൊഴികിടും പാച്ചലായ്
ഇനിയെന്തെങ്കിലുമൊന്നുഴിയുവാൻ ഇടം ഒട്ടുമേ നൽകാതെ
കടന്നുപോം വഴികളെയാകെ മായ്ച്ച് കടലാഴങ്ങളിൽ തള്ളി .
നിഷ്കളങ്കർ അനാഥർ ദുരന്തമുഖങ്ങൾ പതറി ചിലമ്പുമ്പോഴും
ചില മണ്ഡൂകങ്ങൾ തങ്ങളെ ബാധിയ്ക്കാ പ്രശ്നങ്ങൾ പോലെ
ഇത്രമേലായിട്ടും കൈകോർത്ത് അട്ടഹസിച്ചും ഊറിച്ചിരിച്ചും
അറിയാപൈതങ്ങൾ മാതിരി വീണ്ടും പുലമ്പുന്നു
“നമ്മൾ പ്രഥമർ ശ്രേഷ്ഠർ” എന്ന അപദാനവാക്കുകൾ .