രചന : മാധവ് കെ വാസുദേവ്✍
നടു മുറ്റത്തു നിവര്‍ന്നു നില്‍ക്കുന്ന വലിയ പന്തല്‍. നിറയെ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് കസേരകള്‍ നിരത്തി ഇട്ടിരിയ്ക്കുന്നു. ബന്ധുക്കളും, സ്വന്തക്കാരും പിന്നെ നാട്ടുകാരും എല്ലാവരും. ചിലര്‍ കൂട്ടം കൂടി നിന്നു സംസാരിയ്ക്കുന്നു, ചിലര്‍ അക്ഷമയോടെ കാത്തിരിയ്ക്കുന്നു.
കുട്ടികള്‍ ഒന്നും അറിയാതെ ബഹളം കൂട്ടുന്നു. അപ്പോള്‍ അവരെ ശാസിയ്ക്കുന്ന ചിലര്‍. അല്ലെങ്കിലും അവരെ കുറ്റം പറഞ്ഞിട്ടു കഥയില്ല, അവര്‍ക്കറിയില്ലല്ലോ ജീവിതത്തിന്‍റെ നേര്‍ വഴികള്‍ അല്ലെങ്കില്‍ അതിന്‍റെ നിര്‍വ്വചനങ്ങള്‍.
തെക്കോട്ടു നിവര്‍ത്തി വിരിച്ച തൂശനിലയില്‍, തലയ്ക്കല്‍ ഭാഗത്ത് കൊളുത്തി വെച്ച അഞ്ചു തിരിയിട്ട നിലവിളക്ക്. വലതു വശത്തു കീറ്റിലയില്‍ ചന്ദനവും എള്ളും പൂവും പിന്നെ ഒരു കിണ്ടിയില്‍ വെള്ളവും കൂടെ ദര്‍ഭയില്‍ തീര്‍ത്ത ആള്‍ രൂപവും മോതിര വളയങ്ങളും. കണ്ടു നില്‍ക്കും തോറും മനസ്സിന്‍റെ ഭാരം കൂടുന്നു. കണ്ണുകളില്‍ ഒരു മൂടല്‍ അനുഭവപ്പെടുന്നു. ആകെ ഒരു തരം വിറയല്‍ ശരീരത്തിനെ വല്ലാതെ ബാധിയ്ക്കുന്നു.
ശരീരത്തിന്‍റെ ഒരു പാതി അടര്‍ന്നു പോയ പോലെ. മനസ്സ് അകലങ്ങളിലേയ്ക്ക് പറന്നു പോയ പോലെ. ആകെ ഒരു ശൂന്യത. നഷ്ടപ്പെട്ടതിന്‍റെ , വേദനകളെ കൂട്ടായീ തന്നിട്ട്, ഒറ്റയ്ക്ക് നടന്നകന്നതിന്‍റെ ശൂന്യത. ഓര്‍മ്മകള്‍ മാത്രം വേദനകള്‍ മാത്രം ബാക്കി ആക്കി.
“ഹരി വേഗം കുളിച്ചു ഈറനോടുകൂടി വരൂ.” കര്‍മ്മിയായ വേലു ചേട്ടന്‍റെ ശബ്ദം ഉയര്‍ന്നു കേട്ടു. ആ സ്വരത്തിന്‍റെ ഘനത്തില്‍ കുളക്കടവിലേയ്ക്ക് നടന്നു. കറുക വരമ്പിലൂടെ നടക്കുമ്പോള്‍,ഓര്‍ത്തു. ആ കൈയില്‍ തൂങ്ങി എത്ര തവണ ഈ വഴി നടന്നിരിയ്ക്കുന്നു. ഇന്ന് തന്നെ ഒറ്റയ്ക്കാക്കി പോയി മറഞ്ഞു.
വരമ്പിന്‍റെ ഇരുവശവും തല കുമ്പിട്ടു നില്‍ക്കുന്ന മുണ്ടകന്‍ നെല്‍ ചെടികള്‍. പ്രകൃതി ആകെ മൂടി കെട്ടി നില്‍ക്കുന്നു. ഒരു വിഷാദ ഭാവത്തോടെ. പിന്നിട് എത്ര വര്‍ഷങ്ങള്‍ ആ കാല്‍പാടുകളെ നോക്കി നടന്നു. ആ സുരക്ഷയില്‍ ആ സ്നേഹത്തിന്‍റെ കീഴില്‍. ആ ചുമലില്‍ കയറി എത്ര വട്ടം ഈ കുളം നീന്തി കടന്നിരിയ്ക്കുന്നു.
ഇന്നു എല്ലാം ഓര്‍മ്മയാക്കി മാറ്റി തന്നിട്ട് ഒരു തനിച്ചുപോക്ക്. ആരോടും പറയാതെ ഒരു നോട്ടത്തിലൂടെ. എന്തിനു എന്നെ വിട്ടു പോയീ.
മനസ്സില്‍ ഓര്‍മ്മകള്‍ കൂടുകൂട്ടി തുടങ്ങവേ, ചേച്ചിയുടെ മകന്‍ ഓടി വന്നു പറഞ്ഞു.
“മാമ്മാ” കുളിച്ചിട്ടു വേഗം വരാന്‍ കുളിച്ചു ഈറനായീ തൂശനിലയുടെ ഇങ്ങേ
തലയ്ക്കല്‍ തെക്കോട്ട് നോക്കി ഒരു കാല്‍ മടക്കി കുന്തിച്ചിരുന്നു. പിന്നെ ചന്ദനം എടുത്തു നെറ്റിയില്‍ തൊട്ടു. ദര്‍ഭ വളയം ഒരെണ്ണം എടുത്തു മോതിര വിരലില്‍ അണിയുക, കിണ്ടിയിലെ ജലത്തില്‍ മുക്കി, കര്‍മ്മിയുടെ സ്വരം കാതുകളില്‍.
അതുപോലെ ചെയ്തു. അപ്പോള്‍ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു. ഒരുപാടു നാളുകള്‍ കഥ പറഞ്ഞ് കൂട്ടുകാരനെ പോലെ സ്നേഹിച്ച സ്നേഹത്തിന്‍റെ മുഖം. ഒരുപാടു ലാളിച്ച, ശാസിച്ച, തെറ്റുകള്‍ തിരുത്തിയ കരുതലിന്‍റെ മുഖം.
ഓട്ടു ഉരളിയിലെ വെന്ത ബലിച്ചോറില്‍ നിന്നും ഒരു ഉരുള ഉരുട്ടി ഇലയുടെ നടുവില്‍ വെച്ച്. പിന്നെ പുരോഹിത മുഖത്ത് ദൃഷ്ടികള്‍ ഉറപ്പിച്ചു. ആ കണ്ണുകളിലെ വേദന കണ്ടറിഞ്ഞു. എഴുത്തു ശാലയില്‍ നിന്നും തുടങ്ങിയ ആ ബന്ധം. ഇന്നിപ്പോള്‍ ഒറ്റയ്ക്കാക്കി കടന്നു പോയീരിയ്ക്കുന്നു. അവന്‍റെ സ്വര്‍ഗ്ഗ ലബ്ധിക്കു വഴികാട്ടി
ആവാന്‍ തന്നെ കാലം നിയോഗിച്ചു എന്ന ഭാവം ആ മുഖത്തു നിന്നും വായിച്ചെടുത്തു ഞാന്‍ആദ്യം നീരു കൊടുത്തു ആ ദര്‍ഭ രൂഒപത്തില്‍ നിന്നും ഒരണ്ണം എടുത്ത്, ആളുടെ പേരും നാലും രൂപവും മനസ്സില്‍ നിനച്ചു ബലിച്ചോറിന്‍റെ മുകളില്‍ തെക്കോട്ട് തല വരത്തക്ക രീതിയില്‍ വെയ്ക്കുക. പിന്നെ മൂന്നു വട്ടം നീരും എള്ളും പൂവും ചന്ദനവും കൊടുത്ത് പ്രാര്‍ത്ഥിയ്ക്കുക.
കര്‍മ്മിയുടെ വാക്കുകള്‍ അതുപോലെ തന്നെ അനുസരിച്ചു. മനസ്സില്‍ ആ സ്നേഹം കൂടുതല്‍ ഉഷ്മളമായീ വളര്‍ന്നു വരുന്നു. ആ ആത്മാവ് എന്നിലേയ്ക്ക് കുടിയെറിയേതു പോലെ. പിന്നെ നെഞ്ചില്‍ ഇരുന്നു മന്ത്രിച്ചു
“നീ വരുമെന്ന് ഞാന്‍ നിരീച്ചില്ല ഹരി. നിന്നെ കാണാന്‍ ആവുമെന്ന് എനിയ്ക്ക് ഒട്ടും തന്നെ വിശ്വാസം ഇല്ലായിരുന്നു. നിന്‍റെ വരവിനു അതിനു മാത്രം ആവണം ഈശ്വരന്‍ എന്നെ ഇങ്ങനെ കിടത്തിയത്. നിന്‍റെ കൈയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു പോവാന്‍ വേണ്ടി മാത്രം.എന്‍റെ കണ്ണടയും മുന്നേ നീ എത്തിയല്ലോ. മതി ഇതു മാത്രം മതി എനിയ്ക്ക്. സന്തോഷത്തോടെ, സമാധനാത്തോടെ പോവാന്‍”.
”ഹരിയ്ക്ക് എഴുന്നേല്‍ക്കാം. അടുത്ത ആള്‍ ഇരിയ്ക്കു.
എന്‍റെ സ്ഥാനത്തു പെങ്ങള്‍, അവള്‍ക്കു കര്‍മ്മി വിധികള്‍ പറഞ്ഞ് കൊടുക്കുന്നത് കേട്ടു ഞാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ കര്‍മ്മി പറഞ്ഞു.
”ഇവിടെ കാണണം എങ്ങും പോകരുത് ഹരി കേട്ടോ”.
ഉത്തരം പറയാതെ തെക്കേ പറമ്പിലേക്ക് നടന്നു. പച്ച ഓല മെടഞ്ഞ
മതില്‍ കെട്ടിനപ്പുറത്തു ആറടി മണ്ണില്‍ നവ ധാന്യങ്ങള്‍ കിളിര്‍ത്തു വരുന്നു. അത് ഒരു ആള്‍ രൂപം പോലെ വളര്‍ന്നു വരുന്നു. എന്‍റെ അടുത്തേയ്ക്ക്. പിന്നെ തോളില്‍ പിടിച്ചു പറഞ്ഞു.
”ഞാന്‍ വരും ഇനിയും നിന്നെ കാണാന്‍. എന്‍റെ പേരക്കിടാങ്ങളെ കാണാന്‍. നിനയ്ക്ക് ഞാന്‍ കാട്ടി തന്നതും,കേള്‍പ്പിച്ചു തന്നതും പിന്നെ പറഞ്ഞു തന്നതും നിന്നിലൂടെ എനിയ്ക്ക് അവര്‍ക്കും പകര്‍ന്നു കൊടുക്കണം. നിന്‍റെ കണ്ണിലൂടെ അവരെ എനിയ്ക്ക് നോക്കി കാണണം”.
“ഹരി” പിന്നില്‍ നിന്നും കര്‍മ്മിയുടെ വിളി.വരൂ ഈ ഇല എടുത്ത് നെഞ്ചില്‍ ചേര്‍ത്ത് നന്നായി പ്രാര്‍ത്ഥിച്ചു തലയില്‍ വെച്ച് ആ കുളത്തിലേക്ക് നടന്നോള്ളൂ. പിന്നെ അരക്കൊപ്പം വെള്ളത്തില്‍ നിന്ന് അത് പിന്നിലേയ്ക്ക് ഇട്ടു മൂന്നു വട്ടം മുങ്ങി പൊങ്ങുക. തിരിഞ്ഞു നോക്കാതെ കയറി പോന്നോളൂ കുട്ടിയെ”.
അതുപോലെ തന്നെ ചെയ്തു. ഒരിക്കല്‍ കൂടി പേരും നാളും മനസിലോര്‍ത്തു പ്രാര്‍ത്ഥിച്ചു. കരയ്ക്ക് കയറി. ആ ചോറുരുളകള്‍ വെള്ളത്തില്‍ അലിഞ്ഞുഅലിഞ്ഞു താഴുന്നു. ആ മനസ്സിന്‍റെ ആശയും സ്വപ്നങ്ങളും അതുപോലെ അലിയുകയാണല്ലോ. ഈ ചിന്ത മനസ്സില്‍ പടരവേ മാവിന്‍ കൊമ്പിലിരുന്ന ബലി കാക്ക ഉറക്കെ കരഞ്ഞു.