രചന : യഹിയാ മുഹമ്മദ് ✍
നീ ഇറങ്ങിവരാൻ
മടിച്ച രാത്രികളിൽ
ഏകാന്തതയുടെ കരിമ്പടവും പുതച്ച്
ഞാൻ ഇരുട്ടിലേക്ക്
ഇറങ്ങി നടക്കും
രാവു പൂത്ത
ഇടവഴികളിൽ
പകലു പെറ്റിട്ട നക്ഷത്രക്കുഞ്ഞുങ്ങൾ
വഴി തെളിക്കും
മുണ്ട് മുറുക്കിയുടുത്ത്
വിശപ്പിനെ
ശ്വാസം മുട്ടിച്ച പകലുകളിൽ
ഉണക്കാനിട്ട ചക്കക്കുരുവിൽ
മുള പൊട്ടിയ
പച്ചപ്പിൽ – പെങ്ങൾക്ക് വിശപ്പില്ലാത്ത
ഒരു ദ്വീപു കാണിച്ചു കൊടുക്കും
വിണ്ടുകീറിയ
വയൽ വരമ്പിലൂടെ
വള്ളം തുഴഞ്ഞെത്തുന്ന ഒരുപാമ്പ്
കമ്യൂണിസ്റ്റപ്പ അതിരിട്ട ഇടവഴിയിൽ
തൊലി ഉരിഞ്ഞുവച്ച് വീടോളം കയറി വരും
പുഴവരണ്ട
മഷിപ്പാടുകളാൽ
കണ്ണിരുകിനിയുന്ന ക്യാൻവാസിൽ മുടന്തനായ ഒരു കവിത
വികലാംഗ പെൻഷന്
ക്യൂ നിൽക്കുന്നുണ്ട്
ഭ്രാന്ത് മൂക്കുമ്പോൾ
തള്ള പടിയിറങ്ങിപ്പോവുന്ന രാത്രികളിൽ
മുറുക്കി ഉടുത്ത
മടിക്കുത്ത്
എവിടെ നിന്നാണ് അഴിഞ്ഞു വീഴുന്നത്?
തിരിച്ചു വരുമ്പോൾ
കോന്തലയിൽ
അഞ്ചാറു വരിക്കച്ചക്ക ചുളകൾ കരുതി വയ്ക്കാറുണ്ട്.