രചന : ജോയ്സി റാണി റോസ് ✍
ആറ്റിക്കുറുക്കി കുറയ്ക്കും തോറും
കവിഞ്ഞൊഴുകുന്നവൾ അവൾ കവിത
അടുക്കിപെറുക്കിയൊതുക്കി വെച്ചാലും
നിരത്തി വെച്ചാലും അർത്ഥം മാറാത്തവൾ
മാന്ത്രികത വശമുള്ളവൾ
ഭാവനയ്ക്ക് ഇരിപ്പിടമാകുന്നവൾ
തെളിഞ്ഞും ഒളിഞ്ഞും
അർത്ഥം ചമയ്ക്കുന്നവൾ
ഒറ്റ വാക്കിൽ ഒരുപാട് പറയുന്നവൾ
പറയാൻ മറന്ന വാക്കുകൾ പേറുന്നവൾ
ഉറക്കെ പറയാൻ പിറന്നവൾ
ആത്മാവും ജീവനും പേറുന്നവൾ
ചിന്തയിൽ ആഴപ്പെടും തോറും
അർത്ഥം മാറുന്നവൾ
ആവേശത്തോടെ ആദർശം
ഏറ്റുപറയുന്നവൾ
വിചാരമെല്ലാം വികാരമാക്കി
പകർത്തുന്നവൾ
ആശയങ്ങളിലെല്ലാം അനുഭൂതി
നിറയ്ക്കുന്നവൾ
അനുഭവങ്ങളുടെ തുടിപ്പുള്ളവൾ
വാക്കുകൾക്ക് ചിറകുള്ളവൾ
പ്രകൃതിയോട് സംവദിക്കുന്നവൾ
സർവ്വചരാചരങ്ങളേയും
ആത്മാവിൽ ആവാഹിക്കുന്നവൾ
പ്രണയത്തിന് വാക്കുകളാൽ
കാവലാവുന്നവൾ
കാലങ്ങളോളം കാത്തിരിപ്പിനു
ഉറപ്പേകുവാൻ കൂട്ടിരിക്കുന്നവൾ
വിപ്ലവത്തിന്റെ ചൂടും ചൂരും നിറച്ചൊരുവൾ
മുദ്രാവാക്യങ്ങൾ ഒളിപ്പിക്കുന്നവൾ
അന്യർക്കായി പൊരുതാൻ
പ്രേരിപ്പിക്കുന്നവൾ
ജനിമൃതികളും അവയ്ക്കിടയിലെ
നിസാരമാം ജീവിതവും പേർത്തും പേർത്തും
ഓർമിപ്പിക്കുന്നവൾ
ചിരിക്കാനും കരയാനും
ചിന്തിക്കാനും പ്രേരിപ്പിക്കുന്നവൾ
ഉൾക്കാഴ്ച്ച ചൊരിയുന്നവൾ
ഋതുഭേദങ്ങൾക്കു വിരുന്നൊരുക്കുന്നവൾ
സ്വപ്നം കാണാനും പ്രതീക്ഷയോടെ
ജീവിക്കാനും പഠിപ്പിക്കുന്നവൾ
ഇന്നലെകളിലേക്കു തിരിഞ്ഞു നോക്കാൻ
മാടിവിളിക്കുന്നവൾ
ഇന്നുകളിൽ മാറ്റങ്ങൾക്കായി പൊരുതാൻ
പ്രേരിപ്പിക്കുന്നവൾ
എത്ര പറഞ്ഞാലും തീരാത്ത വിശേഷമവൾ
പാഴ്ജന്മമല്ലാത്തവൾ അവൾ കവിത