രചന : ചാക്കോ ഡി അന്തിക്കാട്✍

ഇരട്ടപെറ്റ
രണ്ടു കവിതകൾക്കു
വിശന്നപ്പോൾ…
‘സമരം’
എന്നു പേരുള്ള കവിത
നടന്നു തളർന്നു
ചേരിയിലെത്തി.
കഞ്ഞിച്ചട്ടിയിൽ
ബാക്കിയുള്ള
വറ്റ് വിഴുങ്ങി.
അന്നം വിളയിക്കുന്ന
കർഷകരെക്കുറിച്ച്
കവിതകൾ ആലപിച്ചു
തളർന്നു വീണു.
പിന്നീട്
കഞ്ഞിപ്പാത്രത്തിന്റെ
നനവിൽ
തെളിഞ്ഞതെല്ലാം
വിപ്ലവക്കവിതകൾ.
അപ്പോഴും
മേൽക്കൂരയുടെ
ഓട്ടകളിലൂടെ
ആകാശത്തു
പാറിപ്പറക്കുന്ന
പട്ടങ്ങൾ കാണാൻ
മാത്രം ശേഷി,
തളരാത്ത
കണ്ണുകൾക്കുണ്ടായിരുന്നു!
‘സഹനം’
എന്നു പേരുള്ള
രണ്ടാമത്തെ കവിത
ഫൈവ്സ്റ്റാർ
ഹോട്ടലിലെത്തി.
ത്രീകോഴ്‌സ് ഡിന്നർ
കഴിക്കുന്നവന്റെ
കത്തിയിലും
ഫോർക്കിലും
അഭയം തേടി.
ലോകത്തിലെ
പരവതാനികളെക്കുറിച്ചുള്ള
നീണ്ടകാവ്യമാലപിക്കാൻ
ശ്രമിച്ചു.
മദ്യലഹരിയിൽ
കുഴഞ്ഞു വീണു.
സ്റ്റോക്ക്മാർക്കറ്റിന്റെ
ഇടിവിൽ
മനം തകർന്നപ്പോൾ
ഡിന്നർ
ഉപേക്ഷിച്ച മുതലാളി,
വെള്ളിപ്പാത്രം
എറിഞ്ഞുടച്ചു.
ഹൃദയസ്തംഭനംമൂലം
മരണമടഞ്ഞു!
വെള്ളിപ്പാത്രത്തിൽ
ബാക്കിയായ
വർണ്ണന
ക്കവിതാബിംബങ്ങൾ
ഇപ്പോൾ
എച്ചിൽക്കൂനയിൽ
കൊടിച്ചിപ്പട്ടികളെ
കാത്തുകിടക്കുന്നു!
അപ്പോഴും
കടൽക്കരയിലും,
തെരുവിലും,
പട്ടം പറപ്പിക്കുന്ന
കുട്ടികൾ
ആലപിക്കുന്നത് കേൾക്കാം :
“വേണം…
ലോകം കരയുമ്പോൾ
കരയുന്ന കവിതകൾ!…
ലോകം ചിരിക്കുമ്പോൾ
ചിരിക്കുന്ന കവിതകൾ!
ലോകം
വിശക്കുമ്പോൾ,
ചിരിക്കാത്ത
ലോകത്തിനെ
ചിരിപ്പിക്കാനെന്തു ചെയ്യണം?-
എന്നു
സംഘംചേർന്നു
ചർച്ച ചെയ്യും
കവിതകളായി
മാറണം
ലോകയുവത്വം!
അവർക്കു വിശക്കുമ്പോൾ
അവർ തിരിച്ചറിയണം
ലോകത്തിനും വിശപ്പുണ്ട്!
അപ്പോ,ളപ്പം
മോഷ്ടിക്കുന്ന
ആദിവാസിയെ
തല്ലിക്കൊല്ലുകയല്ല,
അപ്പക്കടകളിലുള്ളത് തുല്ല്യം
പങ്കുവെക്കുകയാണ് വേണ്ടത്!
അതിന്
കവിതകൾ
മുഷ്ടികൾ ചുരുട്ടി
തെരുവിലിറങ്ങണം!”…
പിന്നീട്
വിശന്ന കവിതകളെല്ലാം
പട്ടം പറപ്പിക്കുന്നവരുടെ
കൂടെ കൂടി…
പട്ടത്തിലെ
വിഭവങ്ങളുടെ
ചിത്രങ്ങൾ നോക്കി,
മേഘങ്ങളിൽ
വിളകൾ നിറയുന്നത്
സ്വപ്‍നം കാണാൻ പഠിച്ചു!
കുടിലിൽ
തളർന്നു വീണ
കവിതയും
മുഷ്ടികൾ,
മേൽക്കൂരയിലൂടെ
പുറത്തേയ്ക്കു
നീട്ടിയലറി :
“മാറണമീ
ദുഷിച്ച ലോകം!
ശേഷിയുള്ള കാലം,
ആഗോള
മാറ്റത്തിനായ്
പോരാടീടേണം!”
💖✍️💖
👀

By ivayana