രചന : നളിനകുമാരി വിശ്വനാഥ് ✍
അഞ്ച് വർഷം മുമ്പ് ഈ ദിവസം…
പതിവില്ലാതെ അദ്ദേഹം ചന്ദ്രിയെ വിളിച്ചു പറഞ്ഞു.
” ഇന്ന് ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കേണ്ട. ഞങ്ങളൊരുമിച്ചു പുറത്തു പോകുകയാണ് “
ഞാൻ അത്ഭുതപ്പെട്ടു. ജോലിസ്ഥലത്തു കഴിഞ്ഞിരുന്ന സന്തോഷം നിറഞ്ഞ കാലത്ത് മാർച്ച് 12 എന്ന ദിവസം കൂടെയുണ്ടായിരുന്ന മക്കളുമൊത്ത് പുറത്തുപോകുന്നതും ഭക്ഷണം കഴിക്കുന്നതും ഒരുമിച്ചൊരു ഫോട്ടോ എടുക്കുന്നതും മുടക്കമില്ലാത്തൊരു പതിവായിരുന്നു. മക്കൾ പഠിക്കാനും ജോലിക്കുമായി വീടും നാടും വിട്ടശേഷം ആ പതിവങ്ങു നിന്നുപോയിരുന്നു. പിന്നെ ഇന്നെന്തേ ഒരു പ്രത്യേകത..
പക്ഷേ ഞാനങ്ങനെ ചോദിച്ചില്ല.
അദ്ദേഹം കഴുകിത്തുടച്ചു പുത്തൻപോലെ തിളങ്ങുന്ന കാറിറക്കുമ്പോളേക്കും ഞാനും ഒരുങ്ങിയിറങ്ങി.
“നിവർന്നു അന്തസ്സായി ഇരിക്കെടീ. “
നടുവേദനയുള്ളതുകൊണ്ട് എപ്പോളും ചുരുണ്ടു മടങ്ങിയിരിക്കുന്ന എന്നെ നോക്കി പതിവായുള്ള ആ കമന്റ് വന്നു. ഞാൻ ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരിയിരുന്നു.
പ്രിയപ്പെട്ട പഴയ സിനിമാഗാനങ്ങൾ കേട്ടുകൊണ്ട് ഞങ്ങൾ നഗരത്തിലെത്തി. മിട്ടായിത്തെരുവിൽ കുറേനേരം അലഞ്ഞു നടന്നു. ഒരു കടയിൽ കയറി ചെറിയ ക്ലിപ്പ് വാങ്ങുമ്പോൾ കൊഴിഞ്ഞു തുടങ്ങിയ എന്റെ തലമുടി നോക്കിയിട്ട് ഇനി നിനക്ക് നല്ലൊരു തിരുപ്പൻ വാങ്ങിക്കോ എന്ന് കളിയാക്കി. ഞാൻ പറയാതെ തന്നെ 500 രൂപ കൊടുത്തു മികച്ചൊരു ക്ലിപ്പ് വാങ്ങിത്തന്നു.
ഞങ്ങളുടെ കല്യാണസാരി വാങ്ങിയ കട എവിടെപ്പോയെന്നന്വേഷിച്ചു കുറേനേരം ചുറ്റിനടന്നു.
നാല്പത് വസന്തങ്ങളും ശിശിരങ്ങളും കഴിഞ്ഞുപോയിരുന്നല്ലോ. കുറെയേറെ മാറ്റങ്ങൾ കോഴിക്കോട്ടിനു വന്നുചേർന്നിരിക്കുന്നു.
പുതിയ പലതും മുളച്ചു പുഷ്പിച്ചു നിൽക്കുന്നു. പലതും ഇലകൊഴിച്ചു നിൽക്കുന്നു, പ്രായമായിക്കൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലെ….
ചിലവ വിസ്‌മൃതിയിലാണ്ടു പോയിരിക്കുന്നു..
” നിനക്ക് പുതിയ ചെരിപ്പോ നടക്കാൻ പോകുമ്പോൾ ഇടാൻ ഷൂസോ എന്താ വേണ്ടതെന്നു വച്ചാൽ നോക്കിയെടുത്തോളൂ. എനിക്ക് കുറച്ചു ജോലിയുണ്ട് .നമ്മുടെ ജോൺസന്റെ പുതിയ വീട് പണി തീരുമ്പോളേക്കും അവർക്ക് സമ്മാനം കൊടുക്കാൻ കുറേ ചിത്രങ്ങൾ തീർക്കാനുണ്ട് ക്യാൻവാസ്, ബ്രഷ്, പെയിന്റ് ഒക്കെ വാങ്ങണം.”
എന്നെ ഒരു ചെരിപ്പുകടയിൽ ഇരുത്തിയിട്ട് അദ്ദേഹം രണ്ടാം റെയിൽവേ ഗേറ്റിനടുത്തേക്കുള്ള റോഡിൽക്കൂടെ നടന്നുപോയി.
ഞാൻ ചെരിപ്പും ഷൂസും എടുത്തുകഴിയുമ്പോഴേക്കും അദ്ദേഹം തിരിച്ചു വന്നു.
” എവിടെ ക്യാൻവാസൊക്കെ “
“വാങ്ങി കാറിൽ കൊണ്ടുവച്ചു “
അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.
” എത്ര നാളായി ഒരു സിനിമ കണ്ടിട്ട്.നമുക്ക് ഭക്ഷണം കഴിഞ്ഞിട്ട് ഒരു സിനിമ കാണാം രാധയിൽ “ക്യാപ്റ്റൻ” കളിക്കുന്നുണ്ട് ജയസൂര്യ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് കേട്ടു “
ഈയിടെയായി ഒരു സിനിമ കാണാൻ പോകാം എന്ന് പറഞ്ഞാൽ,
“അത്ര നേരം അവിടെ ചടഞ്ഞുകൂടിയിരിക്കണ്ടേ..ആ നേരത്തിനു രണ്ടു ചെടികൾ നടാം. അല്ലെങ്കിൽ ഒരു ചിത്രം വരയ്ക്കാം. സിനിമയ്ക്ക് ഞാനില്ല” എന്ന് പറയുന്ന ആളെ
ഇതെന്തു പറ്റിയെന്ന ഭാവത്തിൽ ഞാൻ സൂക്ഷിച്ചുനോക്കി.
ഞങ്ങൾ നല്ല സദ്യ കിട്ടുന്ന ആര്യഭവനിൽ കയറി. ഭക്ഷണംകഴിച്ചു..
പിന്നെ സിനിമ കണ്ടു.
“നമ്മൾ കല്യാണം കഴിഞ്ഞ ആ മാസത്തിൽ ഫോട്ടോ എടുക്കാൻ കയറിയ നേഷണൽ സ്റ്റുഡിയോവിൽ ഒന്ന് പോയാലോ “
“പോകാം ” ഞാനും ഹാപ്പിയായി വർഷങ്ങൾക്കുശേഷം ഒരുമിച്ചൊരു ഫോട്ടോ എടുക്കാമല്ലോ.
കോഴിക്കോട്ടെ ഏറ്റവും ഗംഭീരമായിരുന്ന ആ സ്റ്റുഡിയോവിന്റെ അവസ്ഥയും പരിതാപകരമായിരുന്നു. പഴയ ഉടുത്തുകെട്ടൊക്കെ ഒടിഞ്ഞുതൂങ്ങിയപോലെയിരുന്നു. പുതിയവയോട് പിടിച്ചു നിൽക്കാൻ അവരും പ്രയത്നിക്കുന്നുണ്ടായിരുന്നു, ഉള്ള സൗകര്യത്തിൽ മതി. പക്ഷേ അവിടന്നുതന്നെ ഫോട്ടോയെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.
അങ്ങനെ ഒരു ഫോട്ടോയെടുത്തു.
കോഴിക്കോട് നഗരത്തിൽനിന്നൊരു ഈവെനിംഗ് ടീയും അദ്ദേഹത്തിന് എപ്പോളും പ്രിയപ്പെട്ട നെയ്യ്റോസ്റ്റും കഴിച്ചു ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു .
അടുത്ത ദിവസങ്ങളിൽ മരുമകൾ പ്രസവത്തിനു വീട്ടിലെത്തിയ ആഹ്ലാദത്തിലും തിരക്കിലുംപെട്ടു . മുഴുവൻ സമയവും കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു പിന്നീട് വീടും വീട്ടുകാരും .
നാലു മാസത്തിനുശേഷം മകന്റെ കുഞ്ഞിനെ കൈയിലെടുത്തു പാട്ടുപാടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഇനിയൊരിക്കലും തിരിച്ചു വരാത്തൊരു യാത്ര പോയി.
ക്യാൻവാസും പെയിന്റും ബ്രഷുമടങ്ങിയ വലിയൊരു ബോക്സ്
ചുംബനമറിയാത്ത നവവധുവിനെപ്പോലെ ഇപ്പോളും ഉടമസ്ഥനെയും കാത്ത് മുകളിലത്തെ നിലയിലെ ആ മുറിയിലിരിപ്പുണ്ട്.
നാട്ടിൽ തിരിച്ചെത്തിയപ്പോളാണ് ഒരു സത്യമറിയുന്നത്. ഇപ്പോൾ ഞാൻ അശരണയാണ്. പണ്ട് എന്തുവന്നാലും പിടിച്ചുനിന്നിരുന്ന എന്റെ മനഃശക്തി നഷ്ടമായിരിക്കുന്നു . ആരും അടുത്തില്ലയെന്ന വേവലാതി എന്നെയെപ്പോളും ചൂഴ്ന്നു നിൽക്കുന്നു.
ഞാനിവിടെ അന്തം വിട്ടിരിക്കുകയാണ് ഒരു ചെറിയ മുള്ളുകൊണ്ടാലും പൊട്ടിക്കരഞ്ഞുപോകുന്നൊരു കുട്ടിയെപ്പോലെ..