രചന : ശ്രീകുമാർ എം പി✍
ശ്രീ വേളോർവട്ടത്തമരും
ശങ്കരാ ശിവ ശംഭുവെ
സങ്കടങ്ങളകലുവാൻ
സന്തതം കൃപയേകണെ
ചന്ദ്രചൂഡ ചന്ദഹാസ
ചാരു കൈലാസവാസനെ
ചഞ്ചലമാം ജീവിതത്തിൽ
ചന്ദനശോഭയേകണെ
പ്രൗഢിയോടെ വാമഭാഗെ
ദേവിശക്തി വിളങ്ങിടും
ദേവദേവ രൂപമുള്ളിൽ
കാന്തിയോടെ തെളിയണം
നന്ദികേശവാഹനനെ
നാഗരാജ ഭൂഷണനെ
നാൾവഴികളിൽ നൻമകൾ
നീളെ നീളെ പതിക്കണം
മുല്ലപ്പൂങ്കാടു കണക്കെ
കുതിച്ചിളകി വന്നിടും
പുണ്യഗംഗാ പ്രവാഹവും
തിരുജടയിൽ കാണണം
കാളകൂടം തങ്ങിനിന്നു
ലോകരക്ഷ പകർന്നയാ
കണ്ഠകാന്തി നീലകണ്ഠ
അന്തരംഗേ വിളങ്ങണം
ഇമ്പമോടെ നാവിൽ നിന്നും
ദേവനാമ മുതിരണം
ഇന്നു ദേവഹാരത്തിലെ
കൂവ്വളദളമാകണം
( പ്രസിദ്ധമായ വേളോർവട്ടം മഹാദേവക്ഷേത്രം, ചേർത്തലയിൽ റെയിവെ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്നു)