രചന : എൻ. കെ അജിത് ആനാരി✍

ഹൃദയംകൊണ്ടെഴുതട്ടെ കവിത
എന്റെ ഹൃദയത്തെയോർത്തുള്ള കവിത
ഒരുമുള്ളുകുത്തുന്ന നോവൻറെയുള്ളിലായ്
പകരുന്ന സുഖമുള്ള കവിത !
അതിഹൃദ്യമായൊരു കവിത …

പൊഴിയുന്ന പൂക്കളിൽ കവിതയുണ്ട്
പാറുന്ന തുമ്പിയാ കവിതമൂളും
മഴപെയ്യുമ്പോലെയെൻ തൊടിയിലെങ്ങും
ചിരകാലമായിട്ടാ കവിതയുണ്ട് !

തൊടിയിൽ നിലാവെട്ടമിളകിയാടും
കിണറിൻറെയാരികത്താ കവിതയുണ്ട്
ഇനിയും മറയ്ക്കാതെ മണ്ണ് നല്കും
ഒരു വളപ്പൊട്ടിലാ കവിതയുണ്ട് !

ഒരുമഷിത്തണ്ടിലെയിലകളിലെ
പതിവായയെണ്ണത്തിളക്കത്തിലായ്
ഒരുബാല്യ കാലത്തിൻ സ്ളേറ്റുപൊട്ടിൻ
കഥയുണ്ട് കിനിയുവാൻ കവിതയായി !

ഒരുവാഴക്കൂമ്പിന്റെയിതളിനുള്ളി-,
ലുറയുന്ന തേനിലെൻ കവിതയുണ്ട്
അതുമൊത്തിയുണ്ണുന്ന സൂചിമുഖി ,
അവൾപാടും പാട്ടിലെൻ കവിതയുണ്ട് !

ഒരു ഞാറ്റുപാട്ടിൻ്റെയീണവുമാ-
യൊഴുകും കുളിർകാറ്റിൽ കേൾക്കുന്നു ഞാൻ
പ്രകൃതിയിലിഴചേർന്ന ജീവിതങ്ങൾ
ചൊല്ലിപ്പകർന്നതാം കവിതയെന്നും

അഴലെന്നെ മൂടുന്നയേകാന്തമാം
നിമിഷങ്ങളൊക്കെയും ചൊല്ലുവാനായ്
കവിതേ, നീയൊഴിയാതെ നില്ക്കുന്നോരെൻ
മണ്ണുണ്ട് കുളിരേകാനെന്നുമെന്നും !

എൻ. കെ അജിത് ആനാരി

By ivayana