രചന : ജിസ്നി ശബാബ്✍
നട്ടെല്ല് വളയില്ല,
ബൂട്ടുകൊണ്ട് നടുവൊടിക്കാം
ചൂണ്ടുവിരൽ മടങ്ങില്ല,
അടിച്ചൊടിക്കാം
മുദ്രാവാക്യ വിളികൾ നിലക്കില്ല,
നാവുകള്‍ പിഴുതെടുക്കാം.
സ്വാതന്ത്ര്യം..
പുരപ്പുറത്ത് കയറി കൊടിനാട്ടണം
എന്തിനെന്ന് ചോദിക്കരുത്
രാജ്യസ്നേഹികളാണ്.
ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണം
എങ്ങോട്ടെന്ന് ചോദിക്കരുത്
ഉത്തമപൗരന്മാരാണ്.
പ്രഖ്യാപനങ്ങളത്രയും കണ്ണുമടച്ച് വിശ്വസിക്കണം
എവിടെയെന്ന് ചോദിക്കരുത്
വിശ്വസ്ത പ്രജകളാകണ്.
ചോദ്യങ്ങൾ ചോദിക്കരുത്
ചൂണ്ടുവിരലുയർത്തരുത്
മുഷ്ടിചുരുട്ടരുത്
ശബ്ദമുയരരുത്
തച്ചാലും കൊന്നാലും കാണാത്തൊരു കണ്ണും
നിലവിളിച്ചാലും അട്ടഹസിച്ചാലും
കേൾക്കാത്തൊരു കാതും
ഒച്ചപൊങ്ങാത്തൊരു നാവും
ജന്മഭൂമി അമ്മയെന്ന ചിന്തയുണരാത്തൊരു ഹൃദയവും വേണം.
അല്ലെ ഞങ്ങളിനിയും,
ദേശീയഗാനം ഈണത്തിലുച്ചത്തിൽ ചൊല്ലും
എന്നാണ് സ്തുതിഗീതം പകരംവെക്കപ്പെടുകയെന്നറിയില്ലല്ലോ!
ഭരണഘടനയെക്കുറിച്ച് വേദികള്‍ വാചാലമാക്കും
അങ്ങിനെയൊന്ന് ഈ നാട്ടിലുണ്ടെന്ന്
ആരും മറന്നുപോകരുതല്ലോ!
നാടിന്റെ ചരിത്രവും
ധീരന്‍മാരുടെ പോരാട്ട ഗാഥകളും
കുരുന്നുകളിലേക്കു നേരോടെ പകരും
ഇനിയൊരവസരം കിട്ടണമെന്നില്ലല്ലോ!
നട്ടെല്ല് വളയില്ല,
ബൂട്ടുകൊണ്ട് നടുവൊടിക്കാം
ചൂണ്ടുവിരൽ മടങ്ങില്ല,
അടിച്ചൊടിക്കാം
മുദ്രാവാക്യ വിളികൾ നിലക്കില്ല,
നാവുകള്‍ പിഴുതെടുക്കാം.
എന്റെയും നിന്റെയുമല്ല
ഞങ്ങളുടെയും നിങ്ങളുടെയുമല്ല
“നമ്മുടെ നാട്”