രചന : വാസുദേവൻ. കെ. വി ✍
“കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം”
(കവി കുഞ്ഞുണ്ണിമാഷുടെ ദർശനം )
പ്ലേജറിസം ചെക്കർ, റിവേഴ്‌സ് ഇമേജ് സെർച്ച്, ഫാക്ട് ഫൈൻഡർ… നുണയും അടിച്ചുമാറ്റലും പെരുകുന്ന കാലത്ത് ആശങ്ക ചെറുതല്ല. എഴുതുമ്പോൾ ഇന്ന് സ്‌മോദിൻ ക്വിൽബോട്ട് പാരാ ഫ്രെസർ തുടങ്ങിയ നിർമ്മിത ബുദ്ധി ഉപാധികൾ ഉപയോഗിക്കുന്നവരുടെ കാലമിത്. തന്റെ വരികൾക്ക് മറ്റാരുടെയെങ്കിലും എഴുത്തുമായി സദൃശ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള അവസരം കൂടിയാണത്.
പ്രഭാഷണകലയിൽ മികവ് പുലർത്തുന്ന അധ്യാപകൻ സുനിൽ പി ഇളയിടം അത് ഉപയോഗിക്കാതെ പോയി എന്നതാണ് കോപ്പിയടി ആരോപണം നേരിടാൻ ഇടയാക്കിയത്.
പാച്ച് റൈറ്റിങ് വിഭാഗത്തിൽപ്പെട്ട മൊസൈക് കോപ്പിയടി കണ്ടെത്തിയത് സഹാധ്യാപകൻ തന്നെയാണ്. സമാന ചെയ്ത്കളാൽ വർഗ്ഗബോധം കൊണ്ട് അസ്വസ്ഥരായ ചിലർ അതിന് വെള്ളപൂശാൻ ശ്രമിച്ചതും പ്രബുദ്ധ കേരളം കണ്ടു. മഹാകവി ജി യുടെ “സാഗരഗർജ്ജനം” എന്ന കവിത ചിതരഞ്ജൻ ദാസിന്റെ “സാഗർ സംഗീത്” എന്ന രചനയുടെ കോപ്പിയടിയാണെന്ന് ആരോപിച്ചത് അഴിക്കോട് മാഷ്. മഹാകവി കുമാരനാശാന്റെ വീണപൂവ് അയ്യപ്പൻപിള്ളയുടെ ചരമസൂനത്തിന്റെ പകർത്തിയടി യെന്ന് തെളിവുകളും, ഷേക്സ്പീയരുടെ സോണട്ടിന്റെ തർജ്ജ്മ തന്നെ വൈലോപ്പിള്ളിയുടെ കാണിക്കൊയ്തെന്നും കണ്ടുപിടിക്കപ്പെട്ടു.
നവമാധ്യമ പൂക്കാലം പുലരും മുമ്പേ കോപ്പിയടി വിഷയം ചർച്ച ചെയ്യപ്പെട്ട ചരിത്രം നമുക്ക് മുമ്പിൽ.
രസകരമായ വസ്തുത കോപ്പിയടി വീരരുടെ വ്യക്തിപ്രഭാവത്തിന് മാറ്റു കുറഞ്ഞില്ല എന്നത്. മലയാളിയുടെ വിശാല മനസ്കത.
വാഴക്കുല വിവാദം അന്വേഷണത്തിലേക്ക് നീങ്ങുന്നു എന്ന വാർത്ത കണ്ട് ഞെട്ടി ആശങ്ക കൊള്ളുന്ന നമ്മുടെ എത്രയെത്ര ഡാക്കിട്ടർ പട്ടക്കാർ.
നവമാധ്യമ വസന്തനാളുകളിൽ
‘കണ്ണാടി ‘എന്ന് തലക്കെട്ടായാൽ സക്കറിയയും, ‘മയ്യഴി’ എന്നു കുറിച്ചാൽ മുകുന്ദനും, ‘ഹിഗ്വിറ്റ’ എന്നു വിളിച്ചാൽ എൻ എസ് മാധവനുമൊക്കെ തെളിഞ്ഞു വരുന്നു. ചില അവകാശവാദങ്ങളും.
“എന്റെ സൃഷ്ടി കോപ്പിയടിച്ചേ..”എന്ന ചപലരോദനം തെളിവുനിരത്തി ഉയരുന്ന നിത്യക്കാഴ്ച്ചകൾ നവമാധ്യമ ഇടങ്ങളിൽ . സ്ക്രീൻ ഷോട്ടുകൾ നിരത്തിയുള്ള രോദനപോസ്റ്റുകളിൽ, കൊടിയ കുറ്റത്തിന് തലവെട്ട് ശിക്ഷ പ്രഖ്യാപിച്ച് കമന്റുകൾ.
മിത്തുകളിൽ കാണാത്ത പ്രമേയങ്ങൾ ഉണ്ടോ ഏതെങ്കിലും ഉത്തമ സൃഷ്ടികളിൽ !!. അതിൽ ഇല്ലാത്ത വാക്കുകളും വരികളും പിൽക്കാല രചനകളിൽ വിരളം .ഓരോ സൃഷ്ടികളും പിറക്കുന്നത് മറ്റൊരു കാഴ്ചയിൽ നിന്ന് ,അനുഭവങ്ങളിൽ നിന്ന്. മറ്റു വായനകൾ എഴുത്തിനു ഉപാധിയും. വാക്കുകൾ, വരികൾ എന്നിവ കടമെടുത്തുകൊണ്ട്. നമ്മുടെ അനുഭവം മറ്റുള്ളവർക്ക് ആശയമാവുന്നതും സ്വാഭാവികം.
പാരാ ഫ്രേസിങ് രൂപം നമ്മുടെ സൃഷ്ടികൾക്കും. മൗലികത അളക്കാൻ സ്വയം തുനിഞ്ഞാൽ തിരിച്ചറിയാനാവുന്നു അത്. ലാഘവത്തോടെ വള്ളിപുള്ളി വിടാതെ പകർത്തുന്നവർ അപഹാസ്യത തിരിച്ചറിയാൻ ഏറെ വൈകില്ല.
ഒന്നിൽനിന്നു തന്നെ മറ്റൊന്നിന്റെ പിറവി. ചിലതിന് പൂർണ്ണപൂർവ്വകൃതി ലക്ഷണം.
ഡോക്ടർ പട്ടം നേടിക്കൊടുത്ത പ്രബന്ധങ്ങൾ അബദ്ധപഞ്ചാoഗങ്ങൾ അതേപടി ആവർത്തിച്ച്.. ചിന്തയടി ദീപയടി എന്ന വാക്കുകൾ കൊണ്ട് സമ്പൂർണ സത്യസന്ധരായ നമ്മൾ അതിനെ വ്യഥാ അപലപിക്കുന്നു.
ഇത് നിർമ്മിതബുദ്ധിയുടെ നാളുകൾ.
നിത്യ ജീവിതത്തിലും സത്യസന്ധത അളക്കാനുള്ള സാങ്കേതിക ഉപാധികൾ ആപ്പ് രൂപത്തിൽ പുറത്തിറക്കാൻ ഗവേഷണം. അത് പുറത്തിറങ്ങും നാളുകളിൽ തെളിയിക്കപ്പെടും നമ്മുടെ സത്യസന്ധതയുടെ മാറ്റ്.
സത്യസന്ധതയും മൗലികമൂല്യങ്ങളും ഏതളവിൽ വരെ എന്നതിന്
പാടിപ്പതിഞ്ഞ ഒരു സരസകഥ ഓർക്കാം.
അച്ഛൻ വൈകീട്ട് വന്നപ്പോൾ കൊണ്ടു വന്നത് നുണപരിശോധനാ ഉപകരണം.
നുണ കേട്ടാൽ കൈകൾ വീശിയടിക്കാൻ ശേഷിയുള്ള ഒരു റോബോട്ട്. മകനിൽ ആദ്യ പരീക്ഷണം. അച്ഛൻ ചോദിച്ചു. ” മകനേ നീ ഇന്ന് എവിടെയായിയിരുന്നു? “
“സ്കൂളിൽ “എന്ന ഉത്തരത്തിനു അടി വാങ്ങി മകൻ.
ചോദ്യം ആവർത്തിച്ചപ്പോൾ ചൂടൻ പടം കാണാൻ പോയ സത്യം തുറന്നു പറഞ്ഞ് തലയൂരി ന്യൂ ജനറേഷൻ ബുദ്ധി.
“നിന്റെ പ്രായത്തിൽ അച്ഛൻ ബ്ലൂ ഫിലിമുകളൊന്നും കണ്ടിട്ടേയില്ല “
എന്ന അച്ഛന്റെ ധവളപത്ര മൊഴി ഉയർന്നപ്പോൾ അച്ഛനും കിട്ടി റോബോട്ടിന്റെ പ്രഹരം.
കണവന്റെ മുഖംമൂടി ഊർന്നുവീണ സന്തോഷത്തിൽ കണവി ജനിറ്റിക് സയൻസ് വിളമ്പി.
” ഈ അച്ഛന്റെ അല്ലേ മകൻ.. “
ഇത്തവണ റോബോട്ടിന്റെ കൈ പതിഞ്ഞത് അമ്മയുടെ കവിളിൽ എന്നത് കൗതുകം.
അതേ മൗലികത നിത്യജീവിതത്തിൽ സ്വയം അളന്നാൽ…