രചന : ബിനു. ആർ.✍
കാലമെല്ലാം മയങ്ങിത്തിരിഞ്ഞുകിടക്കുന്ന
കഴിഞ്ഞ ഇരുളുനിറഞ്ഞ രാത്രികളി-
ലെവിടെയോ പരസ്പരമിടയുന്ന കൊമ്പിനുള്ളിൽ
പരമപ്രതീക്ഷയിൽ കോർക്കുന്നു
വമ്പന്മാരുടെ ബുദ്ധിത്തലകൾ.
പിടഞ്ഞുവീഴുന്നവരുടെ കവിളിൽ
സ്മാർത്തവിചാരത്തിന്റെ ബാക്കിപത്രമായ്
തെളിയാത്ത നുണക്കുഴികൾ തേടാം
നുണയിൽ കാമ്പുണ്ടോന്നുതിരക്കാം.
ഇല്ലാക്കഥകൾ മെനയുന്നവരുടെ
കൂടയിൽ സത്യത്തിൻ ചിലമ്പിക്കും
വെള്ളി നാണയങ്ങൾ തിരയാം
മുള്ളുകൾ കൈയിൽകോർക്കാതിരിക്കാൻ
നനുത്ത പുഞ്ചിരിയുടെ ആവരണമിടാം.
അടർന്നുചിതറിക്കിടക്കുന്ന സ്നേഹത്തി-
ന്നിടയിൽ കുശുമ്പിന്റെ കുസൃതികൾ
തിരയാം,നേരല്ലാത്തതെറ്റിന്റെ കരിഞ്ഞു-
പോയ പത്രത്തിന്നിടയിൽ ചിക്കിച്ചിനക്കി
ഇന്നീക്കാലത്ത് കളഞ്ഞുപോയ പട്ടിൽ
പൊതിഞ്ഞ സത്യവും മിഥ്യയും തിരയാം.
യുദ്ധമെല്ലാമെപ്പൊഴും പൊന്നുംപണവും
കുഴിച്ചെടുക്കുന്നവരുടെ ബലവീര്യങ്ങളുടെ,
കൊതിക്കെറുവുകളുടെ,അഹങ്കാരത്തിന്റെ,
കൂർത്തചതിയുടെ ലീലാവിലാസമെന്നു നാം
ഇനിയുമെങ്കിലും തിരിച്ചറിയേണം കനവുകളെ,
നേരായ നുണകളെ…