രചന : ഗിരീഷ് പി സി പാലം ✍

പിറവിയെടുത്ത അന്ന്
ആരായിരിക്കും എന്നെ
കുളിപ്പിച്ചൊരുക്കിയത്? അണിയിച്ചൊരുക്കിയത് ?
അതെനിക്ക് തീരെ ഇഷ്ടപ്പെടാൻ തരമില്ല.
അളവിലധികം ബേബിപൗഡർ വാരിയിട്ട്,
തടിച്ച നടുവിരൽക്കൺമഷി കോരി,
കടുപ്പത്തിൽ കണ്ണെഴുതിക്കാണും .
ആ വെളുത്ത കുഞ്ഞുടുപ്പു മാറ്റി,
നിറയെ പൂക്കളുള്ള ഒരു വസന്തകാലമായിരുന്നു എന്നിലെ ഇഷ്ടം !
മരണ ശേഷവുമതുപോലെ …..
എന്റെ സമ്മതമില്ലാതെ കുളിപ്പിച്ചു തുവർത്തിയവർ –
മുഖത്ത് കോരി നിറച്ച ഫെയ്സ് പൗഡർ …
അതു വരെ ഇല്ലാത്ത ഒരു ചന്ദനക്കുറി,
ഇഷ്ടപ്പെടാതെ മാറ്റി വെച്ച കുപ്പായം
അലമാരയിൽ നിന്നും കണ്ടെത്തി
ഭംഗിയിലുടുപ്പിക്കാൻ ശ്രമിക്കും ….
ഒന്നും ചേലില്ലാതെയിരിക്കും.
ചെറുപ്പത്തിലൊരുക്കിയ അതേ കോമാളി രൂപം.!
ഈ വെള്ള പുതപ്പൊന്നു മാറ്റി
നിറയെ പൂക്കളും പൂമ്പാറ്റകളുമുള്ള ഒരാകാശം പുതപ്പിക്കൂ …..
പ്ലീസ് ….
ഗി .

ഗിരീഷ് പി സി

By ivayana