രചന : അരുൺ കൊടുവള്ളി✍

കണ്ടുമുട്ടുമ്പോൾ
ഞങ്ങൾ
രണ്ട് റെയിൽപ്പാളങ്ങളായിരുന്നു.
തമ്മിൽ ചിരിച്ചപ്പോൾ
രണ്ട് പ്ലാറ്റ്ഫോമുകളായി.
മിണ്ടിയപ്പോൾ
ടിക്കറ്റെടുക്കാത്ത
യാത്രക്കാരായി
ഒന്നിച്ചിരുന്നപ്പോൾ
ഒറ്റ നിറമുള്ള
ബോഗികളായി
തമ്മിലറിഞ്ഞതിൽ പിന്നെ
ഒരേ ദിശയിലേക്ക്
ഒരുമിച്ച് കുതിക്കുന്ന
തീവണ്ടിയായി.
സ്വപ്നത്തിലെ
പച്ചക്കൊടികൾക്ക്
ഞങ്ങൾ
ഫാസ്റ്റ് പാസഞ്ചറായി.
ചുംബിക്കുമ്പോൾ
ഞങ്ങൾ
ഹിമസാഗറായി.
കെട്ടിപ്പിടിക്കുമ്പോൾ /
ഏറനാടായി
പിണങ്ങുമ്പോൾ /
നേത്രാവതിക്കരികിലൂടെ
തൊട്ടുരുമ്മി പോകുന്ന
ജനശതാബ്ദിയാകും.
അന്നേരവും /
പിറക്കാത്ത കുഞ്ഞിന്
ഞങ്ങൾ മുൻകൂട്ടി
മംഗളയെന്നും
നിസാമുദ്ധീനെന്നും പേരിടും.
ഒരു സ്റ്റേഷനിലും
സ്റ്റോപ്പില്ലാത്തതിനാലാവും
ഞങ്ങളുടെ പാളത്തിലാരോ
വിള്ളല് വീഴ്ത്തി.
വിരുദ്ധ
ദിശയിലേക്ക് തെന്നി
ഞങ്ങൾ
മുറിക്കഷ്ണങ്ങളായി
അവളുടെ ബോഗികൾ
ഇളക്കിയെടുത്ത്
രാജധാനിയുടെ
അറ്റത്ത് ഏച്ചു കൂട്ടി.
എന്റെ ബോഗികൾ
ചരക്ക് വണ്ടിക്കെടുത്തു.
ഞാനിന്ന്
ചരക്കും ചുമന്ന്
തെക്കോട്ടോടുമ്പോൾ /
അവൾ
ലോകമാന്യ തിലകായി
കുതിക്കുന്നു…

അരുൺ കൊടുവള്ളി(വാക്കനൽ)

By ivayana