രചന : ഷാജു. കെ. കടമേരി ✍
കത്തിതീരാറായ
പകലിന്റെ ചുണ്ടുകളിൽ
നമ്മൾ കോർത്ത സൗഹൃദത്തിന്റെ
വരികൾക്കിടയിൽ പുതുമഴ
പൂക്കുമ്പോൾ
ഇന്നലെ പരിചയപ്പെട്ടൊരു
തല തെറിച്ചവൻ എന്റെ ജാതിയും
മതവും , എന്തിന് എന്റെ രാഷ്ട്രീയം
വരെ കുത്തിക്കിളച്ചു.
അവന്റെ ഒരു നോട്ടത്തിൽ പോലും
ഭൂമി രണ്ടായി പിളരുമെന്ന്
ഞാൻ ഭയപ്പെട്ടു.
ഒരു കൊടുങ്കാറ്റ്
ഞങ്ങൾക്കിടയിൽ മുരണ്ടു.
ചോദ്യങ്ങളുടെ അറ്റത്തൂടെ
അവനെന്റെ കണ്ണുകളിൽ
കവിത കൊളുത്തി.
ദുരന്തമുഖങ്ങൾക്ക് നടുവിലൂടെ
ഓടിക്കിതച്ച് പെയ്യാൻ വിങ്ങി നിന്ന
മഴക്കീറ് നട്ടുച്ചയുടെ നെഞ്ചിൽ
ഇരുൾച്ചിത്രം വരച്ചു.
കടല് കത്തുന്ന അവന്റെ
കണ്ണുകളിലൊളിപ്പിച്ച
തിരയിളക്കങ്ങളിൽ നിവരുമ്പോൾ
എനിക്കേറ്റവും പ്രിയ്യപ്പെട്ടൊരു
വാക്കിനെ അവൻ എറിഞ്ഞുടച്ചു.
മുറിഞ്ഞുതീരാറായ ഓരോ
നിമിഷവും കലമ്പിവീഴുന്ന
ചിന്തകളിൽ അഗ്നിനക്ഷത്രങ്ങൾ
ഏറ്റുമുട്ടി പിടഞ്ഞു…….
” ഒരു പക്ഷേ “
തീർച്ചയായും അവരെ ഞാൻ
കണ്ടുകാണില്ല എന്നവർ
ആശ്വസിച്ച് കാണും
പീടിക കോലായയിലെ
മറ കടന്നെത്തിയ
പുകചുരുളുകൾക്കിടയിലൂടെ
നടന്ന് പോകുമ്പോൾ
പാളിനോക്കിയ
നാല് കണ്ണുകളിൽ എന്റെ
പ്രിയ്യപ്പെട്ട വിദ്യാർത്ഥിയുണ്ടാ
യിരുന്നുവല്ലോയെന്നൊരു
പൊള്ളൽ കുത്തിവീഴുന്നതിനിടെ
ഒരുപക്ഷേ മുഖാമുഖം
കണ്ടിരുന്നുവെങ്കിൽ
മാഷേ കൂടുന്നോ എന്നവർ
ചോദിക്കുമായിരുന്നുവോ
അങ്ങനെ സംഭവിച്ചു
കൂടായ്കയില്ലല്ലോ എന്നൊരു
കുത്തിപ്പറിക്കൽ മനസ്സ് പറിച്ച്
പിന്തിരിഞ്ഞോടി……….