മാഹിൻ കൊച്ചിൻ ✍
അഭിനയത്തിന്റെ ഓരോ നിമിഷാർദ്ധങ്ങളിലും, ഓരോ വാക്കുകളുടെ പ്രയോഗത്തിലും, കരചലനത്തിലും , ശരീര ഭാഷയിലും അസാധ്യ റ്റെമിങ്ങും , അസാധ്യമായ ഡയലോഗ് ഡെലിവറിയുമുള്ള അസാധ്യ ആക്ടറായിരുന്നു ഇന്നസെന്റ്. അനുഭവിച്ച കൊടിയ വേദനകളെയും സങ്കടങ്ങളെയും ചിരിച്ച് കൊണ്ട് പറയുന്നത് കേട്ടിട്ടുണ്ട്. ആ കഥകളിലൊക്കെ കൂട്ടുകാരിയായി പ്രിയപ്പെട്ട ഭാര്യ ആലീസും , മക്കളും , മരുമക്കളും കുഞ്ഞുങ്ങളും നിറഞ്ഞു നിന്നിരുന്നു….!
കണ്ടും കേട്ടും മടുത്ത അഭിനയ ശൈലികളിൽ നിന്നും വേറിട്ടതായിരുന്നു ഇന്നസെന്റ് എന്ന മഹാ നടന്റെ അഭിനയം. അഭിനയ രംഗത്ത് അദ്ദേഹം ചാർത്തിയ കൈയ്യൊപ്പിന്റെ ചേലുംചാരുതയും അനുകരിക്കാൻ പറ്റാത്തതുമായിരുന്നു….
ഒരു നല്ല ജനപ്രതിനിധി ആയിരുന്നു. നീണ്ട ഒരു കാലത്തിനെ , ഒരു ദേശത്തിനെ വ്യാഖ്യാനിച്ച രസികനായിരുന്നു….
ഒരിക്കൽ ഇന്നസെന്റ് പറയുന്നു :-
‘ഒരു ക്രൈസ്തവ സഹോദരന്റെ മരണവീട്ടിൽ ഞാനും ആലീസും പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവിടേക്ക് അച്ചൻ വന്ന് പ്രാർത്ഥന തുടങ്ങി.
പ്രാർത്ഥനയിൽ അച്ഛൻ പറയുന്നു : എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ് പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. “ദൈവത്തിന് ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു”
അങ്ങനെ മരണവീട്ടിൽ നിന്നുമുള്ള തിരിച്ചുള്ള യാത്രയിൽ ഇന്നസെന്റ് ഒന്നും മിണ്ടാതെ കാറിന്റെ ഗ്ലാസ് താഴ്ത്തി പുറത്തേക്കുനോക്കി ഇരുന്നു. ആ പുരോഹിതന്റെ പ്രാർത്ഥനയിൽ ഇന്നസെന്റിന് എന്തോ പന്തികേടുതോന്നി. പെട്ടെന്നാണ് വഴിയരികിൽ സെബസ്ത്യാനോസ് പുണ്യാളന്റെ കപ്പേള കണ്ടത്. ഇന്നസെന്റ് ആ കപ്പേളയിലേക്ക് നോക്കി ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു….
കൂടെയുള്ള ആലീസിന് ഇതൊന്നും കണ്ടിട്ട് ഒന്നും മനസ്സിലായില്ല. അവൾ പരിഭ്രാന്തിയോടെ എന്നോട് ചോദിച്ചു:
‘നിങ്ങൾ എന്തായീ കാണിക്കുന്നത്?’
അവൾക്ക് അപ്പോൾ ഉണ്ടായ ദൈവകോപത്തിന്റെ പേടി വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു.
ഞാൻ ആലീസിനോട് പറഞ്ഞു:
‘നീ കേട്ടില്ലേ ആലീസേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന് കൂടുതൽ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക് കാൻസറാണ്. ഇനി ദൈവത്തിന് എന്നോട് ഇഷ്ടം കൂടുകയും ചെയ്താൽ എന്താവും അവസ്ഥ? നമ്മളോട് ദൈവത്തിന് കുറച്ചു ദേഷ്യം കിടന്നോട്ടെ എന്ന് കരുതി ചെയ്തതാ.’
ആലീസ് എന്റെ കണ്ണിലേക്കുതന്നെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുത്രേസ്യാ പുണ്യാളത്തിയുടെ കപ്പേള വന്നു. അപ്പോൾ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ ആലീസ് അതിനെ നോക്കി കൊഞ്ഞനം കുത്തുന്നു….
അത് കണ്ടപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി. പറുദീസയിൽ എന്തൊക്കെ കാത്തിരിക്കുന്നു എന്നു പറഞ്ഞാലും മനുഷ്യൻ മരണത്തെ പേടിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തെ സ്നേഹിക്കുന്നു.”
ഇത്രയും സീരിയസായ ഒരു കാര്യത്തെ എത്ര മനോഹരമായിട്ടാണ് ഇന്നസെന്റ് പറഞ്ഞു വെക്കുന്നത്….
അങ്ങയുടെ അഭിനയ ജീവിതകലപോലെയും , മറ്റ് മാനവികമായ എല്ലാ സര്‍ഗ്ഗാത്മകളെയും പോലെയും മരണവും ഒരു കലയാണ് പ്രിയപ്പെട്ട കലാകാര…
അനുഗ്രഹിക്കപ്പെട്ടവനെ, താങ്കൾക്ക് ഈ അൽപ്പന്റെ പ്രണാമം..!! 😥😥❤❤
കണ്ണീർപ്പൂക്കൾ…😪🌹🌹