രചന : ആന്റണി കൈതാരത്ത്‌ ✍

കളിവിളക്കണഞ്ഞ് ഇരുട്ടുവീണ
ജീവിതത്തിന്‍റെ അരങ്ങില്‍
അരങ്ങിലാടിയ നിഴല്‍രൂപങ്ങള്‍ക്കൊപ്പം
ഒറ്റക്കു കഴിഞ്ഞ
വ്യഥിത ദിനങ്ങള്‍ക്ക്
തിരശ്ശീല വീണിരിക്കുന്നു
ചമയങ്ങളെല്ലാം അഴിച്ചു വെച്ച്
അരങ്ങൊഴിഞ്ഞതിനു ശേഷം
ഇന്നു നമ്മള്‍ വീണ്ടും കാണുന്നു
അന്ന്,
ഹംസ തൂവലുകളുള്ള സ്വപ്നങ്ങളുമായി
മുഖത്ത് ചായം പൂശി
നിങ്ങളുടെ വേശ്യയും
നിങ്ങളുടെ മാലാഖയും
നിങ്ങളുടെ കാമുകിയും
നിങ്ങളുടെ സന്യാസിനിയുമായി
ഞാന്‍ അരങ്ങു വാഴുമ്പോള്‍
ആത്മബോധം നഷ്ടപ്പെട്ട്
കാലാതീതമായ ആനന്ദ മൂര്‍ഛയിലേക്ക്,
അരങ്ങിനെ പോലെ ഒന്നിനും
നിങ്ങളെ വികാരഭരിതമാക്കാന്‍
കഴിയില്ലെന്ന സത്യത്തിലേക്ക്,
നിങ്ങള്‍ വീഴുമ്പോള്‍
നൂറുകണക്കിന് ഹൃദയങ്ങള്‍ ഒന്നായി ചേര്‍ന്ന്
മിടിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്
ഇന്ന്,
ഇത് എന്‍റെ അവസാനത്തെ അരങ്ങ്
പതിവിന് വിപരീതമായി
സ്ക്രിപ്റ്റില്ലാത്ത അവതരണം
റിഹേസലില്ലാത്ത അഭിനയം
തിരശ്ശീല വീണു കഴിയുമ്പോള്‍
നിങ്ങള്‍ക്ക് കണ്ണീര്‍ തുടയ്ക്കാം
മുഖത്തെ ശോകം കഴുകാം
പക്ഷേ,
ഈ അവസാനത്തെ വേഷപ്പകര്‍ച്ച
എനിക്കു അഴിച്ചു വെക്കാനാവില്ല
ഇത് അഴിഞ്ഞു പോകാനുള്ളതാണ്.

ആന്റണി കൈതാരത്ത്‌

By ivayana