രചന : ഉണ്ണി അഷ്ടമിച്ചിറ✍

  "മക്കളാണ് സമ്പത്ത്. കൂടുതൽ മക്കളുള്ളവൻ അതിസമ്പന്നൻ ". ആറു മക്കളുള്ള തോപ്പിൽ വേലായുധനെ കളിയാക്കിയപ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു. 
        "അല്ല... പെണ്ണും കുട്ടീം ഇല്ലാത്ത നിനക്ക് ഇതൊക്കെ എങ്ങിനെ മനസ്സിലാകാനാ". വേലായുധൻ തിരിച്ച് കളിയാക്കിയപ്പോൾ കുറച്ചു നേരം അത് മനസ്സിൽ കിടന്നു, പിന്നെ മാഞ്ഞുപോയി. 

        "അണ്ണേ..... ഇതെല്ലാം നമ്മ പിള്ളൈകൾ മാതിരി . പാർക്കും പോതി വളരും. അത് സന്തോഷം ഇല്ലയാ?". മായൻ ചാമിയെന്ന പറമ്പുപണിക്കാരൻ പുതുതായി നട്ട തൈത്തെങ്ങിനെ ചൂണ്ടിയിത് പറഞ്ഞത് മനസ്സിൽ കൊണ്ടു. നൂറ് കണക്കിന് "പിളൈളകൾ" എന്നിലെത്താൻ വെമ്പൽകൊണ്ട് നിൽക്കുന്നതറിഞ്ഞു. അന്നു തുടങ്ങിയതാണ് കൃഷിയോടുള്ള പ്രേമം. തരിശായി കിടന്ന രണ്ടര ഏക്കർ പറമ്പാകെ എൻ്റെ കഞ്ഞുങ്ങൾ നിറഞ്ഞു. തെങ്ങും കവുങ്ങും ജാതിയും കപ്പയും പയറും പച്ചക്കറിയുമൊക്കെയായി കുറെ മക്കൾ. 

വെള്ളവും വളവും സ്നേഹവും അവർക്കു പകരാൻ മായൻ ചാമി ഒപ്പമുണ്ടായിരുന്നു. ചെടികളോട് സംസാരിക്കുന്ന രീതി ഞാൻ പഠിച്ചത് അയാളിൽ നിന്നാണ്.ഒരു വിധം ഇരുട്ടും വരെ ചാമി എൻ്റൊപ്പമുണ്ടാകും. റോഡിനപ്പുറത്തെ പുറമ്പോക്കിലാണ് ചാമിയുടെ പുര. കയ്യേറ്റമൊഴിപ്പിക്കാൻ എത്തുന്നവരുടെ മുന്നിൽ ആത്മഹത്യ ഭീഷണി ഉയർത്തി വിജയിക്കുമ്പോഴൊക്കെ ഞാൻ ചാമിയെ എൻ്റെ പുരയിടത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആ കുടിലിൻ്റെ ഉള്ളിലാണ് അയാളുടെ അപ്പനേയും അമ്മയേയും കുഴിച്ചിട്ടിരിക്കുന്നത്. അവരോടൊപ്പം അയാൾക്കും ഉറങ്ങണമത്രേ. രാത്രി അത്താഴശേഷം ചാമി ഭാര്യയുമായി തെറ്റും. വലവിയെ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യും. 

മാതൃഭാഷയോട് ബഹുമാനമുള്ളതു കൊണ്ടാകാം അയാളപ്പോൾ മലയാളം മാത്രമേ പറയൂ, അതും പച്ചത്തെറി. ഇടയ്ക്കെപ്പഴൊക്കെയോ ഇടപെടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ചാമി അത് അനുവദിച്ചു തന്നിട്ടില്ല. അതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യമെന്ന് പറഞ്ഞ് ഞാനും പിന്മാറി. വലവിയും വല്ലപ്പോഴും പറമ്പിൽ എത്താറുണ്ട്. വിറക് ശേഖരിക്കലും അത്യാവശ്യം വേണ്ട പച്ചക്കറികളും ഫലമൂല സമ്പാദനവുമായിരുന്നു ലക്ഷ്യം. മസ്തിഷ്കാഘാതം വന്ന ചാമി മൂന്ന്ദിവസം ചത്തു ജീവിച്ചു പിന്നെ മരിച്ചു. രണ്ടര ഏക്കർ പറമ്പിലെ മക്കളെ നോക്കാൻ ഞാൻ മാത്രമായി. അത്യധ്വാനം ചെയ്യേണ്ടി വന്ന ദിനങ്ങൾ, എന്നാലും മക്കളെ കൃഷ്ണമണി പോലെ കാത്തു. ഏതാണ്ട് രണ്ടു മാസത്തോളം വലവിയെ കണ്ടിട്ടേയില്ല. ഒരു സുപ്രഭാതത്തിൽ അവൾ വന്നു. പറമ്പിൽ പണിക്ക് കൂടാമെന്ന് പറഞ്ഞപ്പോൾ അത് ചാമിയുടെ വാക്കുകളാണെന്ന് തോന്നിപ്പോയി. മടിച്ചിയായിരുന്നു അവൾ, എൻ്റെ മക്കളോട് അൽപ്പവും സ്നേഹം കാട്ടിയില്ല. എങ്കിലും ചാമിയുടെ കുട്ടികളെ ഓർത്ത് എല്ലാം ക്ഷമിച്ചു. 

        തെങ്ങിൻ തൈകൾ ചൊട്ടയിട്ടു തുടങ്ങിയിരുന്നു. കവുങ്ങും ജാതിയും മാവും പ്ലാവും മറ്റ് ഫലവൃക്ഷങ്ങളും എന്നെ സന്തോഷിപ്പിക്കാൻ അവസരം കാത്തു നിന്നു. സ്നേഹവും കൃത്യമായ പരിചരണവും ഞങ്ങളുടെ ബന്ധം ദൃഢമാക്കി.
         കഞ്ചാവ് കേസിൽ പിടിയിലായ മകന് ജാമ്യം കിട്ടില്ലാന്ന് ഉറപ്പായപ്പോൾ ആകെ നിരാശനായ വിമുക്ത ഭടൻ രാവുണ്ണിയുടെ ഗദ്ഗദം ഓർക്കുന്നു."ഇവനെയൊക്കെ ഉണ്ടാക്കിയ സമയത്ത് നേന്ത്രവാഴ വച്ചിരുന്നെങ്കിൽ......" .

        "വെറുതേ വാഴ വച്ചിട്ട് കാര്യമില്ല രാമൂ..... അതിന് കൃത്യമായ നോട്ടം കിട്ടണം. എങ്കിലേ ഫലമുണ്ടാകൂ". ഇത്രേം പറഞ്ഞിട്ടും അച്ചുതൻ മാഷ് ഗൗരവം വിട്ടില്ല. 
        "നിനക്കു  തെറ്റുപറ്റിയതും അവിടെയാണ്". മാഷ് ആരുടെ മുഖത്തുനോക്കിയും ഉള്ളതു പറയുന്ന കൂട്ടത്തിലാണ്. എൻ്റെ വാഴത്തോപ്പിൽ വച്ചായിരുന്നു ആ രംഗം. രാവുണ്ണി എൻ്റെ കുഞ്ഞുങ്ങളെ അപമാനിച്ചതു പോലെയാണ് തോന്നിയത്. മാഷ് പറഞ്ഞതൊന്നും രാവുണ്ണിക്ക് പിടിച്ചില്ല. അയാൾ പോയി കഴിഞ്ഞപ്പോൾ മാഷ് എൻ്റടുത്ത് വന്നു.

        " അവൻ മക്കളെ പട്ടാളച്ചിട്ടയാണ് പഠിപ്പിച്ചത്. പക്ഷേ രണ്ടും പാഴ്ജന്മങ്ങളായിപ്പോയി. ലഹരിവില്പനയും ഗുണ്ടായിസവുമാണ് ഇപ്പോൾ അവർക്കു പ്രിയം". രാവുണ്ണി ഒരു പരാജയമായിയെന്ന് പറഞ്ഞുവച്ച മാഷിൻ്റേയും അവസ്ഥ ഇതിൻ്റെ തന്നെ മറ്റൊരു മുഖമാണെന്ന് അദ്ദേഹം അപ്പോൾ ഓർത്തില്ല. മക്കളെ ഉന്നത സ്ഥാനത്തെത്തിക്കാൻ മാഷ് ഒത്തിരി ബുദ്ധിമുട്ടി. വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു. മാഷ് ആഗ്രഹിച്ചതു നടന്നെങ്കിലും മക്കൾ അകലേക്ക് പറന്നു. 

        " ജീവിതം മടുത്തെടോ... സാവിത്രിക്ക് തീരെ നടക്കാൻ പറ്റാണ്ടായിരിക്കണു. നോക്കാൻ ആരുമില്ല" മാഷിൻ്റെ വിലാപം ഞാൻ പലകുറി ശ്രവിച്ചിട്ടുള്ളതാണ്. നിവർത്തിയില്ലാത്ത ഘട്ടത്തിൽ മാഷ് മക്കളുടെ സഹായം തേടി. അമ്മയ്ക്ക് ഒരു ശുശ്രൂഷകയെ ഏർപ്പാടാക്കി അവർ അവരുടെയിടങ്ങളിൽ കൂടി. എന്തുകൊണ്ടോ എല്ലാം അറിയാമായിരുന്നിട്ടും രാവുണ്ണി ഇതൊന്നും മാഷിനെ ഓർമ്മിപ്പിക്കാൻ നിന്നില്ല. ഇങ്ങിനെ പലരുടേതായി എത്രയെത്ര അനുഭവങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചു. അപ്പോഴൊക്കെ ഞാനും എൻ്റെ മക്കളും മികവിൻ്റെ ഉദാഹരണങ്ങളായി നിന്നു, പക്ഷേ ആരുടേയും ശ്രദ്ധയിൽ പെടാത്ത സത്യമായിരുന്നത്. വാഴത്തോട്ടത്തിലെ തണ്ണീർ പാതയിൽ തളർന്നുവീണപ്പോൾ വലവിയാണ് താങ്ങിയത്. 

പിന്നീട് ഞാനറിഞ്ഞു, എന്നിലെ ജീവനുള്ളൊരവയവം കണ്ണുമാത്രമാണെന്ന്. ചാമിയെ പോലെ മൂന്നാം ദിവസം എന്നെ ഏറ്റുവാങ്ങാൻ മരണമെത്തിയില്ല. കൃഷിയിടത്തിലേക്ക് തുറന്നിട്ട ജനാലയിലൂടെ ദൃഷ്ടി പായിച്ചിങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായെന്ന് തോന്നുന്നു?. 

        "ഇനി ഇയാൾ എണീക്കില്ല. കനത്ത പക്ഷാഘാതമാണ് സംഭവിച്ചിരിക്കുന്നത് " വലവി കൂട്ടിക്കൊണ്ടു വന്ന ഒരു നാട്ടുവൈദ്യൻ്റെ അഭിപ്രായം കേട്ട് എൻ്റെ മസ്തിഷ്കം നിലവിളിച്ചു, പക്ഷേ അവയവങ്ങളത് പുറത്തെത്തിക്കാതെ പണിമുടക്ക് തുടർന്നു. എൻ്റെ കണ്ണിൻ്റെ ഭാഷ വായിച്ചെടുക്കാൻ പഠിച്ച വലവി മടിയോടെയാണെങ്കിലും സഹായസന്നദ്ധയായിരുന്നു.

         ജാലകക്കാഴ്ച്ചയിൽ മീനമാസ സൂര്യൻ തീനാവ് ചുഴറ്റി നിൽക്കുന്നു. എൻ്റെ മക്കൾ ഒരിറ്റുവെള്ളത്തിനായി കേഴുന്നു. വെളളം തേവി രക്ഷിച്ചിരുന്ന അച്ഛനെ വിളിച്ചവർ കരയുന്നുണ്ടാവാം. പലരുടേയും മണ്ട കതിരോൻ നക്കിയെടുത്തിട്ടുണ്ട്. വൃക്ഷത്തലപ്പുകളിൽ മഞ്ഞപ്പ് വ്യാപകമാണ്.

         "എടോ വലിയ വൃക്ഷങ്ങൾക്ക് ജലസേചനം ആവശ്യമില്ല. തൈ ആയിരിക്കുമ്പോൾ മാത്രമേ ആവശ്യമുള്ളൂ. വലുതായാൽ അതിൻ്റെ വേരുകൾ ദൂരങ്ങളിൽ പോയിട്ടായാലും വെള്ളവും വളവും കണ്ടെത്തിക്കോളും " ഒരിക്കൽ മാഞ്ചുവട്ടിൽ തടമെടുത്ത് വളമിട്ട്, വെള്ളം പകരുന്നതു കണ്ടപ്പോൾ അച്ചുതൻ മാഷ് ഉപദേശിച്ചത് ഓർക്കാതെ വയ്യ. 

         " മക്കളെയായാലും നിലനിൽപ്പ് പഠിപ്പിക്കണം. തേടാനും നേടാനും..... " മാഷിൻ്റെ വാക്കുകൾ പ്രസക്തം. 
         " വലവീ... നീയിതൊന്നും കാണുന്നില്ലേ?" ഗദ്ഗദം ഉള്ളിലൊതുങ്ങി. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് വലവി അടുത്തുവന്നിരുന്ന് കണ്ണുകളെ വായിച്ചു. എൻ്റെ ആവശ്യം മനസ്സിലാക്കിയിട്ടാകാം അവളെന്നെ എതിർദിശയിലേക്ക് ചരിച്ചു കിടത്തി. മക്കൾ മുന്നിൽ മരിക്കുന്നൊരച്ഛൻ്റെ കണ്ണീരൊഴുക്ക് തുടർന്നു. ഭിത്തിയിലൂടെ ഉറുമ്പുകൾ വരിവച്ച് നീങ്ങുന്നതാണ് ഇപ്പുറത്തെ കാഴ്ച. ഏതോ ജീവിയുടെ ജഡാവശിഷ്ടങ്ങൾ എല്ലാവരും പേറുന്നുണ്ട്.

         " വലവീ.... ഞാനിനി ഇങ്ങിനെ കിടന്നോളാം. ഒരിക്കലും മറിച്ച് കിടത്തരുത്. എനിക്കെൻ്റെ മക്കൾ മരിക്കുന്നത് കാണാൻ വയ്യ ". വലവി എൻ്റെ കണ്ണുകളിൽ നോക്കി നിൽപ്പുണ്ട്. അവൾക്കെന്നെ വായിക്കാൻ കഴിഞ്ഞെങ്കിൽ.....

ഉണ്ണി അഷ്ടമിച്ചിറ

By ivayana