രചന : സുരേഷ് പൊൻകുന്നം✍
ഒരു പുഴ കടക്കുമ്പോൾ
ഒരു കാറ്റ് മരിക്കുന്നു
തിരിച്ചൊഴുകാനാവാത്ത
പുഴ പോലെ കാറ്റും
തിരിച്ച് യാത്രയില്ല
ഒരു മനം മറക്കുമ്പോൾ
നാമൊരു തേങ്ങലൊളിക്കുന്നു
ഒരു മരം പിഴുതുന്നത് പോലെയല്ല
ഒരു സ്മരണയെ പിഴുതെറിയുന്നത്
സ്മരണമരത്തിനൊരുപാട്
വേരുകളുണ്ട്
കണ്ണീരീറനിൽ മുളപൊട്ടുന്നത്
ഒരു വാതിലടച്ച് നാമൊരു കാറ്റിനെത്തടുത്താലും
വീണ് പോയ പൂവായാലും
അത് ചൊരിഞ്ഞ സൗരഭ്യം
കാറ്റകത്തേക്ക് കൂട്ടിക്കൊണ്ട് വരും
വഴിയോരത്താരുമില്ലെന്ന് കരുതുന്ന നാം
പരതുന്ന കൺകളെ
കാണാതെയാണ് യാത്ര
ഒരു പകലൊടുങ്ങുമ്പോൾ
ഒരു കരച്ചിൽ കരയുന്നത്
കാണാതെയിരുൾ മൂടിനിറയുന്നു
നിന്റെയൊരു ശരവേഗത്തിൽ
നിന്നെക്കടന്നു പോം ദൃശ്യങ്ങൾ
ഒരു തോന്നലല്ല
അതിവേഗം നീ പിന്നിടുന്നത്
മരുരാഗം പോലൊരു വേദനയാണ്
മതി കാഴ്ചകൾ നീ കണ്ണടക്കുമ്പോൾ
ഹാ മൃതി പോലെ സ്മൃതി നിന്നെ വിടാതെ
ഒരു പുഴ കടക്കുമ്പോൾ നീയൊരു
സ്‌മൃതിയെ മറക്കുന്നു
കലങ്ങും കണ്ണുകൾ കാണാതെ
എവിടേക്കാണ് നീ യാത്ര പോകുന്നത്?