രചന : ഒ.കെ.ശൈലജ ടീച്ചർ✍

തീണ്ടലിനെ കടലാഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ വൈക്കം സത്യാഗ്രഹത്തിന് 99 വയസ്സ് .
ജാതിവേലികളുടെ കടമ്പകളെ വിലങ്ങണിയിക്കാനെത്തിയത് 1924 മാർച്ച് 30 നായിരുന്നു. വൈക്കത്തെ ക്ഷേത്രവഴികൾ എല്ലാ മനുഷ്യർക്കും തുറന്നു കൊടുക്കുന്നതിന് ഭരണകൂടം വിസമ്മതിച്ചോടെയാണ് സത്യാഗ്രഹത്തിന് തീരുമാനയത്. ടി.കെ മാധവൻ ഗാന്ധിജിക്ക് മുമ്പാകെ വിഷയം എത്തിച്ചതോടുകൂടി കോൺഗ്രസ്സിനോട് സമരം ഏറെറടുക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആശീർവാദവും ലഭിച്ചു.


30 ന് കെ.പി കേശവമേനോൻ ടി.കെ മാധവൻ, എ.കെ. പിള്ള , വേലായുധമേനോൻ , കൃഷ്ണസ്വാമി അയ്യർ, കെ കേളപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്ര വഴിയിലേക്കു നടന്നുവന്നു. അന്ന് സത്യാഗ്രഹം അനുഷ്ഠിക്കുന്നതിന് തിരഞ്ഞെടുത്ത ബാഹുലേയൻ, കുഞ്ഞാപ്പി, ഗോവിന്ദപ്പിള്ള എന്നിവരെ അറസ്റ്റ് ചെയ്തതോടെ വൈക്കം അയിത്തോച്ചാടനത്തിനുള്ള പോരാട്ടത്തിന് കനൽ കൂട്ടുകയായിരുന്നു.
603 ദിവസം നീണ്ടുനിന്ന സമരത്തിനിടെ ആശീർവാദം നൽകാൻ ഗാന്ധിജിയും , ശ്രീ നാരായണ ഗുരുവുമെത്തി. ഏപ്രിൽ 7 ന് കേശവമേനോനെയും , ടി കെ മാധവനേയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതോടെ സമരം ദേശീയശ്രദ്ധ നേടി.


: മറ്റുള്ളവരുടെ സ്പർശനം തങ്ങൾക്ക് അശുദ്ധിവരുത്തുമെന്ന് കരുതുന്നവരെ ശുദ്ധിയിൽ തുടരാൻ ഇനി അനുവദിക്കരുത്’ എന്ന ശ്രീനാരായണ ഗുരുവിന്റെ പ്രസ്താവന സമരാഗ്നി ആളിക്കത്തിച്ചു.
ഗാന്ധിജി വീണ്ടും വൈക്കത്തെത്തി ക്ഷേത്ര ഊരാളൻ ഇണ്ടംതുരുത്തി നമ്പൂതിരിയുമായും സമര നേതാക്കളുമായും സംസാരിച്ചു. ജാതിമത ഭേദമില്ലാതെ സമരത്തിനു ലഭിച്ച പിന്തുണ സവർണ്ണപ്രഭുക്കളെ ഇരുത്തിചിന്തിപ്പിക്കുന്നതായിരുന്നു.
വൈകാതെ വൈക്കം ക്ഷേത്രത്തിന്റെ വഴികൾ എല്ലാവർക്കുമായി തുറന്നു കൊടുക്കുവാൻ ഇണ്ടംതുരുത്തി നമ്പ്യാതിരി നിർബന്ധിതനായി. 1925 നവംബറിൽ പ്രക്ഷോഭം അവസാനിപ്പിക്കുകയും ചെയ്തു.


ഒരു നൂറ്റാണ്ടു മുമ്പു തന്നെ കേരളം നേടിയെടുത്ത മഹിതമായ മാനവികബോധത്തിന്റെ ബഹിർസ്ഫുരണമാണ് വൈക്കത്തുണ്ടായത്. അന്ന് അത്തരമൊരു പ്രക്ഷോഭമുണ്ടായിരുന്നില്ലെങ്കിൽ സാധാരണക്കാർക്ക് പല പൊതുവഴികളും അപ്രാപ്യമാവുകയായിരുന്നുവെന്ന് പിന്നീട് രാമസ്വാമി നായ്കർ എഴുതി. അതുകൊണ്ടു തന്നെ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾക്കു വേണ്ടി പോരാടുന്ന ഏത് ജനതയ്ക്കും ഏത് കാലത്തും വൈക്കം സത്യാഗ്രഹം ഒരു വഴിവിളക്കാണ്

ഒ.കെ.ശൈലജ ടീച്ചർ

By ivayana