രചന : ജിനി വിനോദ് ✍

ഉണ്ണിക്കിന്ന് പിറന്നാള്
എന്റെ പൊന്നുണ്ണിയിന്ന്
പിറന്ന നാള്
ഉണ്മയറിഞ്ഞു നീ
നന്മയായ് വാഴുവാനമ്മ
കണ്ണീരാലർച്ചന ചെയ്തിടുമ്പോൾ
പ്രാണനായെന്നിൽ
പിറന്നോരുന്നണ്ണി
നീ പാരിനും നല്ലവനായിടേണം
അറിവിന്റെ വഴിയെ നടന്നിടുമ്പോൾ
നീ അലിവോടെ നോവുകൾ
കണ്ടിടേണം
ഇരുളിൽ വെളിച്ചമായ്
തെളിയുന്ന നാളത്തെ
നീയെരുനാളും ഊതിക്കെടുത്തിടല്ലേ
കാലങ്ങൾ താണ്ടി നീ
ഉയരങ്ങളെത്തുമ്പോൾ
ഞാനെന്ന ഭാവത്തെ തീണ്ടിടല്ലേ
ഉയിരുള്ളതിനൊക്കെയും
സ്നേഹം പകർന്നു നീ
ദയവുള്ളൊരാളെന്നറിഞ്ഞിടേണം
ചെയ്തികളൊക്കെയും
സത് കർമ്മങ്ങളാവണം
നീ നന്നെന്ന് ചൊല്ലി കേട്ടിടേണം
ഒടുവിലായമ്മക്ക് തുണയാകുവാൻ
അരുകിലായെന്നുണ്ണി
ഉണ്ടായിടേണം
എന്നും അരുകിലായെന്നുണ്ണി
ഉണ്ടായിടേണം
അമ്മക്കരുകിലായെന്നുണ്ണി
ഉണ്ടായിടേണം

ജിനി വിനോദ്

By ivayana