രചന : വാസുദേവൻ. കെ. വി ✍
പിറക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന കാലം. വികസിത രാജ്യങ്ങളിൽ ഭൂരിഭാഗത്തും ജനസംഖ്യാകണക്കുകൾ പരിശോധിച്ചാൽ ആണിനേക്കാൾ പെണ്ണാധിപത്യം. ഇന്ത്യയിലും ചൈനയിലും പാകിസ്ഥാനിലും പക്ഷേ ആൺമേധാവിത്വം. നിയമം കൊണ്ട് നിരോധിക്കപ്പെട്ടിട്ടിട്ടും പെൺ ഭ്രൂണഹത്യ തടയാൻ കഴിയുന്നില്ല മാറിമാറി വരുന്ന സർക്കാരുകൾക്ക് എന്ന് കാണാനാവുന്നു. സ്ത്രീപക്ഷജിഹ്വകൾ അതിനു വേണ്ടി ക്കൂടി ഒന്നുറക്കെ ശബ്ദിക്കേണ്ടതുണ്ട് പെണ്ണായി പിറക്കാനുള്ള അവകാശത്തിനു വേണ്ടിയാവണം നമ്മുടെ മുറവിളി.
പെണ്ണ് മുത്താണ്, മരകതമാണ് എന്ന കുറിച്ചിടലുകൾ കൊണ്ട് സമൃദ്ധം ആണ്ടിൽ ഒരു ദിവസം.
ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്ത്രീപക്ഷവാദം കൊണ്ട് സമ്പന്നമാവുന്ന സോഷ്യൽ മീഡിയ. . തുറന്നെഴുത്തിനു വേണ്ടി, അംഗീകാരങ്ങൾക്ക് വേണ്ടി, ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടിയൊക്കെ അത് .
ലിംഗവിദ്വേഷ ജൽപ്പനങ്ങൾ മാനവികബോധമില്ലാതെ..പുരുഷ
നെഞ്ചിലോട്ട് ശരമെയ്ത്ത്!!!
സവർണ്ണ സ്ത്രീകൾ ഇഷ്ടവസ്ത്രങ്ങളാൽ മാറുമറച്ച് പട്ടിണിയറിയാതെ, ആരോഗ്യപരിരക്ഷ നേടി പുസ്തകങ്ങളെഴുതി വായിച്ച് നടന്നകാലത്ത് മാറുമറയ്ക്കാൻ അനുവാദമില്ലാതെ, സവർണ്ണ ജന്മിത്തപുംഗവാന്മാരാൽ പാർശ്വവൽകൃത പെണ്ണുടലുകൾ വികാരശമനത്തിനായി കൈയേറ്റം ചെയ്യപ്പെടുകയായിരുന്നു. ദളിത് സ്ത്രീകളുടെ വിയർപ്പിൽ വിളഞ്ഞ ധാന്യങ്ങൾ കൈവശപ്പെടുത്തി സവർണ്ണ അടുക്കളകൾ രുചികരമായ വിഭവങ്ങൾ തയ്യാറാക്കി രുചിക്കുകയായിരുന്നു. അയിത്തചിന്ത കൊണ്ട് സഞ്ചാരസ്വാതന്ത്ര്യം പുരുഷവർഗ്ഗത്തൊടൊപ്പം ചേർന്ന് നിഷേധിക്കുകയായിരുന്നു.., ഗർഭസത്യാഗ്രഹതിനെത്തുന്ന അടിയാള സ്ത്രീകളെ ആട്ടിപ്പായിക്കുകയായിരുന്നു ദുരഭിമാന പൂരിത സവർണ്ണപത്നിമാർ . തങ്ങളുടെ പുരുഷന്മാരുടെ ദളിത് മേനി കൈയേറ്റങ്ങൾക്ക് മൗനസമ്മതം നൽകുകയായിരുന്നു.
ദളിത് കുട്ടികളെ തങ്ങളുടെ മക്കൾക്കൊപ്പം ഇരുന്ന് പഠിക്കാനുള്ള അവസരങ്ങൾ നിഷേധിക്കുകയായിരുന്നു.
നവമാധ്യമ ഇടങ്ങളിലെ സ്ത്രീപക്ഷ എഴുത്തുകാരെ പരിശോധിച്ചാൽ ആ കാഴ്ച കാണാം. വർണ്ണ, വർഗ്ഗ മേധാവിത്ത പിന്മുറക്കാരുടെ സ്ത്രീവാദങ്ങൾ .
കണ്ണെഴുതി വട്ടപ്പൊട്ടിട്ട് പുടവചുറ്റി ആഡംബര വീടിന്റെ പശ്ചാത്തലത്തിൽ സ്ത്രീപക്ഷ മുറവിളി കുറിച്ചിടുന്നവർ ചിന്തിക്കേണ്ടതുണ്ട് തങ്ങളുടെ പൂർവ്വചരിത്രവും. നമ്മളെങ്ങനെ നമ്മളായെന്നതിനുള്ള ഉത്തരം. അവർണ്ണസമൂഹത്തിലെ സ്ത്രീകൾ സഹിച്ചതിന്റെ നാലിലൊന്ന് തങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്ന ചരിത്രസത്യം.
കൈകൊട്ടിക്കളിയിലൂടെ, തിരുവാതിര നോമ്പ് കൊള്ളലിലൂടെയൊക്കെ
കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രസ്ത്രീത്വം ഫ്യൂഡൽ വ്യവസ്ഥിതിക്ക് കുഴലൂതുകയായിരുന്നു. ദളിത് സ്ത്രീകളുടെ വ്യഥകൾ കാണാതെപോവുകയായിരുന്നു. പെൺ വർഗ്ഗ അടിച്ചമർത്തലിന് ഭാഗഭാഗാക്കാവുകയായിരുന്നു
ജാതി വർണ്ണ വർഗ്ഗ യഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെയുള്ള സ്ത്രീപക്ഷ വാദങ്ങൾക്ക് മൂർച്ചയുണ്ടാവില്ല.
വിശപ്പറിയാത്തവർ, കൈയേറ്റവേദന അനുഭവിക്കാത്തവർ, കുടിയിറക്കപ്പെടാത്തവർ സ്ത്രീപക്ഷരോഷം കുത്തിക്കുറിക്കുന്നത് കാണുമ്പോൾ മോഹമുദിക്കുന്നു. ചരിത്രത്തിൽ തങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞു കൊണ്ടായിരുന്നെകിൽ എന്ന മോഹം.
ജൻഡർ ഇന്നിക്വാലിറ്റി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയം തന്നെയാണ്. ഉയരേണ്ടതുണ്ട് ഇക്വാളിറ്റിക്കു വേണ്ടിയുള്ള ശബ്ദങ്ങൾ.അത് മാനവിക ബോധം, ചരിത്രം എന്നിവ മറന്നുകൊണ്ടാവരുത്.
മനുഷ്യനാവണം ആദ്യം, തുടർന്ന്
ലിംഗസമത്വവാദിയും. ചരിത്രം മറന്നുകൊണ്ടുള്ള നവോത്ഥാനം അർത്ഥശൂന്യമാണല്ലോ.