രചന : ജിബിൽ പെരേര✍
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത്.
നിന്നെ കണ്ടാൽ
ഒന്നാം ക്ലാസിലെ
സ്കൂൾ വരാന്തയിൽ വെച്ച്
കുടുക്ക് പൊട്ടി,
പെൺകുട്ടികളുടെയിടെയിൽ
അഴിഞ്ഞുപോയ നിന്റെ നിക്കറും
അക്കാഴ്ചയിൽ
നിർത്താതെ ചിരിക്കുന്ന
രാധയുടെയും
രമയുടെയും മുഖമാണോർമ്മ വരിക..
അതോർത്താൽ ഞാൻ ചിരിക്കും.
മരിച്ചവർ ചിരിക്കാൻ പാടില്ലെന്നാണ്.
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത് .
വന്നാൽ ,
നാലാം ക്ലാസ്സിൽ നീ പ്രേമലേഖനം കൊടുക്കുന്നതും
അവളത് കീറി
നിന്റെ മോന്തയ്ക്ക് എറിയുമ്പോൾ
നീ മൂക്കള ഒലിപ്പിച്ചു
കരയുന്നതുമാണ്
മനസ്സിൽ വരുന്നത്.
അപ്പൊ എനിക്ക്
ഓളുടെ നെറ്റിക്ക് അന്നത്തെ പോലെ
കല്ലെറിയാൻ തോന്നും.
മരിച്ചവർ ആരേം കല്ലെറിയാൻ പാടില്ലല്ലോ!
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത് .
എന്താച്ചാൽ,
അന്നേരം നമ്മൾ
പുഴേക്കുളിച്ചതും
പാടത്ത് കളിച്ചതും
തലേലേക്ക് ഓടിക്കയറി വരും
മരിച്ചോര് പുഴേലും പാടത്തും
പോകാൻ പാടില്ലല്ലോ!
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത്.
നിന്റെ കൈയീന്ന്
ഞാൻ വാങ്ങിയ പൈസ
ഇത് വരെ തിരിച്ചു തരാൻ പറ്റിയില്ലല്ലോ..
കടം പേറും മനസ്സുമായ്
മരിച്ചോര് കണ്ണടയ്ക്കരുതെന്നാണ്.
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത് .
കാരണം,
ഞാൻ മരിച്ചൂന്നും
അവളെ
ഒത്തിരി ഇഷ്ടമായിരുന്നെന്നും
നീ ഓളോട് പറയും..
മരിച്ചോര് ആരേം വേദനിപ്പിക്കരുതെന്നാണ്.
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത് .
എന്നെക്കണ്ടാൽ നീ കരയില്ലേ?
അപ്പൊ ഞാനും കരയില്ലേ?
മരിച്ചോര് എങ്ങനെയാ കരയാ?
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത്.
എന്റെ ചലിക്കാത്ത
ശരീരം കണ്ടാൽ
വിളിക്കാതെ പോയെന്ന്
നീ കുറ്റപ്പെടുത്തില്ലേ?
മരിച്ചോരെ
കുറ്റം പറയാൻ പാടില്ലെന്നാ…
ഞാൻ മരിച്ചാൽ
നീയെന്നെ കാണാൻ വരരുത് .
അന്നേരം
എനിക്ക്
വീണ്ടും ജീവിക്കാൻ തോന്നില്ലേ?
മരിച്ചോരെങ്ങനെയാണ്
വീണ്ടും ജീവിക്കണത്.?
ഞാൻ മരിച്ചാൽ
നീ
നീ മാത്രം
എന്നെ കാണാൻ വരരുത് ..