രചന : ശ്രീകുമാർ എം പി✍
എങ്ങനെയാണെങ്ങനെ
സ്നേഹമെന്നതെങ്ങനെ
മീനമാസരാത്രിയിൽ
വേനൽമഴ പോലെ
ഇന്ദ്രനീലനഭസ്സിൽ
ചന്ദ്രശോഭ പോലെ
മന്ദമാരുതൻ വന്നു
തൊട്ടുണർത്തും പോലെ
മഞ്ചലുമായ് വസന്തം
ചാരെ നില്ക്കും പോലെ
കുടമുല്ലപ്പൂമഴ
പെയ്തിറങ്ങുറങ്ങുമ്പോലെ
മന്ത്രകോടിയുടുത്ത
ചന്ദ്രലേഖ പോലെ
എങ്ങനെയാണെങ്ങനെ
സ്നേഹമെന്നതെങ്ങനെ
പിഞ്ചുമുഖം തെളിക്കും
പുഞ്ചിരികൾ പോലെ
ചന്തമേറും പൂക്കളിൽ
ചാരുഗന്ധം പോലെ
പ്രിയമാർന്നവർതൻ
മൗനസഹനം പോലെ
ഇരുളിൽ തപ്പുന്നേരം
ദീപമെന്ന പോലെ
കാലിടറിപോകുമ്പോൾ
കൈത്താങ്ങെന്ന പോലെ
എങ്ങനെയാണെങ്ങനെ
സ്നേഹമെന്നതെങ്ങനെ
മെല്ലെ വന്നു തഴുകും
വെൺനിലാവു പോലെ
എരിഞ്ഞു കാന്തി തൂകും
നെയ്‌വിളക്കു പോലെ
അമ്മ വാരിത്തരുന്ന
ചോറുരുള പോലെ
അച്ഛന്റെ കരുതലാം
കർശനങ്ങൾ പോലെ
നിറഞ്ഞുനില്ക്കും ദൈവ-
തേജസ്സെന്ന പോലെ
ഈശ്വരന്റെ കൈവിരൽ
തൊട്ടിടുന്ന പോലെ.