രചന : പോളി പായമ്മൽ✍

ആ വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിക്ക് എങ്ങനെയാന്നറിയില്ല ഒരു പുലിക്കുട്ടിയെ കിട്ടി ട്ടാ.
അതിനെ ലുലു എന്നു പേരിട്ട് മറ്റു വളർത്തുമൃഗങ്ങളെ പോലെ തന്നെ മുത്തശ്ശി പരിപാലിച്ചു പോന്നു ട്ടാ.
അത് കണ്ടിട്ട് പൂച്ചയെ പോലെയല്ല പുലിയെന്നും വലുതാവുന്തോറും അവൻ അപകടകാരിയാവുമെന്നും കാട്ടിൽ കൊണ്ടുപ്പോയ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അയലത്തുക്കാരെല്ലാം മുത്തശ്ശിയെ ഉപദേശിച്ചു ട്ടാ.


അവർ പറഞ്ഞതൊന്നും കേൾക്കാണ്ട് മുത്തശ്ശിയാകട്ടെ പിന്നെയും പുലിക്കുട്ടിയെ സ്വന്തം മകനെ പോലെ തീറ്റ കൊടുത്ത് നോക്കി പോന്നു ട്ടാ.
പുലിക്കുട്ടിക്കും മുത്തശ്ശിയെ വല്യ കാര്യാമായിരുന്നു ട്ടാ.
ലുലു മോനെ എന്നു വിളിച്ചാലുണ്ടല്ലോ അവൻ ഓടിയെത്തി മുത്തശ്ശിയെ ചുംബനം കൊണ്ട് മൂടുമായിരുന്നു ട്ടാ. കുസൃതി കൂടുകയും മടിയിൽ കയറി കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു ട്ടാ.


അങ്ങനെയിരിക്കെ ആട്ടിൻക്കുട്ടികളെ നിത്യവും
ദേഹോപദ്രവം ചെയ്യണ ലുലുവിനെ കണ്ടപ്പോൾ മുത്തശ്ശിയുടെ മനസ്സിൽ എന്തൊക്കെയോ തോന്നി ട്ടാ.
ഒരൂസം മനസ്സില്ലാ മനസ്സോടെയാണെങ്കിലും മുത്തശ്ശി വാത്സല്യത്തോടെ പുലിക്കുട്ടിയെ വിളിച്ച് ഒരു ചാക്കിനുള്ളിൽ പിടിച്ചിട്ട് കാട്ടിൽ കൊണ്ടു പോയ് വിട്ടു ട്ടാ.
കാട്ടിൽ കിടന്നു വളർന്ന് പുലിക്കുട്ടി വല്യൊരു പുലിയായ് മാറി ട്ടാ. എന്നാലും തന്നെ പൊന്നോമനയെ പോലെ വളർത്തി വലുതാക്കിയ മുത്തശ്ശിയെ മറക്കാൻ പുലിക്ക് മനസ്സ് വന്നില്ലാ ട്ടാ.


ഇടക്കിടെ ആരും അറിയാതെ മുത്തശ്ശിയെ കാണാൻ അവൻ കാടിറങ്ങി വരുമായിരുന്നു ട്ടാ.
മുത്തശ്ശി കാണാണ്ട്
വീടിന്റെ ഒരു മൂലയിൽ ഒളിഞ്ഞു നിന്ന് മുത്തശ്ശിയെ കൺനിറയെ കണ്ട് അവൻ മടങ്ങിപ്പോകുമായിരുന്നു ട്ടാ.
രാവിലെ പുറത്തേക്കിറങ്ങാറുള്ള മുത്തശ്ശി പുലിയുടെ കാല്പാദങ്ങൾ കണ്ടിട്ട് ലുലു തന്നെ കാണാൻ വന്നതായിരുക്കുമെന്ന് ഉള്ളിൽ കരുതാറുണ്ടായിരുന്നു ട്ടാ. മുത്തശ്ശിക്കും അവനെയൊന്നു കാണാൻ മോഹമുണ്ടായിരുന്നു ട്ടാ.


എന്നാൽ ഗ്രാമവാസികളെല്ലാം പുലിപ്പേടിയിൽ വിറച്ചു കഴിയുകയായിരുന്നു ട്ടാ. അവരെല്ലാം ഊരിലേക്ക് പുലി ഇറങ്ങി വരുന്നതിന്റെ കാരണക്കാരി മുത്തശ്ശിയാണെ ന്ന് പരക്കെ പറഞ്ഞു പരത്തിയിരുന്നു ട്ടാ.
ഒടുവിൽ പഴി കേട്ട് മനം നൊന്ത്‌ പിടഞ്ഞ മുത്തശ്ശി മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റി ട്ടാ.
അവിടെയും മുത്തശ്ശിയെ തേടി ഗ്രാമവാസികളുടെ കണ്ണു വെട്ടിച്ച് ആ പുലി വരാറുണ്ടായിരുന്നു ട്ടാ.
ഇതൊക്കെയാണെങ്കിലും ഒരാളെയും ഉപദ്രവിച്ച കഥകളൊന്നും ആർക്കും പറയാനുണ്ടായിരുന്നില്ലാ ട്ടാ. എന്നിരിക്കലും ആ ഗ്രാമവാസികളും ഭയത്തിന്റെ നിഴലിലായിരുന്നു ട്ടാ.


ഗ്രാമവാസികളുടെ നിരന്തരമായ പരാതികൾ കൊണ്ട് പൊറുതി മുട്ടിയ പഞ്ചായത്ത് അധികൃതരും വനപാലകരും യോഗം ചേർന്ന് ഒരു തീരുമാനത്തിലെത്തി ട്ടാ.
കെണി വച്ച് പുലിയെ പിടിക്കാന് ട്ടാ.
പലവട്ടം ശ്രമിച്ചെങ്കിലും പുലിയെ കുരുക്കാൻ അവരെ കൊണ്ടാന്നും സാധിച്ചില്ലാ ട്ടാ.നാട്ടിലൊക്കെ ഇതൊക്കെ വല്യ വാർത്തയായി ട്ടാ.
ഒടുവിൽ ജനങ്ങളുടെ ജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായ് മാറിയ പുലിയെ വെടി വച്ചു കൊല്ലാൻ സർക്കാർ ഉത്തരവിറങ്ങി ട്ടാ.


ആ വാർത്ത കേട്ടറിഞ്ഞ മുത്തശ്ശി ഒന്നമ്പരന്നെങ്കിലും തന്റെ ലുലുവിന് ഒരാപത്തും വരുത്തല്ലേയെന്ന് മലദൈവങ്ങളോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചിരുന്നു ട്ടാ.
അന്ന് രാത്രി അവൻ മുത്തശ്ശിയെ കാണാൻ വന്നു ട്ടാ. കുറെ നേരം കാത്തിരിന്നിട്ടും മുത്തശ്ശി വീട്ടിൽ നിന്നും പുറത്തിറങ്ങാത്തതു കൊണ്ട് വിഷാദമഗ്നനായ് അവിടം വിട്ടു ട്ടാ.


അപ്പോഴാണ് ഒരു കൂട്ടം ആളുകൾ ഒച്ച വച്ചു കൊണ്ടും പന്തം കൊളുത്തി പിടിച്ചും വടിയും മറ്റും ആയുധങ്ങളുമേന്തി വരുന്നത് കാണണത് ട്ടാ. അവരുടെ ലക്ഷ്യം താനാണെന്ന് മനസ്സിലാക്കിയ പുലി പെട്ടെന്ന് തന്നെ തൊട്ടടുത്ത പൊന്തക്കാട്ടിനുള്ളിലേക്ക് മറഞ്ഞു ട്ടാ.
പുലിയുടെ സാന്നിധ്യം ആ പരിസരത്തുണ്ടെന്ന് മനസ്സിലാക്കിയ ഗ്രാമവാസികൾ പുലി പതുങ്ങിയ പൊന്തക്കാട് വളഞ്ഞു ട്ടാ.
പത്മവ്യൂഹത്തിനുള്ളിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ പുലിയാകട്ടെ പുറത്ത് കടക്കാനാവാതെ നിസ്സഹായനായ് നിന്നു ട്ടാ. അവസാനമായ് മുത്തശ്ശിയെ ഒരു നോക്ക് കാണാൻ കൊതിച്ചു ട്ടാ.


നേരം വെളുക്കും വരെ പുലി, പുറത്ത് വരുന്നതും കാത്തിരുന്ന ഗ്രാമവാസികളുടെ കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ അവർ പ്ലാൻ ചെയ്തു ട്ടാ. പൊന്തക്കാടിന് ചുറ്റും തീയിടാന് ട്ടാ.
നാട്ടുപ്രമാണിമാരും വനപാലകരും ചേർന്ന വലിയൊരു ജനസഞ്ചയം അവിടുണ്ടായിരുന്നു ട്ടാ .കൂട്ടത്തിൽ പുലിയെ വെടിവച്ചു വീഴ്ത്താനുള്ള ഗൺമാൻമാരും ട്ടാ.
അപ്പോഴാണ് എന്റെ ലുലു മോനെ കൊല്ലല്ലേയെന്ന് നിലവിളിച്ചുക്കൊണ്ട് മുത്തശ്ശി അങ്ങോട്ടേക്ക് ഓടിക്കിതച്ചെത്തിയത് ട്ടാ.
അതൊന്നും വകവയ്ക്കാതെ പൊന്തക്കാടിന് തീയിട്ട് പുലിയെ പുറത്ത് ചാടിച്ച് വക വരുത്താനുള്ള ശ്രമം തുടങ്ങിയിരുന്നു ട്ടാ.


കാര്യം പന്തിയില്ലെന്നു മനസ്സിലാക്കിയ മുത്തശ്ശി ഒന്നുറക്കെ വിളിച്ചു ട്ടാ .ലുലു മോനെ പുറത്ത് വാ..
ഒന്നു രണ്ടു വട്ടം വിളിച്ചു നോക്കിയെങ്കിലും ഒരനക്കമൊന്നും കാണാണ്ടായപ്പോൾ ഒരു മുരൾച്ച പോലും കേൾക്കാണ്ടായപ്പോൾ അടുത്ത നിമിഷം എന്താണ് സംഭവിക്കാൻ പോകുന്നതറിയാതെ മുത്തശ്ശി തലയിൽ കൈവച്ചിരുന്നുപ്പോയ് ട്ടാ.
പെട്ടെന്ന് പൊന്തക്കാട് നിറയെ തീയാളി പടർന്നു ട്ടാ. ഒരു അലർച്ചയോടെ പുലി പുറത്ത് ചാടി ട്ടാ.ആൾക്കൂട്ടം ഒന്നു ചിന്നിച്ചിതറിയെങ്കിലും ഗൺമാന്റെ കൈകൾ കാഞ്ചിയിലേക്ക് നീളുന്നുണ്ടായിരുന്നു ട്ടാ.


നിറയൊഴിക്കും മുൻപേ മുത്തശ്ശിയുടെ അരികിലേക്ക് പുലി പാഞ്ഞടുത്തു ട്ടാ.
എല്ലാവരും ഭയന്നു വിറച്ച് നോക്കി നിൽക്കുകയായിരുന്നു ട്ടാ
കരഞ്ഞു തളർന്നവശയായ മുത്തശ്ശിയുടെ മടിയിലേക്ക് മെല്ലെ വീണു തല ചായ്ക്കവേ
പുലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ട്ടാ.
ദേഹം മുഴുവൻ വെന്തു പഴുത്തിരുന്നു ട്ടാ.


ലുലു മോനെ … ഹൃദയഭേദകമായ മുത്തശ്ശിയുടെ നിലവിളികൾ മലനിരകളും താഴ്വാരങ്ങളും കടന്ന് സ്വർഗ്ഗത്തിലെ ദേവതകളെ പോലും കണ്ണീരിലാഴ്ത്തി ട്ടാ.!
ഈ കഥ എഴുതി തീർക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു പോയി ട്ടാ..!!

By ivayana