രചന : ജയന്തി അരുൺ ✍
വേനലവധികഴിഞ്ഞ്
മലയിറങ്ങി, കാടുകയറി
പത്താം തരത്തിലേക്ക്
കാലെടുത്തു വയ്ക്കുമ്പോൾ
ആനന്ദൻ മാഷ്
വിറയ്ക്കുന്നുണ്ടായിരുന്നു.
ജൂൺ മഴയും കാട്ടുകാറ്റും.
നാലഞ്ചു ബഞ്ചും ഡെസ്കും
പൊടിപിടിച്ചും കാലൊടിഞ്ഞും
ഉമ്മവച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നു.
മറച്ചുകെട്ടിയിരുന്ന
കുടപ്പനയോലകളെ
വേനൽമഴ കുതിർത്തെടുത്തു
ചിതലുകൾക്ക് തീറ്റകൊടുത്തിരുന്നു.
ആകെ അഞ്ചുകുട്ടികളുള്ള ക്ലാസ്സിൽ
അന്നു വെളിപ്പെട്ട നാലുപേരും
വിയർപ്പിൽ കുളിച്ചിരുന്നു.
അവർ മാഷിനെ കണ്ടൊന്നു
നിവർന്നു ചുരുങ്ങി.
ക്ലാസ്സുതുടങ്ങും മുമ്പ്
ആകയുള്ളവളെ പ്രതീക്ഷിച്ച്
കാട്ടിലേക്കു കണ്ണയച്ചു.
‘വരൂല മാഷേ, അവള് പെറ്റു.’
അവളെ ക്ലാസ്സിലെത്തിക്കാൻ
നടന്നു തീർത്ത കാട്ടുപാതകൾ
കാലിൽ കുത്തിയപ്പോൾ
മാഷ് കാലിളകുന്ന
കസേരയിലേക്ക് ചാഞ്ഞു,
മനസ്സുനൂർത്തുനൂർത്തു
പുസ്തകത്തിലേക്ക് ചാഞ്ഞു.
*അർജുനവിഷാദയോഗം
കനത്തുപെയ്തിറങ്ങി.
“ഇതിനെയെങ്കിലും
കൊല്ലാതെ വിട്ടുകൂടെ? “
ദുശ്ശളയുടെ കയ്യിലെ
നവജാതനെ നോക്കി
അർജുനൻ വിഷണ്ണനായി പോലും.
മാഷിനും പിന്നിലേ
ചുമരിലേക്ക് ഒന്നാമൻ..
മെലിഞ്ഞു നീണ്ടവൻ..
പെരിയാർ പോലെ പതഞ്ഞൊഴുകി.
അതിന്റെയാഴങ്ങളിൽനിന്ന്
അർജുനന്റെ മെയ്‌വഴക്കത്തോടെ
പെങ്ങളെ കോരി കരയിലേക്കിട്ടു.
വീർത്തുന്തിയ വയറിനകത്തു
യോഗമേതുമില്ലാത്തവൻ
ചാപിള്ളയായൊടുങ്ങി.
രണ്ടാമന് മാഷിന്റെയർജുനനെ
തീരെ പിടികിട്ടിയില്ല.
അവൻ ഈച്ചകളെ കത്തിച്ചു
തേനെടുക്കാൻ
കാട്ടുമരത്തിന്റെ
എത്താക്കൊമ്പിലേക്ക്
കുതിച്ചുയരുകയായിരുന്നു.
ഈച്ച കൊത്തിയ കവിൾ ചൊറിഞ്ഞു :
‘മാഷേ കാട്ടുതേൻ വേണോ? ‘
തേൻകയ്പ് തികട്ടി മാഷ്
മുറ്റത്തേക്ക് നീട്ടിത്തുപ്പി.
മൂന്നാമത്തവൻ അർജുന്റെ
പടച്ചട്ടയണിഞ്ഞ മാറിൽ
തലചേർത്തു മയങ്ങിപ്പോയിരുന്നു.
തലേന്നു രാത്രി കാട്ടുപന്നിയുടെ
വായിൽത്തറച്ച അമ്പുകളെണ്ണിയ
കണക്കുകൂട്ടലിൽപ്പിഴച്ചു പട്ടിണിയായിരുന്നുപോലും.
നാലാമത്തവൻ മാഷിനൊപ്പം
മഹാപ്രസ്ഥാനത്തിനു പുറപ്പെട്ടു.
എത്രകൂട്ടിയിട്ടും കുറഞ്ഞുകുറഞ്ഞു
പോകുന്ന കണക്കിന്റെ കളിയിൽ
വെറും മൂന്നാമത്തെയൂഴത്തിൽ
നരകത്തിലേക്കർജുനനായി.
ആനന്ദവിഷാദയോഗത്തോടെ
മഹാപ്രസ്ഥാനമവസാനിപ്പിച്ച്
പുറത്തേക്കിറങ്ങുമ്പോൾ
മാഷ് വിയർത്തു കിതച്ചിരുന്നു.
മീനച്ചൂടും കനൽക്കാറ്റും.