തോരാതെ പെയ്യുന്ന മഴയും,രാവിലത്തെ കോലാഹലങ്ങളും കഴിഞ്ഞ് ,പതിവിലും വൈകിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കൈ നീട്ടി കാണിച്ചിട്ടാണെങ്കിലോ ഒരു വണ്ടി പോലും നിറുത്തുന്നുമില്ല. വണ്ടിക്ക് കാത്തങ്ങനെ നിൽക്കുമ്പോഴാണ് ധൃതി പിടിച്ച് നടന്നു വരുന്ന റുബീനയെ കണ്ടത്.

” റുബീനേ, നീയിതെങ്ങോട്ടാ?”

”ചേച്ചീ,ഇങ്ങളൊന്ന് വീട് വരെ വരുമോ?”

”ഇപ്പോഴോ, എന്തിനാ ഞാനൊത്തിരി വൈകി പിന്നെ വരാം”

”അതല്ല ചേച്ചീ,ഇപ്പോ വന്നിട്ട് വേഗം പോകാം”

”എന്താ റുബീന,എന്ത് പറ്റി?”

”അത് പിന്നെ ചേച്ചിയൊന്ന് എന്റെ കൂടെ വാ”

കിതച്ച് നിൽക്കുന്ന അവൾക്ക് കൂടുതലായി ഒന്നും പറയാൻ കഴിഞ്ഞില്ല.

ആവശ്യമില്ലാതെ, ബുദ്ധിമുട്ടിക്കുന്ന കൂട്ടത്തിലുള്ള ആളല്ല റുബീന
എന്തായാലും ഞാൻ നനഞ്ഞു.ഇനി കുളിച്ചു കയറാമെന്ന് തിരുമാനിച്ചതോടെ അവളുടെ കൂടെ പോകാൻ തയ്യാറായി.

റോഡിൽ നിന്ന് താഴോട്ടുള്ള ഇടവഴിയിൽ ഇറങ്ങിയപ്പോഴേ കാണാമായിരുന്നു, മൂന്ന് വയസ്സുകാരി കദീജ,കള്ളച്ചിരിയോടെ വീടിൻ്റെ ഉമ്മറപടിയിൽ ഇരിക്കുന്നത് . അവൾക്കരികിൽ ഒരു കസേരയിൽ കദീജയുടെ നേരേ ഇളയതിനെ മടിയിൽ വച്ച് ഇരിക്കുന്ന ഉമ്മാമയും.

റുബീനയും, ഉമ്മാമയും മൂന്ന് കുഞ്ഞു മക്കളുമായിരുന്നു ആ വീട്ടിലെ താമസക്കാർ.റുബീനയുടെ ഭർത്താവ് വിദേശത്താണ്. അവളുടെ ഉമ്മ, വളരെ കുറച്ച് നാളുകളെ ആയുള്ളു എന്നേന്നെക്കുമായി ആ കുടുംബത്തോട് യാത്ര പറഞ്ഞിട്ട്.

എന്തിനായിരിക്കും ഇവളെന്നെ കൂട്ടി വീട്ടിലേക്ക് പോകുന്നത് എനിക്ക് ഒരു പിടിയും കിട്ടിയില്ല.
മുറ്റത്തേക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ ഉമ്മാമ ഇങ്ങനെ പറഞ്ഞു.

” ഇവിടുത്തെ കദീശു എന്തോ പൊല്ലാപ്പ് ഒപ്പിച്ചിട്ടുണ്ട്.”

”മൂക്കിലുണ്ട്,മൂക്കിലുണ്ട് എന്നിങ്ങനെ പറയാൻ തൊടങ്ങീട്ട് നേരം കോറെയായി. ഞമ്മള് നോക്കിട്ടൊന്നും കാണുന്നില്ല ലൈറ്റടിച്ചു കോറെ നോക്കി,
മോളോന്ന് നോക്ക്യാട്ടേ”

”ഇന്ന് നേരം പുലർന്നതു മുതൽ തുടങ്ങിയതാ കുഞ്ഞന് ശീലക്കേട് ഓനേയും, കൊണ്ട് ഞാനൊരു കളി തന്നെ കളിച്ചു”

”റുബീ,മിന്നൂട്ടിയെ സ്കൂളില് പറഞ്ഞയക്കാനുള്ള തിരക്കിലുമായി.അടിയും,ഗുസ്തിയും കഴിഞ്ഞ് മിന്നൂട്ടിയെ പറഞ്ഞയച്ചു.”

”ഒച്ചയൊന്നും കേൾക്കാതായപ്പോഴേ ഞാൻ പറഞ്ഞതാ, കദീശൂനേ,ഒന്നു നോക്ക്യാട്ടേന്ന്. ഓളങ്ങ് നോക്കണ്ടേ, ഓളയൊരു തെരക്കും. ഇപ്പോ കദീശു പറയ്യാ മൂക്കിലുണ്ട് മൂക്കിലുണ്ട് എന്ന്”

ഉമ്മാമ പറഞ്ഞത് മുതൽ ഞാനും നോക്കി കദീശൂന്റെ മൂക്കിൽ എനിക്കും ഒന്നും കാണാനായില്ല. അപ്പോഴും കദീശു പറയുന്നുണ്ടായിരുന്നു

”മൂക്കിലുണ്ട് മൂക്കിലുണ്ട് എന്ന്.” ‘

”അങ്ങോട്ട്, താഴോട്ട് പോയിന് മേലേലാ ഉള്ളത് എന്നും”

കദീശു ഇങ്ങനെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ എനിക്കും ചെറുതായി ഒരു പേടി തോന്നി.

”റുബീ,ഒന്നു ഡോക്ടറെ കാണിച്ച് സംശയം തീർക്കാലോ”

സ്കൂളിൽ വിളിച്ചു ഞാൻ കുറച്ച് വൈകും എന്ന് പറഞ്ഞതിന് ശേഷം കദീജയെയും കൊണ്ട് ഞാനും, റുബീനയും ഇ എൻ ടി സ്പെഷലിസ്റ്റിനെ കാണാൻ പോയി.ഡോക്ടർ നോക്കിയതിന് ശേഷം കണ്ടു, ഒരു കഷ്ണം ക്രയോൺ.മൂക്കിൽ നിന്ന് ഡോക്ടർ അത് പുറത്തെടുത്തു.

അപ്രതീക്ഷിതമായി രാവിലെ തന്നെ ഓട്ടോ ചാർജും, ഡോക്ടറുടെ ഫീസുമായി അഞ്ഞൂറു രൂപ പൊട്ടിയതിന്റെ സങ്കടവും,ദേഷ്യവും റുബീനയിൽ കണ്ടു. ഈ കണക്കൊന്നും ഭർത്താവിനെ അറിയിക്കാനും പറ്റില്ലല്ലോ

”അയച്ച പൈസക്ക് വലിയ കണക്കാ പുള്ളിക്കാരന്,ചേച്ചീ. ഇങ്ങനെയുള്ള ചിലവൊന്നും അവരറിയുന്നില്ലല്ലോ”

”സാരമില്ല റുബീനാ, ഒരു പരിധി വരെ കുഞ്ഞുങ്ങൾ അങ്ങനെയൊക്കെയാണ്. നമ്മൾ എത്ര നോക്കിയാലും വരേണ്ടത് വരും.”

എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു, കദീജയെയും കൊണ്ട് ഞങ്ങൾ മടങ്ങി.

🖋️ബേബിസബിന

By ivayana