അവലോകനം: ഹിജാസ് യു എൽ ✍

പ്രശസ്ത പണ്ഡിതൻ അബ്ദുള്ള ഇബ്നുമുബാറക് ഇടയ്ക്കിടെ ഹജ്ജ് ചെയ്യാൻ മക്കയിലെത്തും. ഹിജ്റ വർഷം 181-ലെ ഹജ്ജ്ളയിൽ അദ്ദേഹം കർമ്മങ്ങളെല്ലാം നിർവ്വഹിച്ചശേഷം മസ്ജിദുൽ ഹറമിൽ കിടന്നൊന്നു മയങ്ങി.
ഒരു സ്വപ്നം പീലിവിടർത്തി. രണ്ട് മാലാഖ ആകാശത്തുനിന്നുംഇറങ്ങിവരുന്നു. ഒരാൾ മറ്റേ മാലാഖയോട്:
“ഈ വർഷം എത്ര പേർ ഹജ്ജ്ചെയ്തു”?
“ഏകദേശം അറുപതിനായിരം”
“എന്നിട്ടെത്ര പേരുടെ ഹജ്ജ് അല്ലാഹു സ്വീകരിച്ചു?”
“ആരുടേതും സ്വീകരിച്ചില്ല. പക്ഷെ ഇവിടെ വന്ന് ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാത്ത ഡമാസ്കസിലെ ചെരുപ്പുകത്തി, അബ്ദുള്ളഎന്നായളുടെ ഹജ്ജ് മാത്രം അല്ലാഹു സ്വീകരിച്ചിരിക്കുന്നു”
പൊടുന്നനെ, അബ്ദുള്ള ഇബ്നു മുബാറക് തന്റെ സ്വപ്നത്തിൽനിന്നും പരിഭ്രാന്തിയോടെ ഞെട്ടിയെഴുന്നേറ്റു. അദ്ദേഹം ആശങ്കയിലാണ്. അറുപതിനായിരം പേരുടെയും ഹജ്ജ് അസ്വീകാര്യമോ? എന്തുമാത്രംകായികാദ്ധ്വാനവും സാമ്പത്തിക നഷ്ടവും. ഹജ്ജിനുപോലും പങ്കെടുക്കാത്ത ഒരാളുടെ ഹജ്ജ് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അയാളുടേത് മാത്രം സ്വീകരിക്കാൻ എന്താവാം കാരണം?
തന്നെ ആശ്ചര്യപ്പെടുത്തുന്ന ആ മനുഷ്യനെ തേടി ഇബ്നു മുബാറക് ഡമാസ്കസിലേക്ക് ഇറങ്ങിപുറപ്പെടുകയായി.
ഡമാസ്കസിലെത്തി, അദ്ദേഹം ആളുകളോട് അന്വേഷിച്ചു. “നിങ്ങളിൽ ആർക്കെങ്കിലും അബ്ദുള്ള എന്നയാളെ അറിയുമോ?.”
ഒരാൾ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുത്തു.
ഇബ്നുമുബാറക് ആ വീട്ടിലെത്തി വാതിലിൽ മുട്ടി. അബ്ദുള്ള വാതിൽ തുറന്നു. ഇബ്നുമുബാറക് അദ്ദേഹത്തോട് പേരും തൊഴിലും അന്വേഷിച്ചു.
“അബ്ദുള്ള” ഇബ്നുമുവഫഖ്, ചെരുപ്പുകുത്തി”
അബ്ദുള്ള പറഞ്ഞു:
“നിങ്ങളെന്തോ വലിയൊരു കാര്യം ചെയ്തിട്ടുണ്ടല്ലോ, അതെന്താ
ണ്? അല്ലാഹുവിനെ ഓർത്ത് അതെന്നോട് പറയണം…”
അപ്പോള്‍ അബ്ദുള്ള വികാരഭരിതനായി വിവരിക്കാന്‍ തുടങ്ങി.
“ചെരുപ്പുകുത്തിയാണെന്ന് പറഞ്ഞുവല്ലോ, ഹജ്ജ്ചെയ്യാൻ അതിയായ കൊതിയായിരുന്നു, എന്തുചെയ്യാൻ വരുമാനം തീരെ തുഛമല്ലേ. ഞാൻ ചാടിയാൽ പൊന്തുകയില്ലല്ലോ. ഇരുപത് വർഷമായി കിട്ടുന്ന ചെറിയ സംഖ്യകൾ പെറുക്കിക്കൂട്ടുകയാണ്. അങ്ങനെ ഇക്കൊല്ലം അതൊത്തുവന്നു.
അപ്പോഴുണ്ടായി ഒരിടംകൊള്ളി, ഗർഭിണിയായ ഭാര്യക്ക് എന്തെന്നില്ലാത്തൊരു പൂതി, മാംസാഹാരം കഴിക്കാൻ. അയൽപക്കത്തെ വീട്ടിൽനിന്ന് മാംസം പാകം ചെയ്യുന്നതിന്റെ മണം അവളുടെ മൂക്കിലെത്തി. ആഗ്രഹം അവൾക്ക് കലശലായി. ഗർഭിണിയല്ലേ, ഒരാഗ്രഹമല്ലേ. അൽപം ചാറിനുവേണ്ടി പിഞ്ഞാണമെടുത്ത്ഞാനിറങ്ങി. ചെന്നപ്പോഴത്തെ കഥ, ന്റെല്ലാഹ് വല്ലാത്തതാണ്!”
പിഞ്ഞാണം നീട്ടിഞാൻ പറഞ്ഞു. “കെട്ടിയോള്‍‍ഗർഭിണിയാണ്.
മണം കേട്ടപ്പോൾ ചാറിനവൾക്ക് എന്തെന്നില്ലാത്ത കൊതി. ലേശം തന്നാലും”
അപ്പോഴാണ് അക്കാര്യം ഞാനറിയുന്നത്. അയൽവാസി സ്ത്രീപറഞ്ഞു.
“ഈ ഭക്ഷണം നിങ്ങൾക്ക് പാടില്ല, ഹറാമാണ്. ഞങ്ങൾക്ക് മാത്രമേ ഹലാല്‍ ആവൂ”
അതെങ്ങനെ!?
ഞാൻ അമ്പരന്നു.
ആ പെണ്ണ് പറയട്ടെ…
“വീട്ടുകാരൻ മരിച്ചിട് നാ ട് ളേറെയായി. ഉണ്ടായിരുന്നതൊക്കെവെച്ചു
വിളമ്പിക്കഴിഞ്ഞു. മൂന്നുദിസമായി എന്റെ മക്കൾ മുഴുപട്ടിണിയാണ്. ഇന്നു രാവിലെ പുറത്തിറങ്ങിയപ്പോൾ ചത്തു കിടക്കുന്ന ഒരു കഴുതയെയാണ് കണ്ടത്. കണ്ണും പൂട്ടി ഒരു തുണ്ട് മുറിച്ചെടുത്തു കൊണ്ടുവ
ന്നു. അതാണടുപ്പത്ത് വേവുന്നത്. ചത്തത് തിന്നേണ്ട പരുവത്തിലാണ് ഞങ്ങളിപ്പോൾ. നിങ്ങൾ ഹജ്ജിന് പോവാൻ ഒരുങ്ങിയിരിക്കുകയല്ലേ.
ഒന്നും വിചാരിക്കരുത്…”
അബ്ദുള്ളയുടെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു കൊണ്ടയാൾ പറഞ്ഞു.
“ആ യത്തീം മക്കളുടെ വാതിൽക്കൽനിന്നു ഞാൻ ഉരുകിയൊലിച്ചുപോയി… അന്നത്തിനു വകയില്ലാതെ യത്തീംമക്കൾ പട്ടിണി കിടക്കുമ്പോൾ എന്ത് ഹജ്ജ്?”
ഹജ്ജിനായി സ്വരുക്കൂട്ടിയ തുകയെല്ലാം അവർക്കു വേണ്ട അന്നത്തിന് കൊടുത്തു.
“ഇതാണെന്റെ ഹജ്ജ്.
ഈ യത്തീം മക്കളാണെന്റെ കഅ്ബ”
എന്ന് ഞാൻ പറഞ്ഞുപോയി.
വിവരണം കേട്ട് ഇബ്നു മുബാറക് പറയുന്നു. ഞാൻ കണ്ട കിനാവ് എന്തുമാത്രം അർത്ഥപൂർണ്ണം. ഉടപ്പിറപ്പുകളുടെ കണ്ണീരൊപ്പാതെഎന്താചാരാനുഷ്ഠാനം!!!
നമ്മളെല്ലാം മക്കയിലുള്ള കഅ്ബയെതേടി അങ്ങോട്ട്ചെല്ലുന്നു. സജ്ജനത്തെതേടി കഅ്ബ ഇങ്ങോട്ട് വരുന്നു.
“പാവങ്ങളിൽ എന്നെയാണ് കാണേണ്ടത്” എന്നാണല്ലോ നബിവചനം.
എല്ലായിടത്തും നബിയുണ്ട്, നാട്ടിലെമ്പാടും അലഞ്ഞുനടന്ന് വാതിലുകൾ തോറും മുട്ടിവിളിക്കുന്നു. നമ്മുടെ ഹൃദയത്തോടു ഭിക്ഷയാചിക്കുന്നു. ദരിദ്രനും വിശക്കുന്നവനും നിന്ദിതനും പീഡിതനും ഭവനരഹിതനും കബളിപ്പിക്കപ്പെട്ടവനും ചൂഷിതനുമായ നബി. സമ്പന്നനും പുരോഹിതനും മതപണ്ഡിതനും ദേവാലയങ്ങളും സുഭിക്ഷതയിൽ വിലസുന്ന നമ്മുടെ നാട്ടിൽ നബിവന്നു നില്‍‍ക്കുന്നു. ദരിദ്രനാണയാൾ… അയാളുടെ മക്കൾക്കു വിശക്കുന്നു… അയാൾ യാചിക്കുന്നു… വാതിലുകൾ മുട്ടിവിളിക്കുന്നു; ഹൃദയങ്ങൾ മുട്ടിവിളിക്കുന്നു. എന്നാലോ, വാതിലുകളായ വാതിലുകളും ഹൃദയങ്ങളായ ഹൃദയങ്ങളുമെല്ലാം അയാളെ ആട്ടിയോടിക്കുന്നു. തീരെക്കുറച്ചു ഹൃദയത്തിനു മാത്രം നബി തേനടയാകുന്നു…..
പുസ്തകം :-🌹ബോധിഹിറ🌹നബിചരിതം കാണാക്കാഴ്ചകൾ.

ഹിജാസ് യു എൽ

By ivayana