രചന : സന്തോഷ് പെല്ലിശ്ശേരി ✍
മധു ,
നീയറിഞ്ഞോ …?
നിനക്ക്
നീതി കിട്ടിയത്രെ…!!
എവിടെ കിട്ടി..?
എങ്ങിനെ കിട്ടി…?
അന്ന് ,
അവര് പിടിച്ചെടുത്ത
” തൊണ്ടി ” മുതൽ വച്ച്
നീ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നെങ്കിൽ ,
അടിച്ചും കുത്തിയും ചവുട്ടിയും
കൊല്ലുന്നതിന് മുമ്പ്
അവർ നിനക്ക്
അവസാനമായി ഒരിറക്ക്
ദാഹനീരെങ്കിലും
തന്നിരുന്നെങ്കിൽ
ഞാൻ പറഞ്ഞേനെ – നിനക്ക്
ഇത്തിരിയെങ്കിലും
നീതി കിട്ടിയെന്ന് …
സത്യത്തിൽ
എന്താണ് നീതി ..?
എവിടെയാണ്
നീതി ..?
നിനക്ക്
നഷ്ടമായത് നിന്റെ ജീവനാണ് ,
നിന്റെ അമ്മയ്ക്ക് നഷ്ടം
നൊന്തുപെറ്റ മകനെയാണ് ,
നിന്റെ സോദരിക്ക് നഷ്ടം
കൂടപ്പിറപ്പിനെയാണ്…
ഇതിനൊക്കെ
എവിടെ പകരം കിട്ടി..?
കൃത്യമായ ഇടവേളകളിൽ
വ്യായാമം , ഉറക്കം ,
വിശേഷ ദിവസങ്ങളിലും
ആഴ്ചയിൽ ഒന്നുരണ്ടു ദിവസവും
പ്രത്യേക മെനു അനുസരിച്ചുള്ള
സ്പെഷ്യൽ അടക്കം
നേരാനേരം ഭക്ഷണവുമൊക്കെ
ഉൾപ്പെടുത്തി
കുറച്ചു കൊല്ലങ്ങൾ തടവു കിട്ടും ,
നിന്നെ കൊന്നവർക്ക് …
അത്ര തന്നെ.
” നല്ല ” നടപ്പാണെങ്കിൽ
വേഗം പോരുകയും ആവാം…
ഭക്ഷണമൊന്നും കൊടുക്കാതെ
ഒരാഴ്ച …
ഒരൊറ്റയാഴ്ച …
അവരെ
തടവിലിട്ടാൽ
അവർ നിന്നെ ,
നിന്റെ വിശപ്പിനെ …
അവരൊന്ന്
ഓർത്തേനെ …
സത്യത്തിൽ ,
നിന്റെ മരണമോ,
ഈ വിധിയോ ,
ഞാനും കൂടെ ഉൾപ്പെടുന്ന
ഈ സമൂഹത്തെ
ഒന്നും പഠി.പ്പിക്കുന്നില്ല മധു ,
ഒന്നും പഠിപ്പിക്കുന്നില്ല -…
നീ
ക്ഷമിക്കണം…!
ആരും കൊന്നിട്ടില്ല എന്നേയുള്ളൂ , ഞങ്ങളിൽ
പലരും
ഇവിടെയീ വ്യവസ്ഥിതിയിൽ
എന്നേ
മരിച്ചവരാണെന്നോ….