രചന : സുബി വാസു ✍

വ്യക്തി സ്വാകാര്യത എന്നത് മലയാളികൾക്ക് അറിയാത്ത താണോ? അതോ മനഃപൂർവം മറക്കുന്നതാണോ?പലരും പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടക്കുന്നുണ്ട്. സാധാരണ സംസാരത്തിൽ, സോഷ്യൽ മീഡിയയിൽ, വാർത്തമാധ്യമങ്ങളിൽ, പൊതു ഇടങ്ങളിൽ തുടങ്ങി ജീവിതത്തിന്റെ സകലമേഖലയിലും പലപ്പോഴും വ്യക്തികളുടെ സ്വകാര്യത മാനിക്കപ്പെടാതെ പോകുന്നു.


ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യതയുണ്ട്. അതിനെ മാനിച്ചുകൊണ്ടുവേണം എത്രവലിയ സിലിബ്രിറ്റി ആയാലും നമ്മൾ ഇടപെടേണ്ടത്. അതിനു ആണെന്നോ പെണ്ണെന്നോ വത്യാസം ഉണ്ടാകേണ്ട ആവശ്യമില്ല. കാരണം എല്ലാവർക്കും അവരവരുടെ ശരീരം അവരുടെ സ്വകാര്യതയാണ്. അവർക്കും ചിന്തകളും വികാരങ്ങളും ഉണ്ട് പലതും അതിരു കടക്കുമ്പോൾ അവർ പ്രതികരിച്ചു എന്നും വരാം.


ഭരണഘടനയിൽ പോലും വ്യക്തി സ്വകാര്യതയെ കൃത്യമായി നിർവചിക്കുകയും, അതിന്റെ പ്രാധാന്യം വ്യകതമാക്കുകയും ചെയ്യുന്നുണ്ട്.സ്വകാര്യതയെന്നത് ഭരണഘടനയുടെ സംരക്ഷണമുള്ള അവകാശമാണ്. അത് പ്രധാനമായും ജീവനും വ്യക്‌തി സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാ വകുപ്പിൽനിന്ന് (21) ഉരുത്തിരിയുന്നതാണ്. എന്നാൽ, സ്വാതന്ത്ര്യവും അന്തസും ഉറപ്പുനൽകുന്ന മറ്റു മൗലികാവകാശങ്ങളിലും വ്യത്യസ്‌ത സാഹചര്യങ്ങളിലായി സ്വകാര്യത കടന്നുവരുന്നു.
∙ മനുഷ്യരുടെ അന്തസിന്റെ കാതലാണ് സ്വകാര്യത. വ്യക്‌തികളുടെ താൽപര്യങ്ങൾ, കുടുംബജീവിതത്തിന്റെ പവിത്രത, വിവാഹം, സന്താനോൽപാദനം, ഭവനം, ലൈംഗിക മനോഭാവം തുടങ്ങിയവയുടെ പരിപാലനം സ്വകാര്യതയുടെ കാതലായി കരുതണം.
∙ ഭരണഘടനയിലെ മറ്റു മൗലികാവകാശങ്ങൾപോലെതന്നെ, സ്വകാര്യതയ്‌ക്കുള്ള അവകാശവും സമ്പൂർണമല്ല. വ്യക്‌തിസ്വാതന്ത്ര്യത്തിൽ ഭരണകൂടം ഇടപെടുമ്പോൾ മൂന്നു കാര്യങ്ങൾ കണക്കിലെടുക്കണം – ഇടപെടൽ നിയമാനുസൃതമാണോ, ഭരണകൂടത്തിന്റെ ഉദ്ദേശ്യം ന്യായമാണോ, ഇടപെടലിന്റെ ലക്ഷ്യങ്ങളും അവ സാധ്യമാക്കുന്നതിനുള്ള രീതിയും തമ്മിൽ പൊരുത്തമുണ്ടോ.
സ്വകാര്യതയ്‌ക്കുള്ള ഭരണഘടനാപരമായ അവകാശത്തെ അംഗീകരിക്കുമ്പോൾ കോടതി ഭരണഘടന ഭേദഗതി ചെയ്യുകയോ, പാർലമെന്റിനു നിശ്‌ചയിച്ചിട്ടുള്ള ഭരണഘടനാപരമായ ദൗത്യം ഏറ്റെടുക്കുകയോ അല്ല.


ഏതു വ്യക്‌തിക്കും സ്വകാര്യതയ്‌ക്കുള്ള അവകാശം സ്വാഭാവികമായ അവകാശമാണ്. അത് വ്യക്‌തിയുടെ ജനനം മുതലേയുള്ളതാണ്, മരണംവരെ ഒപ്പമുണ്ടായിരിക്കുന്നതുമാണ്.
മറ്റാളുകളുടെ അനാവശ്യ നിരീക്ഷണങ്ങളിൽനിന്നും ഒഴിഞ്ഞ്‌, സ്വകാര്യത ആസ്വദിക്കുന്നതിനുള്ള ആഗ്രഹം ഏതൊരാൾക്കും ഉണ്ട്‌. അതിനായി ജീവിതത്തിലെ ചില കാര്യങ്ങൾക്കു ചുറ്റും മറകെട്ടാനുള്ള അവകാശം അയാൾക്കുണ്ട്‌ എന്നാണ്‌.അൽപ്പമെങ്കിലും സ്വകാര്യത ആസ്വദിക്കാനുള്ള ഓരോ വ്യക്തിയുടെയും അവകാശം പണ്ടുമുതലേ മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്‌.


വാക്കുകൾ കൊണ്ടും, നോക്കുകൊണ്ടും ഒരാളുടെ സ്വകാര്യതയെ ചുഴിഞ്ഞു നോക്കാനുള്ള മലയാളികളുടെ കൗതുകം എപ്പോഴും ശ്രദ്ധിക്കപെട്ടിട്ടുണ്ട്. പൊതു ഇടങ്ങളിൽ എങ്ങനെ പെരുമാറണം എന്നുള്ളത് ഇനിയും അറിയാത്ത ആളുകൾ പുതു തലമുറയിൽ പോലും, ഇത്രയും വിദ്യാഭ്യാസമുള്ള ആളുകൾക്കിടയിൽ പോലും ഉണ്ടെന്നുള്ളത് നമ്മുടെ പോരായ്മ തന്നെയാണ്. ഒരാളുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുമ്പോൾ, അതും തീർത്തും അപരിചിതമായ ഒരു വ്യക്തിയാണെങ്കിൽ എത്രത്തോളം അതു മാനസികപിരിമുറുക്കം സൃഷ്ടിക്കും. ഇനി പരിചയമുള്ള ആളുകൾ തന്നെ ആണെങ്കിലും ശരീരത്തിൽ സ്പർശിക്കാൻ അനുവാദം തേടുകതന്നെ വേണം. അതു ആണായാലും പെണ്ണായാലും അവരുടെ അനുവാദം പ്രധാന്യമുള്ളതാണ്.


സുഹൃത്ബന്ധങ്ങളിലും, പ്രണയ ബന്ധങ്ങളിലും, വൈവാഹിക ബന്ധങ്ങളിലും വ്യക്തി സ്വകാര്യതക്കു പ്രാധാന്യമുണ്ട്. പക്ഷെ പലരും ഇത് കാത്തു സൂക്ഷിക്കുന്നില്ല.ആൺ പെൺ സൗഹൃദങ്ങളിൽ ഇന്നത് തീരെയില്ല എന്ന് തന്നെ പറയാം. പ്രണയബന്ധങ്ങളിലും വ്യക്തിസ്വാതന്ത്ര്യമെന്നതു ഹനിച്ചു കൊണ്ട് ബന്ധങ്ങൾ തുടരുമ്പോൾ പലപ്പോഴും ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടി വരുന്നു.പലപ്പോഴും ഇത്തരം ടോക്സിക് ബന്ധങ്ങളുടെ പരിണിതഫലമെന്നോണം പ്രണയ കുരുതികൾ നടക്കുന്നു. തങ്ങളിലേക്ക് ഒതുക്കി,തന്റെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരാണ് അധികവും. വിവാഹ ബന്ധങ്ങളിൽ താലി എന്നത് ഒരു അധികാരമാണ്. തന്റെ ഇണക്കുമേൽ ശാരീരിക, മാനസിക അധികാരം സ്ഥാപിക്കാനുള്ള അവകാശം. അവർക്കും ഇഷ്ടങ്ങളും, സ്വകാര്യതയുമുണ്ടെന്നു മറക്കുന്നവർ.


കേരളക്കാരെ സംബന്ധിച്ച് തുറിച്ചു നോട്ടങ്ങളും ഒളിഞ്ഞുനോട്ടങ്ങളും ഏറ്റവും കൂടുതലുണ്ട്. അപ്പുറത്തെ സംസാരങ്ങൾ കാതോർത്തു അവരോട് അതിനെപ്പറ്റി ചോദിക്കുന്നത് ഒരു ഹരമാണ്, അതിനൊരു വൈക്ലഭ്യം പലർക്കും ഇല്ല. ആരാന്റെ അടുപ്പിലോട്ട് നോക്കിയിരിക്കാൻ ഉത്സാഹം കൂടുതൽ ഉള്ളവർ. ഇതൊക്കെ അന്യന്റെ വ്യക്തിപരമായ കാര്യങ്ങൾ ആണ് ഞാൻ ഇടപെടുന്നില്ല എന്നാലോചിച്ചാൽ മതി. ഇതിനോടൊപ്പം ചേർന്ന് പറയേണ്ട മറ്റൊരു കാര്യമുണ്ട് ചാനൽ ഇന്റർവ്യൂകൾ.പലരും വ്യക്തിപരമായ ചോദ്യങ്ങൾ ചിരിച്ചു തള്ളുന്നുണ്ട്, മറുപടി പറയാൻ താല്പര്യം കാണിക്കാതെ വഴുതി മാറാറുണ്ട്, ചിലർ അതു തുറന്നു പറയാറുണ്ട് എങ്കിലും ആങ്കർമാർ അവരോട് ചോദിച്ചു പോകും, അവരെ ഇറിറ്റേറ്റ് ചെയ്യും. പല ഷോസ്‌ കാണുമ്പോഴും തോന്നാറുണ്ട് അവരുടെ അസ്വസ്ഥത.


പിന്നെയൊരു കടന്നുകയറ്റം ആണ് സെൽഫി. അതൊരു വല്ലാത്ത അസ്വസ്ഥതതന്നെയാണ്. ആളുടെ സമ്മതം ഇല്ലാതെ ചേർന്ന് നിന്ന്, ചേർത്ത് നിർത്തി ഫോട്ടോ എടുക്കൽ പലരും അതിൽ അതൃപ്തി പ്രകടിപ്പിക്കുമെങ്കിലും അതൊന്നും കാര്യമാക്കാറില്ല. മിക്കവാറും സെലിബ്രിറ്റികൾ അനുഭവിക്കുന്ന പ്രശ്നമാണ് hug, സെൽഫിയൊക്കെ.ചിലർ പ്രകടിപ്പിക്കും, ചിലരത്‌ കാര്യമാക്കണ്ടന്നു കരുതും.ഇനിയവർ പ്രതികരിച്ചാലും അതിനെതിരെ സംസാരിക്കാനും അവരെ തരം താഴ്ത്താനും ആളുകൾ ഉണ്ട്.അപർണ ബാലമുരളി ചെറിയൊരു ഉദാഹരണം മാത്രം.സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ പോലെയാണ് വ്യക്തി ഹത്യനടക്കുന്നതു,വ്യക്തികളുടെ സ്വകാര്യതയാണ് അവിടെ തടസപ്പെടുന്നത്.
അതുപോലെ ചാനൽ ചർച്ചകളിലും ആശയങ്ങൾ അല്ല ഏറ്റുമുട്ടുന്നത്, വ്യക്തികൾ ആണ്. വ്യക്തി പരാമർശങ്ങളിൽ ഊന്നികൊണ്ട് ചർച്ചചെയ്യുമ്പോൾ ആ വ്യക്തിയെ എത്രകണ്ടു തളർത്താം എന്നാണ് ശ്രമിക്കുന്നത്. പലതും വ്യക്തി ഹത്യകൾ ആണ്. അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് പഴയിടം മോഹൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ.


ഓരോ വ്യക്തികളുടെയും സ്വകാര്യത മാനിക്കാൻ നമ്മൾഓരോരുത്തരും ശീലിച്ചു വരേണ്ടതുണ്ട് അതു സൗഹൃദമായാലും, പ്രണയമായാലും, വിവാഹ ബന്ധങ്ങൾ ആണെങ്കിലും. എത്രയൊക്കെ പ്രിയപ്പെട്ടവർ ആണെങ്കിലും അവർ സ്വയം മനസുതുറന്ന് സംസാരിക്കുന്നതു വരെ കാത്തിരിക്കുക അല്ലാതെ അവരെ പോയി കുത്തി കുത്തി ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. അറിയാനുള്ള കൗതുകം ഓരോരുത്തരിലും ഉണ്ടെങ്കിലും അതു പറയാൻ ആ വ്യക്തിക്കു താല്പര്യം ഇല്ലെങ്കിൽ ബുദ്ധിമുട്ടിക്കരുത്. നിങ്ങൾ നിങ്ങളുടെ സ്വകാര്യത ഓർത്താൽ മതി, മറ്റൊരാൾ നിങ്ങളോട് വ്യക്തിപരമായ കാര്യങ്ങൾ തിക്കുമ്പോൾ നിങ്ങൾക്കുണ്ടാവുന്ന അസ്വസ്ഥത ഓർത്താൽ മതി. അനുവാദമില്ലാതെ സ്വന്തം ശരീരം സ്പർശിക്കുമ്പോൾ, hug ചെയ്യുമ്പോൾ ഉള്ള മാനസിക വിഷമങ്ങൾ ഓർത്താൽ മതി മറ്റുള്ളവരുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കും.

സുബി വാസു

By ivayana