ആത്മഹത്യാമുനമ്പിലെത്തുമ്പോൾ
നീ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കണം.

അരുതേയെന്നു യാചിക്കുന്ന രണ്ടു കണ്ണുകൾ
നിന്നെ പിന്തുടരുന്നുണ്ടെങ്കിൽ
എന്തു പറ്റിയെന്ന് ചോദിച്ച് കരം കവരുന്ന
ഒരാളെ നീ കാണുന്നുണ്ടെങ്കിൽ

നിന്നോട് സംസാാരിക്കാൻ വ്യഗ്രത കാട്ടുന്ന കാലുകൾ
നിന്നെ അനുഗമിക്കുന്നുണ്ടെങ്കിൽ

അകലെയെവിടെയോയിരുന്ന്
നിനക്ക് ഞാനില്ലേയെന്ന് ചോദിക്കുന്ന
ഒരു സൌഹൃദം നീ നിന്റെ മനസ്സിൽ സൂക്ഷിക്കുന്നുവെങ്കിൽ
നീ ആത്മഹത്യ ചെയ്യില്ല.

നിന്റെ ആത്മഹത്യക്കുറിപ്പ് വായിച്ച് നിയമപാലകർ
നിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നത്

നിന്റെ സൌഹൃദങ്ങളെ ജനങ്ങൾ
സംശയത്തോടെ നോക്കുന്നത്
നീയൊന്നു തിരിഞ്ഞു നോക്കണം
നീയാത്മഹത്യ ചെയ്യില്ല.

നിന്റെ തുന്നിക്കെട്ടിയശരീരം
പൊതുദർശനത്തിന് വയ്ക്കുമ്പോൾ
അവിടെയെത്തുന്ന മുഖങ്ങളിലേക്ക്
നീയൊന്നു സൂക്ഷിച്ചു നോക്കണം

നിന്റെ മരണത്തിൽ മനസ്സിൽ ചിരിക്കുന്നവർ
പുറമെ അഭിനയിക്കുന്നവർ
ഹൃദയം പൊട്ടി വിലപിക്കുന്നവർ

ഇനിയൊരിക്കൽ തിരിച്ചു വരണമെന്നാഗ്രഹിച്ചാൽ
നിനക്കിവിടേക്കെത്താനാവില്ലെന്നും
നീയുരിഞ്ഞുവച്ച ജീവിതമാകുന്ന ഉടുപ്പ്
നിനക്കെടുത്തണിയാനാവില്ലെന്നും
വേദനയോടെ നീ തിരിച്ചറിഞ്ഞാൽ
നീയൊരിക്കലും ആത്മഹത്യ ചെയ്യില്ല.

എന്തിനാ എന്നെ വിട്ടു പോയതെന്ന്’ പറഞ്ഞ്
നിന്റെ പ്രിയതമ
അലമുറയിട്ട് കരയുമ്പോൾ

ഒന്നുമറിയാത്ത കുഞ്ഞ്
നിന്റെ മൃതശരീരം ഉമ്മ വയ്ക്കുമ്പോൾ

നൊന്തു പ്രസവിച്ച അമ്മ
വളർത്തി വലുതാക്കിയ അച്ഛൻ

നിന്റെ കൂടപ്പിറപ്പുകൾ
നിന്റെ ചങ്കായ കൂട്ടുകാർ

അവരിലൊരാളെയെങ്കിലും നീ മനസ്സിലോർക്കുക
നീ ആത്മഹത്യ ചെയ്യില്ല.

ഇനിയും ആത്മഹത്യാമുനമ്പിലൂടെയാണ്
നിന്റെ യാത്രയെങ്കിൽ

ഇനിയുമൊരു മടക്കയാത്രയ്ക്ക്
നീ തയ്യാറല്ലെങ്കിൽ
നീ ആത്മഹത്യ ചെയ്തോളൂ

കാരണം ഈ ലോകത്തിന്
നീ യോജിച്ചവനല്ല
ലോകത്തിന് നിന്നെ ആവശ്യവുമില്ല
നീ മരിച്ചവനാണ്
മരിച്ചവൻ.

By ivayana