രചന : സണ്ണി കല്ലൂർ✍

രണ്ടാഴ്ചയിലൊരിക്കലാണ് അയാൾ വീട്ടിൽ വരുക.. വെള്ളിയാഴ്ച വൈകീട്ടു് വന്നാൽ പിന്നെ കൂട്ടുകാർ സിനിമാ, നാട്ടുവിശേഷങ്ങൾ ആഘോഷമായി പുഴയിൽ നീന്തി ഒരു കുളി അങ്ങിനെ രണ്ടു ദിവസം പെട്ടെന്ന് പോകും ഞായറാഴ്ച വൈകീട്ട് വീണ്ടും ജോലിസ്ഥലത്തേക്ക്…
രണ്ടു വർഷമായി ഇത് തുടരുകയായിരുന്നു. അന്ന് പതിവിലും നേരത്തെ അയാൾ വീട്ടിലെത്തി. കൂട്ടുകാർക്ക് വലിയ സന്തോഷം നാലുമണിയോടുകൂടി എല്ലാവരും ടൗണിലേക്ക്.. നാട്ടിലെ പുതിയ സംഭവങ്ങൾ വഴക്കുകൂടൽ കശപിശ, രഹസ്യമായ കാര്യങ്ങൾ ഇതൊക്കെ വിശദമായി ചർച്ച ചെയ്ത് ചന്തയിൽ എത്തിയതറിഞ്ഞില്ല. പതിവിൽ കൂടുതൽ തിരക്ക്.


ആരാണ് ഇന്ന് ചിലവ് ചെയ്യുന്നത്… ഒരാളുടെ ചോദ്യം..
നമുക്ക് പിരിവെടുത്താലോ… മറ്റൊരാൾ
വാടാ ഉവ്വേ.. ദേ ഇവിടെ കയറി കളയാം.
അവർക്ക് പിന്നിലെ മേശയിൽ സ്ഥലം കിട്ടി ആറു പേരുണ്ട്.
സപ്ളയർ വെള്ളം കൊണ്ടുവന്നു. ജീരകത്തിൻറ മണമുള്ള ചൂടു വെള്ളം.
എനിക്ക് പൊറോട്ടായും ഇറച്ചിയും മതി.. കൂട്ടത്തിലെ തടിയൻ
എന്നാൽ പിന്നെ എല്ലാവർക്കും അതു തന്നെ മതി…
അവർ സംസാരം തുടർന്നു. ഹോട്ടലിൽ നിറയെ ആളുണ്ട്… പറയുന്നത് ഒന്നും തിരിയുന്നില്ല വലിയ ശബ്ദം… അടുക്കളയിൽ നിന്നും പുക വരുന്നുണ്ട്.
സിനിമാക്ക് കയറിയാലോ…..തമിഴ് ഇടി പടമാണ്. പിന്നെ ജ്യോതിലക്ഷ്മിയുടെ ഡാൻസ്…
ഞാൻ ഇന്നലെ കണ്ടതാണ്. അത്രക്ക് വലിയ ഗുണമൊന്നുമില്ല. പിന്നെ കണ്ടിരിക്കാം….
ചെറിയ പിഞ്ഞാണത്തിൽ ചൂടൻബീഫും മൂന്നു പൊറോട്ടയും വീതം കുരുമുളകും മസാലയും ചേർന്ന മണം.. കൊതി തോന്നി തുടങ്ങി..


എല്ലാവരും സംസാരം നിർത്തി പൊറോട്ട ചാറിൽ മുക്കി രുചിക്കുകയാണ്.
ശരിക്കും വയർ നിറഞ്ഞ അനുഭൂതി… പൈപ്പിൽ പോയി സോപ്പിട്ട് കൈ കഴുകിയിട്ടും മസാലയുടെ മണം മാറിയില്ല.
കടയിൽ നിന്നും ഇറങ്ങി തിയ്യേറ്ററിന് മുൻപിലെത്തിയപ്പോൾ അയാൾ…
എല്ലാവർക്കും ടിക്കറ്റ് എൻറെ പേരിൽ.
മുറുക്കാൻ കടയിൽ നിന്നും സിഗരറ്റ് പാക്കറ്റുമായി ഒരാൾ .. വന്നു.
വാടാ ചുമ്മാ സമയം കളയാം….
രണ്ടു പ്രാവശ്യം കാണാനുള്ള കോളില്ല, നിങ്ങൾ കയറിക്കോ നാളെ രാവിലെ കാണാം കൂട്ടുകാരിലൊരാൾ യാത്ര പറഞ്ഞു.

സിനിമാ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പത്തുമണി… അമ്മ ഭക്ഷണം മേശമേൽ വച്ചിരിക്കുന്നു.
ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അയാൾ പുഴയിലേക്ക് നടന്നു.
നിലാവ് പത്തുമണി പൊക്കത്തിൽ പാലപൂത്ത മണം….. അയാൾ പുഴയിലിറങ്ങി കുളിച്ചു തണുപ്പു തോന്നി, മഞ്ഞുണ്ട്.. തിരിച്ച് വീട്ടിലെത്തി ആഹാരം കഴിച്ചെന്നു വരുത്തി, അമ്മ പ്രാർത്ഥനയിലാണ്.


തെക്കേ മുറിയിലെ മേശ വിളക്ക് കെടുത്തി. ക്ഷീണം… അയാൾ കട്ടിലിൽ കിടന്നു. പക്ഷേ ഉറക്കം വന്നില്ല. മുന്നിലും വശങ്ങളിലും തുറന്നു കിടക്കുന്ന ജനൽപാളികളിലൂടെ പുറത്തെ കാഴ്ചകൾ കാണാം.. ഇലകളിൽ നിന്നും ഇറ്റു വീഴുന്ന തുള്ളികൾ. നല്ല നിലാവ്. ദൂരെയുള്ള ഇല്ലിക്കൂട്ടം ഏതോ ഭീകരജീവിയെപ്പോലെ … തിരിഞ്ഞും മറിഞ്ഞും കിടന്നു. നേരിയ വിയർപ്പിൽ ശരീരം പായിൽ ഒട്ടുന്നതു പോലെ…
അമ്മ ഉറങ്ങി കാണും…. അയാൾ എഴുന്നേറ്റു വാതിൽ തുറന്ന് പതുക്കെ മുറ്റത്തേക്കിറങ്ങി. നിലാവെളിച്ചത്തിൽ തിളങ്ങുന്ന മുൻവശത്തെ മാവിലകൂട്ടം.. ചരലിൽ കാൽ പതിഞ്ഞപ്പോൾ നനവ്.. തെക്കുഭാഗത്തേക്ക് നടന്നു..

തൂങ്ങികിടക്കുന്ന മുല്ലവള്ളി അയാളുടെ നെറ്റിയിൽ ഉരസി
പാതിരാവ് ആയില്ല. പ്രകൃതി നിശ്ചലം, മരം പെയ്യുന്ന സ്വരം മാത്രം, കഴുത്തിൽ ചുറ്റിയിട്ട തോർത്ത് എടുത്ത് മുഖം തുടച്ചു. പുഴക്കരികിൽ അയാൾ നിന്നു.
വടക്കുപടിഞ്ഞാറു ഭാഗത്തു നിന്നും മഴവരുന്നതുപോലെ എരവം… അയാൾ മുകളിലേക്ക് നോക്കി, അശേഷം മേഘങ്ങളില്ല. നോക്കെത്താത്ത ദൂരം നിലാവെളിച്ചം
പെട്ടെന്ന് കടൽ ഇരമ്പുന്നതു പോലെ ഭൂമി കുലുങ്ങിയൊ എല്ലാം പൊടുന്നനെ… അതിവേഗതയിൽ എന്തോ ഒന്ന് കിഴക്കോട്ട് പാഞ്ഞുപോയി.. മൂടൽ പോലെ.. വീണ്ടും നിശ്ശബ്ദത,


അയാൾ അനങ്ങാതെ സ്തംഭിച്ച് നിൽക്കുകയാണ്. വലുപ്പമുണ്ട് നിലത്തുകൂടിയായിരുന്നോ അതോ അൽപം ഉയരത്തിലോ. പുകപടലം ഇപ്പോഴും.. താൻ കേട്ടത് ചങ്ങല കുലുങ്ങുന്നതോ ..തിടമ്പോ അല്ലെങ്കിൽ ആയിരം മണികൾ കിലുങ്ങതു പോലെ അയാൾ ഓർക്കാൻ ശ്രമിച്ചു
പിന്നെ പതിയേ നടന്നു ഇറയത്തെത്തി. നിലാവ് മേഘം മറച്ചു.
രാവിലെ അമ്മ എഴുന്നേറ്റപ്പോൾ ഇറയത്ത് വെറുതേ കിടക്കുന്ന മകനെ കണ്ടു.
നീ എന്താ ഇവിടെ കിടന്നു കളഞ്ഞത്. എന്തു പറ്റി അമ്മ ആകാംക്ഷയോടെ ചോദിച്ചു.
ഒന്നുമില്ല അമ്മേ അയാൾ എഴുന്നേറ്റ് കട്ടിലിൽ പോയി കിടന്നു.
പത്തുമണിയോടെ അയാൾ ഉറക്കമുണർന്നു. അമ്മ അടുത്തു തന്നെ ഉണ്ട്.
കുറേശ്ശെ പനിയുണ്ട് .. അമ്മ അയാളുടെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു.
സാരമില്ല, ഇന്നലെ മഞ്ഞു കൊണ്ടതായിരിക്കും.


അയാൾ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്തു അൽപം കഞ്ഞി കുടിച്ചു.
താൻ ഇന്നലെ കണ്ട സ്ഥലത്തേക്ക് നടന്നു, അവിടെ ചുറ്റുപാടും നോക്കി. വഴിപോക്കർ അയാളോട് വിശേഷങ്ങൾ ചോദിച്ചു. അയാൾ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
പടിഞ്ഞാറ് രണ്ട് മൈൽ ദൂരെ ഒരമ്പലമുണ്ട്. അവിടെ നിന്നും നേർരേഖയിൽ കിഴക്ക്ഭാഗത്ത് പുഴക്ക് അക്കരെ മറ്റൊരമ്പലം.. ചെറുപ്പത്തിൽ കേട്ട കഥകൾ അയാൾ ഓർത്തു. ദുർദേവതകൾ, അവരുടെ അകമ്പടിയോടെ ചില ദിവസങ്ങളിൽ രാത്രിയിലെ സഞ്ചാരം, തേരോട്ടം.


താൻ കണ്ടത് അതായിരിക്കുമോ.. മനസ്സിൽ ഭയം
താൻ എന്താ ഇവിടെ നോക്കുന്നത് വല്ലതും പോയോ. ഞാൻ സഹായിക്കാം. കൂട്ടുകാരനാണ്.
പരിചയഭാവം കാണിക്കാതെ ഒന്നുമില്ല എന്നു മാത്രം അയാൾ ഉത്തരം പറഞ്ഞു. എന്തോ കുഴപ്പമുണ്ട് ഇയാൾ ഇങ്ങനെയല്ലല്ലോ, രണ്ടാഴ്ച കഴിഞ്ഞ് കണ്ടതാണ്. സമയമില്ല. അയാൾ കാര്യമാക്കാതെ വേഗം നടന്നു.
ഞായറാഴ്ച അയാൾ തിരിച്ചു പോയില്ല.


തിങ്ങളാഴ്ച അമ്മ രാവിലെ ചോദിച്ചു, നീ ജോലിക്ക് പോകുന്നില്ലേ.. സുഖമില്ലേ…. വീണ്ടും ചോദ്യങ്ങൾ.
അമ്മ ശല്യമുണ്ടാക്കല്ലെ.. എനിക്ക് കുഴപ്പമൊന്നുമില്ല.
ഉച്ചതിരിഞ്ഞപ്പോൾ ആരോടും ഒന്നും പറയാതെ അയാൾ പോയി.
കൂട്ടുകാരുടെ ഇടയിൽ സംസാരം.. നമ്മൾ വൈകീട്ടു കാപ്പി കുടിച്ചു സിനിമാ കണ്ടു … നേരം വെളുത്തപ്പോൾ പെട്ടെന്ന് മാറ്റം, നമുക്ക് എന്ത് ചെയ്യണം, ജോലിസ്ഥലത്ത് പോയാലോ…


വേണ്ട ആള് അൽപം ദേഷ്യകാരനാണ് നമ്മൾ വെറുതേ സൗഹൃദം കളയണ്ട,
ഇനി വല്ല പ്രേമം വല്ലതും ആണോ…
അതിന് വഴിയില്ല, അങ്ങനെയുള്ള കാര്യങ്ങൾ നമ്മളോടു പറയുന്നതല്ലേ….

ഒരു മാസം കഴിഞ്ഞു അയാൾ വന്നില്ല, ചിലപ്പോൾ ജോലി തിരക്കുള്ളപ്പോൾ അങ്ങിനെയാണ് അതു കൊണ്ട് ആരും കാര്യമാക്കിയില്ല. തിരക്കു പിടിച്ച ജീവിതം നൂറു കാര്യങ്ങൾ.


ഒരു ദിവസം രാവിലെ അയാൾ വന്നു തിരിച്ചറിയാൻ പ്രയാസം.. താടിയും മുടിയും വളർന്നു, മുഷിഞ്ഞ വേഷം വല്ലാതെ ക്ഷീണിച്ചു. കൂട്ടുകാർക്ക് വളരെ സങ്കടം പലരും സംസാരിക്കാൻ ശ്രമിച്ചു അയാൾ നിർവികാരനായി എന്തൊക്കെയോ പറഞ്ഞു. അമ്മക്ക് പ്രായവും അസുഖങ്ങളും അവരും വല്ലതെ തളർന്നു.
നല്ല ബലവാനും സുന്ദരനും ആയിരുന്നു ചിലർ അയാളെ കളിയാക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു അയാൾ അവരെ നേരിട്ടു. അതോടെ നാട്ടിൽ അയാൾ കൊള്ളരുതാത്തവൻ എന്ന് അറിയാൻ തുടങ്ങി.
പിന്നെ കുറേ നാൾ അയാളെ ആരും കണ്ടില്ല.


ഇടക്ക് വന്നു. അയാൾ ശരിക്കും കൈവിട്ടുപോയി.
അയാൾക്ക് വേണ്ട രീതിയിലുള്ള ചികിൽസ മറ്റു സഹായങ്ങൾ ചെയ്യുവാൻ ആരും മുന്നോട്ടു വന്നില്ല.. വിധി….
നല്ല ചെറുപ്പക്കാരനായിരുന്നു.
കാലങ്ങൾ കടന്നു പോയി യാതൊന്നും അവശേഷിക്കാതെ മറഞ്ഞു പോകുന്ന അനേകായിരം ജന്മങ്ങളുടെ കൂട്ടത്തിൽ അയാളും…

സണ്ണി കല്ലൂർ

By ivayana