രചന : ജിസ്നി ശബാബ്✍

റമളാനിൽ മാനം ചോക്കുമ്പോൾ
പടച്ചോന്റെ പളളീലെ
ബാങ്കിന്റെ വിളികേട്ടാൽ
ഖൽബിന്റെയുള്ളിലൊരു നോവുണരും.
ഓർമകൾ എന്നെയുംകൊണ്ടൊരു
ഓലപ്പുരയിലോട്ട് ഓടിക്കയറും.
ഒറ്റമുറി,
മൂലയ്ക്കൊരു കീറിയ പായചുരുട്ടും
അങ്ങേതലക്കൽ
പുകയാത്തൊരു അടുപ്പിനു
കൂട്ടിരിക്കുന്ന രണ്ടു കലങ്ങളും.
ഈ പുരയിൽ നിന്നും കട്ടെടുത്തൊരു
ഓപ്പണ്‍ കിച്ചണുണ്ടിന്നെന്റെ വീട്ടില്‍.
ആണ്ടിലേറെയും നോമ്പാണ്
പുരയ്ക്കുള്ളിലെങ്കിലും,
റമളാനിൽ മാത്രമേ
നോമ്പ്തുറയുള്ളൂ.
മഗ്‌രിബ് ബാങ്കിനുമുന്നേ
കുഞ്ഞോന്റെ കൈപിടിച്ച്
പള്ളിയെത്തുംവരെ ഓടും.
അവിടെ നിന്നാണാദ്യം,
സർബത്ത് രുചിച്ചത്
ഈന്തപ്പഴത്തിന്റെ മധുരമറിഞ്ഞത്
സമൂസ കടിച്ചത്
പേരറിയാത്തത് പലതും
തിന്നതും കുടിച്ചതും.
മടക്കം, ഉമ്മാന്റെ പങ്ക്
കീശ നനയ്ക്കുന്നുണ്ടാകും.
ഞാനും കുഞ്ഞോനും ചേര്‍ന്നിരിക്കും
ഉമ്മ നോമ്പ് തുറക്കും.
ഉമ്മാക്കെന്താ പള്ളീല് വന്നാലെന്ന
കുഞ്ഞോന്റെ പരിഭവം,
പാടില്ലയെന്ന ഉത്തരവും കൊണ്ട്
പതിയെ പിൻവാങ്ങും.
ശവ്വാലമ്പിളി,
തക്ബീറുയരുമ്പോൾ
ഞാനും കുഞ്ഞോനും മുഅ്മിനാവും,
ഉസ്താദ്‌ പറഞ്ഞ
റമളാൻ കഴിയല്ലേയെന്ന്
കൊതിക്കുന്ന മുഅ്മിൻ.
ഫിത്വിറിന്റെ അരിയും
സക്കാത്തിന്റെ നോട്ടും
കഴിയുന്നവരെ നോമ്പില്ലല്ലോ
എന്നാശ്വസിച്ച് ഞങ്ങളുറങ്ങും.
ഇന്ന്,
ഉമ്മ നീട്ടിയ ഭക്ഷണപ്പൊതിയുമായി
ഞാനും കുഞ്ഞോനും
തെരുവിലോട്ടു നടന്നു.
പുരയില്ലാത്ത വിശപ്പുകൾക്കൊപ്പമിരുന്ന്
നോമ്പ് തുറക്കുമ്പോള്‍,
പള്ളിയില്‍ കാണാത്ത പടച്ചോനെ
ഈ പുഞ്ചിരിയിൽ ഞാൻ കണ്ടു.
തസ്ബീഹ് മണികളിൽ അറിയാത്ത
ഇലാഹിന്റെ സ്പർശം
ഈ കരങ്ങളിൽ തൊട്ടു ഞാനറിഞ്ഞു.
യാ റഹീം,
അറിയുന്നു ഞാന്‍
കനിവാണ്
കരുതലാണ്
സ്നേഹമാണ്
നീയെന്ന്.

ജിസ്നി ശബാബ്

By ivayana