വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീ
വസുധൈവകുടുംബകം വാഴുവാൻ
സൗരയൂഥഗോളകങ്ങളിലാദിമജീവ‐
സ്പന്ദമായ് തുടിതാളമാർന്നു നീ!

പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽ
ഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾ
മണമില്ലാസുതാര്യചാരുതയാർന്നു
കണികാണായി ജലകണം മിഴികളിൽ!

ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐
ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലം
ധരതന്റെ ദാനമായിന്ദുമാറീടവേ,
വരമായ ഗർത്തങ്ങൾ സാഗരങ്ങൾ!

തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെ
ചിരകാലം കുത്തിക്കവർന്നു മർത്ത്യർ!
തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്
തീരാമഹാവ്യാധി തീർത്തൂ ധരണിയും!

മരതകക്കാടിന്റെ വേരുതോണ്ടി
ഗിരിശൃംഗശിലകൾ പിഴുതുമാറ്റി
ആറുകൾ വിഷമൊഴുകുമോടയാക്കി
മരണമോ,മഹി മേച്ചിൽപ്പുറവുമാക്കി!

ഒരു കായകല്പചികിത്സയിലാണ് ഭൂമിയാൾ
തുറുങ്കിലാണിന്നു നരഭീകരസഞ്ചയം!
തെരുവുകൾ നീളേ നിരങ്ങി വിരാചിപ്പൂ
തിര്യക്കുകൾ, പക്ഷിമൃഗജീവിതങ്ങൾ!

മാരുതനില്ല പുകക്കറ;ഹൃദ്യസുഗന്ധമല്ലോ
അമൃതസംഭരണികൾ ജലാശയങ്ങൾ
പ്രകൃതിചൂഷകരത്രയും ഹതാശരെങ്ങുമേ
സുകൃതചര്യർക്കിത് ആനന്ദഭവനമേ!

കീറിയ ഓസോൺകുപ്പായം തുന്നി‐
ച്ചിരിതൂകിക്കണ്ണിറുക്കുന്നുണ്ട് ഭൂമിക
അറിയട്ടെ വിവരദോഷികൾ കർമ്മഫലം
പിറുപിറുക്കുന്നു ഗൂഡസ്മിതമാർന്നു പൗർണ്ണമി

രഘുനാഥൻ കണ്ടോത്ത്

By ivayana