രചന: സതി സുധാകരൻ പൊന്നുരുന്നി.✍

അക്കരെ നില്ക്കണ തേക്കുമരത്തിൻ കൊമ്പിലിരിക്കണ തത്തമ്മേ…
ഇക്കരെ നില്ക്കണ വാകമരത്തിൽ കൂടൊരുക്കാമോ?
പൊൻതൃക്കക്കാവിലിന്ന്
വേലേം, പൂരോം കാണാൻ പോകാം…
സ്വർണ്ണത്തേരുരുട്ടി നടക്കണ കണ്ടു നടന്നീടാം.
തപ്പുണ്ട്,തകിലുണ്ട് നാദസ്വരമേളമുണ്ട്
നിരനിരയായ് താലമേന്തിയ പെൺകൊടിമാരുണ്ടേ!.
മീനമാസ രാവുകളിൽ, പാലൊഴുകണ ചന്ദ്രികയിൽ
പൊൻകിരീടം ചാർത്തി നടക്കും ഗരുഡൻ തൂക്കം കണ്ടീടാം
പൊന്നരയാൽ തറയിൻ നിന്നൊരു
ശംഖൊലി തൻ നാദംകേട്ടു
അമ്മയെ താണു വണങ്ങാൻ ഭക്തരും വരവായി.
കാലിൽ ചിലമ്പണിഞ്ഞ് ചെഞ്ചോരപ്പട്ടും ചാർത്തി
കൊടുവാളാലുറഞ്ഞു തുള്ളും വെളിച്ചപ്പാടുണ്ടേ
പൊൻ തൃക്കക്കാവിലിന്ന് വേലേം പൂരോം
കാണാൻ പോകാം പൊൻതൂവൽ കോതി മിനുക്കി
കാഴ്ചകൾ കണ്ടു നടന്നീടാം.

സതി സുധാകരൻ

By ivayana