രചന: ശ്രീകുമാർ എം പി✍
ഇന്ന്
ഈസ്റ്റർ.
അന്ത്യനിദ്രയേകിയെന്നു കരുതി
അവസാനത്തെ
ആണിയുമടിച്ചു പോയവരെ
അമ്പരപ്പിച്ചു കൊണ്ട്
അവൻ
ഉയർത്തെഴുന്നേറ്റ ദിവസം .
സത്യത്തെ നുണയായും
വെളിച്ചത്തെ ഇരുട്ടായും
കണ്ടവരെ
അമ്പരപ്പിച്ചു കൊണ്ട്
അവൻ
ഉയർത്തെഴുന്നേറ്റ ദിവസം .
ബലത്തെ ദൗർബ്ബല്യമായും
ധൈര്യത്തെ ഭീരുത്വമായും
അറിവിനെ അജ്ഞതയായും
കാണുവാൻ ശ്രമിച്ചവരെ
അമ്പരപ്പിച്ചുകൊണ്ട്
അവൻ ഉയർത്തെഴുന്നേറ്റ ദിവസം.
എളിമയും തെളിമയും കാണാത്ത
നൈർമ്മല്യവും പരിശുദ്ധിയുമറിയാത്ത
അബദ്ധജടിലൻമാരെ
അമ്പരപ്പിച്ചു കൊണ്ട്
അവൻ
ഉയർത്തെഴുന്നേറ്റ ദിവസം.
അടിച്ചമർത്തിയും
പീഡിപ്പിച്ചും
ആനന്ദിച്ചവരെ
അമ്പരപ്പിച്ചു കൊണ്ട്
അവൻ
ഉയർത്തെഴുന്നേറ്റ ദിവസം.
എല്ലാം
കൈപ്പിടിയിലും
കാൽച്ചുവട്ടിലുമാക്കിയെന്ന്
കരുതിയ
ആർത്തി പൂണ്ട അധർമ്മത്തെ
അമ്പരപ്പിച്ചു കൊണ്ട്
അവൻ
ഉയർത്തെഴുന്നേറ്റ ദിവസം .
അതെ !
ഇന്ന് ഈസ്റ്റർ !
സത്യം ഉയർത്തെഴുന്നേറ്റ ദിവസം !
വസന്തവും വെളിച്ചവും
കാന്തിയും കരുണയും
വിശുദ്ധിയും പരിമളവും
ഒന്നായ് പരന്ന്
ലോകം ആഹ്ലാദം കൊണ്ട ദിവസം !