രചന : വാസുദേവൻ. കെ. വി✍

അലിഗഡ് സ്റ്റേഡിയതിനടുത്തുള്ള രണ്ടുമുറി വീട്. ഗ്യാസ് സിലിണ്ടരുകൾ വിതരണം നടത്തി അന്നംതേടുന്ന ഖാൻ ചന്ദ് സിങ്ങും കുടുംബവും അവിടെയായിരുന്നു. അച്ഛനെ സഹായിക്കാൻ ഒമ്പതാംക്ലാസ്സിൽ പഠിത്തം ഉപേക്ഷിച്ച് മൂന്നാമത്തെ പുത്രൻ അച്ഛനെ തൊഴിലിൽ സഹായിക്കാനിറങ്ങി.


ഒമ്പത് പേരടങ്ങുന്ന കുടുംബം മുന്നോട്ട് പോകാന്‍ തൂപ്പുജോലിക്കാരനായും ഓട്ടോ ഡ്രൈവറായുമെല്ലാം അവൻ പണിയെടുത്തു. സഹോദരനൊപ്പം ഓട്ടോറിക്ഷാ ഓടിച്ചു. അതിനിടയിൽ ഇത്തിരി കോലുകുത്തിക്കളിയും. അനുജന്റെ കളിപാടവം തിരിച്ചറിഞ്ഞ ജേഷ്ഠൻ രാത്രിയിലും ഓട്ടോ ഓടിച്ച് ക്രിക്കറ്റ് ബാറ്റും ഷൂസും, അബ്ഡം ഗാർഡുമൊക്കെ അവന് വാങ്ങി നൽകി. അണ്ടർ 16 ടൂർണമെന്റിൽ യു പി ടീമിലെത്തി. പിന്നെ രഞ്ജി ട്രോഫിക്കുള്ള ടീമിലും. രഞ്ജി സീസണിൽ ഒ മ്പത് മത്സരങ്ങളിൽ നിന്നുമായി റൺസ് അടിച്ചുകൂട്ടി. അവന്റെ കളി കണ്ട് കിങ്സ് ഇലവൻ പഞ്ചാബ് അവനെ ടീമിലെടുത്തു.


അതിനിടയിൽ അബുദാബിയിൽ പോയി കളിച്ചതിന് രാജ്യത്തെ വെള്ളാന ബോർഡിൽ നിന്ന് മൂന്നു മാസം സസ്പെൻഷനും ഏറ്റുവാങ്ങി.
2018 മുതൽ ഷാരൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ്‌ റൈഡർസിലെത്തി. കേവലം എണ്പതു രൂപയ്ക്ക്. അതുകൊണ്ട് അവൻ സ്വന്തമായി ഒരു വീട് വെച്ചു. സഹോദരന് പുതിയൊരു വാഹനം കൂടി വാങ്ങിനൽകി. പെങ്ങളെ കെട്ടിച്ചയച്ചു.
പെരുത്ത കോടികൾ വാങ്ങി കളിക്കളത്തിൽ ക്ഷ ങ്ങ വരയ്ക്കുന്ന ധോണി, രാഹുൽ, കോഹ്ലി താരങ്ങളെ പോലെ ഓൺലൈൻ ചൂതാട്ട പരസ്യങ്ങളിൽ മുഖം കാട്ടിയില്ല. ഐ പി എല് വേദികളിൽ 78 മത്സരങ്ങളിലായി 1400 റൺസും മൂന്നു വിക്കറ്റും സ്വന്തമാക്കി.


ഇത്തവണത്തെ ഈസ്റ്റർ ദിനം അവൻ അവിസ്മരണീയമാക്കി. നിലവിലെ ചാമ്പ്യൻ ഗുജറാത്ത് ടൈറ്റാൻസിനെതിരെ മനോഹരവിജയം നേടിക്കൊണ്ട്. കുറ്റികുത്തി കളി പണ്ഡിത ദർശനങ്ങളെ കാറ്റിൽപ്പറത്തികൊണ്ട്.. അവസാനഓവറിൽ ജയിക്കാൻ 29 റൺസെന്ന മഹാമേരു. നിമിത്തം പോലെ യു പി ടീമിലെ സഹകളിക്കാരൻ പന്തെറിയാനെത്തി. ഫാസ്റ്റ് ബൗളർ യാഷ് ദയാലിന്റെ ഓവറിൽ അഞ്ചു പടുകൂറ്റൻ സിക്സറുകൾ പറത്തിക്കൊണ്ട്.. ലക്ഷങ്ങൾ ചെലവിട്ട് മക്കൾക്ക് ആധുനിക പരിശീലനം നൽകി “സച്ചിൻ സ്വപ്നം” കാണുന്ന മാതാപിതാക്കൾ കാണേണ്ടതുണ്ട് അവന്റെ ആത്മവിശ്വാസത്തിന്റെ വിജയം. ക്രിക്കറ്റ് കുടുംബ പാരമ്പര്യവുമില്ലാതെയെത്തി ഹീറോ ആയി മാറിയ അവൻ റിങ്കു സിംഗ്. ഈ ഇടംകൈയൻ ബാറ്റ്സ്മാൻ ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ പ്രത്യാശയോടെ കാത്തിരിക്കാം ഇനി നമുക്ക്.

വാസുദേവൻ. കെ. വി

By ivayana