രചന : ഗോപി ചെറുകൂർ ✍
തൂവൽത്തുമ്പിൽ നിന്നിറ്റിറ്റുവീഴും
ജീവന്റെ തുള്ളികളും
കൂടൊരുക്കീയൊരെൻ
സങ്കല്പമെല്ലാം വ്യഥകളായ്
വീണടിയുന്നു…………….
രാവിൻ മാസ്മരഗീതങ്ങൾ പാടി
ദൂരെ പോകും കനികൾ തേടി
കരുതിവെച്ചോരോ ധാന്യങ്ങളും
പിറക്കമുറ്റാത്തവർക്കേകീടുവാൻ…….
കുറുകിക്കുണുങ്ങിയ ചുണ്ടുകളാലെ
ചുംബനം നൽകിയതെത്രയെന്നോ
സന്തോഷമോടെ സാന്ത്വനമോടെ
തൻ ചിറകുകൾക്കുള്ളിൽ മയങ്ങിടുന്നു ………
ഈ മരച്ചില്ലകൾക്കുള്ളിൽ നാം
ഇനിയെത്ര കാലം കഴിയുമെന്നറിയുകില്ല
മാറും മനസ്സും ഋതുക്കൾ പോലും
മായും ജീവപ്രകാശങ്ങളും…….
ഇവിടെ ഞാൻ ചേർത്തു വെച്ചോരോന്നോരോന്നും
വെട്ടിത്തെളിച്ചു കിടന്നിടുന്നു
ശൂന്യത മാത്രമാണിന്നിവിടെ………
പിടയുന്നു മനസ്സും ദേഹവുമിവിടെ
ഇനിയേതു ചില്ലയെന്നറിയാതെ
ഉരുകുന്നു ഉള്ളവും വേർപെടും വേദന
ഉറ്റവർ കാണാതെ ഞാനിരിക്കെ……..
കാനൽമരങ്ങളും,അരുവിയും പുഴകളും
ഓർമ്മകൾ മാത്രമാണിന്നിവിടെ
വറ്റിവരണ്ടുണങ്ങുന്ന പാടങ്ങളും
കതിരു കാണാകാലത്തിലേക്കോ……
ആരോ കല്ലെറിയുന്നിതാ എന്നെ
ഒരു തൂവൽ കൊഴിഞ്ഞങ്ങു വീണുതാഴെ
അതിദൂരമില്ലാതെ അതിലേതുമില്ലാതെ
പിടയുന്നു ഞാനും ദാഹമോടെ…………
==Gk🖊️==