രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
നിറങ്ങളോരോന്നായി പറഞ്ഞുതരുന്നവർ
കറുപ്പിലെത്തുമ്പോളൊന്നു മടിച്ചതെന്തേ
കറുപ്പിലെത്തുമ്പോളാ കറുപ്പിനുമാത്രമായ്
ഉദാഹരണങ്ങൾ ഏറേ നിരന്നതെന്തേ
കറുപ്പിനെ മാത്രമടർത്തി മാറ്റി അവർ
കറുപ്പിനെ പെരുപ്പിച്ചു കറുപ്പിച്ചതെന്തേ
രാക്ഷസന്മാരുടെ കഥകൾ പറഞ്ഞവർ
ചുവന്ന കണ്ണും കറുപ്പുടലും വരച്ചതെന്തേ
കാക്കകളും കാട്ടുപോത്തുകളും മാത്രം
കറുപ്പെന്നു തറപ്പിച്ചു പറഞ്ഞതെന്തേ
കറുത്ത കണ്ണനാണെങ്കിലും മഞ്ഞയും
നീലയും ഉടുപ്പിച്ചു മയിൽപ്പീലി ചാർത്തിയില്ലേ
വെളുത്ത പകലുകളിൽ മാന്യരായവർ തന്നെ
കറുത്ത രാത്രിയിൽ പുറം തിരിഞ്ഞതെന്തേ
വെളിച്ചത്തിൽ വെളുക്കെ ചിരിച്ചു നടന്നവർ
വെളിച്ചം മറഞ്ഞാൽ ചിരിയിൽ മഞ്ഞയെന്തേ
കറുത്ത കാക്കയെ തേടി പിതൃതർപ്പണത്തിനായ്
മടിക്കാതെ കൈ കൊട്ടി വിളിച്ചതെന്തേ
കറുത്തൊരാനയുടെ വെളുത്ത കൊമ്പിനായി
വെളുത്തവൻ കാടുകയറിയില്ലേ
വെളുപ്പിനെ മറയാക്കി കറുത്ത മനസുമായ്
വെള്ളയുടുപ്പിട്ടാൽ നാം മനുഷ്യനായോ
മനസ്സിന്നകങ്ങളിൽ നിറയ്ക്കുക തൂവെളിച്ചം
അതിലത്രേ നിറങ്ങളേഴും ഒന്നുപോലെ