രചന : മാധവ് കെ വാസുദേവ്✍
”ജീവിതം ഇങ്ങിനെയൊക്കെ ആണടാ… നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും നമുക്കു കിട്ടല്ല. പലതും നമ്മറിയാതെ നമ്മുടെ മിഴികള്‍ക്കു മുന്നിലൂടെ ഒഴുകിപോകും നമ്മൾക്കു പലപ്പോഴും നിസ്സഹായതയോടെ നോക്കിനില്ക്കാനെ കഴിയു. കാരണം നമ്മള്‍ അല്ല ആരോ. നമ്മുടെ മനസ്സുകൾ നാമറിയാതെ വിഡ്ഢിവേഷം കെട്ടുന്നു അല്ലെങ്കില്‍ ആരോ കെട്ടിക്കുന്നു”
മിഴികളില്‍ നിറച്ച നിര്‍വ്വികാരതയെന്നുമൊരു സഹകാരിയായിരുന്നു. മനസ്സിലെ നിവര്‍ത്തിപ്പിടിച്ച മോഹങ്ങള്‍ക്കു ഇപ്പോഴും ഒരു ചിത്രശലഭത്തിന്റെ ആയുസ്സ് മാത്രം. പറന്നു പോകുന്ന ദേശാടനക്കിളികളെ പോലെ മാറുന്ന കാലാവസ്ഥ മാറ്റം പോലെ മനസ്സു അമ്മാനാമാടി കളിക്കുന്നു ജീവിതത്തെ.
സേതു എന്നുമിങ്ങിനെയായിരുന്നു. തലയ്ക്കു മേലേ കുന്നുകൂടുന്ന നഷ്ടങ്ങളില്‍ മുഖമമര്‍ത്തി കിടന്നു മാനത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കുക. വെറുതെ കണ്‍മുന്നില്‍ മിന്നുന്നവയിലെക്കുള്ള അറിയാത്ത ദൂരമളക്കുക. നാഴികളും വിനാഴികളുമെണ്ണിത്തിട്ടപ്പെടുത്തുക. പിന്നെ ഭ്രാന്തിന്‍റെ വക്കോളമെത്തി പൊട്ടിച്ചിരിക്കുക. വിരലുകള്‍ക്കിടയില്‍ എരഞ്ഞു തീരുന്ന ബീഡിയുടെ പൊള്ളലില്‍ മനോവ്യാപാരങ്ങളില്‍ നിന്നും തിരികെയെത്തുക.
വിചിത്രങ്ങളായ ചിന്തകുളും വ്യവഹാരങ്ങളുമായിരുന്നു സേതുവിന്‍റെ കൂട്ടാളികള. അതുകൊണ്ട് തന്നെയവനെ പഠിക്കുക എളുപ്പമായിരുന്നില്ല. വായനയുടെ ലോകത്തു നിന്നു പകര്‍ന്നു കിട്ടിയ അക്ഷരങ്ങളില്‍ ഒളിഞ്ഞിരുന്നൊരു കരുത്തിന്‍റെ
ബലത്തില്‍ നഷ്ടപ്പെട്ട ഭൂതകാലത്തെ തിരിച്ചുപിടിക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ ആണവന്‍ അക്ഷരങ്ങളുടെ ഇടയില്‍ നിന്നുമവളെ കണ്ടെത്തിയത്.
ചുരുണ്ടമുടിയും വീതിയേറിയ നെറ്റിത്തടവും തിളിങ്ങുന്ന കൊച്ചു കണ്ണുകളും അവനറിയാതെ അവളിലേക്ക് അടുപ്പിച്ചത്. അക്ഷരങ്ങളുടെ പ്രതലത്തില്‍ നിന്നു കൊണ്ട് അവള്‍ വരച്ചിട്ട വരികളിലൂടെ കടന്നു പോവുമ്പോള്‍ ആദ്യമൊക്കെയൊരു രസമായിരുന്നു. പക്ഷെ എഴുത്തിന്‍റെ കൈവഴികളിലൂടെയൊഴുകി നീങ്ങിയപ്പോള്‍ അവന്‍ ഒരിക്കലവൻ്റെ അവന്‍റെ നിത്യക്കുറിപ്പിലെഴുതി.
വെറുമൊരു കൗതുകത്തില്‍ തുടങ്ങി കാതങ്ങള്‍ പിന്നിട്ടപ്പോളറിഞ്ഞു ഇതൊരു കൗതുകമല്ല ആത്മാവിലടര്‍ത്തി മാറ്റാന്‍ കഴിയാത്ത ഒന്നാണിതെന്നു. ഒരുപക്ഷെ ഇതെന്‍റെ അവസാന നാളുകളിലെ മോഹമാവാം. മരണത്തിനു തൊട്ടു മുന്നേയുള്ള ഒരു മോഹം. അന്നവനെഴുതി മരണത്തെ പറ്റി.
“”മരണത്തെക്കുറിച്ചൊരിക്കല്‍ അവനെഴുതി മനുഷ്യര്‍ക്ക് മരണത്തോട് പ്രണയമാണെന്നു. സ്വന്തം നിലനില്പ്പില്‍ വിശ്വാസമില്ലാത്ത മനസ്സുകളുടെ അപക്വ ചിന്തകളാണ് മരണത്തിന്‍റെ ആദ്യ ചുവടുകളളെന്നു””
പിന്നെയവനെന്തിനീ വഴി തിരഞ്ഞെടുത്തു. മനസ്സിലെയുത്തരം കിട്ടാത്ത, തേടും തോറും അകന്നകന്നു പോവുന്ന ഒരു മരീചിക പോലെ.
അസ്തമനത്തിന്‍റെ ആഘോഷം കെട്ടടങ്ങിയ കടല്‍ തീരം. സന്ധ്യ രാത്രിയില്‍ അലിഞ്ഞു ചേരുന്ന പോലെ ഓരോരുത്തരായ് തീരം വിടുന്നു. പിന്നെ ശേഷിക്കുന്ന കടല്‍ത്തിരയും കാറ്റും ഞാനും മാത്രം. അങ്ങിനെ ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഒരു നോവിന്‍ പൂവ് ഇതള്‍ വിടര്‍ത്തും. അല്ലെങ്കില്‍ ജീവിതത്തില്‍ എല്ലാവരും വിരുന്നുകാര്‍ ആയിരുന്നല്ലോ. ഈ കടല്‍ പോലെ.
കടലിന്‍റെ അതിര്‍വരമ്പിലൂടെ പുക തുപ്പി ഒരു കപ്പല്‍ നിഴല്‍ പോലെ നീങ്ങുന്നു. ഓര്‍മ്മയില്‍ നിറംമങ്ങിയ ചില ചിന്തുകൾപോലെ. നേരമേറെ മുന്നോട്ടു പോയിരിക്കുന്നു. പൂഴിമണലില്‍ അമര്‍ന്ന കാല്‍പ്പാദങ്ങള്‍ വേഗത്തില്‍ മുന്നോട്ടു ചവുട്ടുമ്പോള്‍ റബ്ബര്‍ ചെരുപ്പില്‍ നിന്നും തെറിക്കുന്ന മണല്‍ തരികള്‍ ചാറ്റൽമഴ പോലെ പൊഴിയുന്നു. ചെമ്മണ്‍ പാതയിലൂടെ നടക്കുമ്പോള്‍ ഇരുവശത്തുമുള്ള കുടിലുകളില്‍ സംസാരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം ആവിശ്യങ്ങളുടെയും ആവലാതികളുടെയും.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണു കുറച്ചു നാള്‍ കൂടുതൽ ഇവിടെ അടയിരിക്കാന്‍ തുടങ്ങിയിട്ട്. ഇതുവരെയും ഒരു ദേശാടന പക്ഷി ആയിരുന്നല്ലോ താന്‍. ഒന്നിലും ഉറച്ചു നില്‍ക്കാതെ ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന ഒരു ഒറ്റ ചിറകുള്ള പക്ഷി. ജീവിത ചക്രമണത്തില്‍ എങ്ങും എത്താതെ പോയ ഒരു അഭ്യസിയുടെ വേഷം കെട്ടിയാടിയ വേഷക്കാരന്‍. അല്ലെങ്കില്‍ ഒരു വാല്‍ നക്ഷത്രം പോലെ വല്ലപ്പോഴും കടന്നു വരുന്ന ഒരു വിരുന്നുകാരന്‍.
ഉത്തരത്തില്‍ ഇരുന്ന താക്കോല്‍ എടുത്തു മുറി തുറന്നു. സ്വിച്ച് ഇട്ടപ്പോള്‍ ഒന്നു മടിച്ചശേഷം നീളന്‍ വിളക്കു കത്തി ഇടയ്ക്കിടെ ഒരു അസഹിഷ്ണത കാട്ടികൊണ്ട് . ജനല്‍ തുറന്നിട്ടപ്പോള്‍ മുന്നില്‍ കൊയ്ത്തു കഴിഞ്ഞ മുണ്ടകന്‍ പാടം. മിക്കവാറും ദിവസങ്ങളില്‍ മണിക്കൂറുകള്‍ ആ മണല്‍ വരമ്പില്‍ ആകാശത്തോട്ടു നോക്കി കിടക്കാറുണ്ട്. ഓരോന്നോര്‍മ്മിച്ചുകൊണ്ട്.അപ്പോള്‍ പണ്ടമ്മ വീട്ടിലെ പൂമുഖത്തിണ്ണയില്‍ വിളമ്പി തരുന്ന പുണ്യങ്ങൾ മുത്തശ്ശിയുടെ മടയില്‍ തലവെച്ചു കിടക്കുമ്പോൾ മനസ്സില്‍ ഓടിയെത്താറുണ്ട്.
വെറുതെ നീല നിലാവുള്ള രാത്രിയില്‍ കൊയ്തു കഴിഞ്ഞ മുണ്ടകന്‍ പാടത്തു മകര നിലാവിനെ നോക്കി കിടക്കുക. അങ്ങിനെ കിടക്കുമ്പോള്‍ കണ്‍ ചിമ്മി നക്ഷത്ര പൊട്ടുകളെ നോക്കി വെറുതെ കണ്ണിറുക്കി കടമ്മനിട്ടയുടെ ശന്തയിലെ ആയിരം കാന്താരി പൂത്തിയിറങ്ങിയതും മനസ്സില്‍ ഓര്‍ത്തു കിടക്കവേ. സര്‍പ്പക്കാവിലെ ഏഴിലം പാലയുടെ മത്തു പിടിപ്പിക്കുന്ന
സുഗന്ധത്തില്‍ മുങ്ങി.
യക്ഷിക്കഥകളില്‍ നിന്നിറങ്ങി വരുന്ന സുന്ദരികളുടെ പാദനിസ്വനത്തില്‍ ഭയമൊരു കുളിരായ് ധമനികളെ കീഴടക്കുമ്പോള്‍ പേടിപ്പെടുത്തലിനിടയിലും മാദകസൗന്ദര്യം നുകരാനുള്ള മനസ്സിന്‍റെയും കണ്ണിന്‍റെയും ചപലത മഥിക്കുമ്പോള്‍, പിന്നെയീ മുത്തശ്ശിക്കഥകളിലെ യുക്തി ഭദ്രത. അതെ കുറിച്ചോര്‍ത്തു സ്വയം വിഡ്ഢിവേഷം കെട്ടിയ മനസ്സിനെ ശാസിച്ചും പരിഹസിച്ചും ആലോചിച്ചു ചിരിച്ചു.
ഒരു ദിനേശ് ബീഡി കത്തിച്ചു കിടക്കവേ, നിദ്ര മിഴികളെ തഴുകിയെത്തുന്ന നിമിഷം. മിഴികള്‍ക്കും മിഴിപ്പീലികള്‍ക്കും ഇടയില്‍ ഉള്ള ഒരു നിമിഷത്തെ സുഖം. അതാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. നമ്മള്‍ അറിയാതെ നമ്മെ പുണരുന്നരാന്‍ വന്നണയുന്ന ആ നിമിഷം പങ്കുവെയ്ക്കാന്‍ അന്ന് അവള്‍ ഉണ്ടായിരുന്നു കൂടെ ആത്മാംശമായ് ഞാന്‍.
എത്ര നേരം അങ്ങിനെ ജനാല കമ്പികളില്‍ പിടിച്ചു നിന്നു എന്നറിയില്ല. ഭിത്തിയില്‍ ഉറപ്പിച്ചിരുന്ന ഘടികാര നാവ് ഉറക്കെ വിളിച്ചലറിയപ്പോള്‍ ഓര്‍മ്മകള്‍ക്ക് വിട നല്‍കി.