രചന : താഹാ ജമാൽ✍
നിന്നിരുകിൽ നില്ക്കുമ്പോൾ
വസന്തം മരിയ്ക്കുന്നില്ല
ജീവിതത്തിൻ്റെ പരീക്ഷണശാലകളിൽ
രസ,ബിന്ദുക്കൾ അകന്നകന്ന്
സൂര്യനും, ചന്ദ്രനുമിടയിൽ
മറവുകൾ സൃഷ്ടിക്കുന്നു.
ചുംബനങ്ങൾ
പവിഴപ്പുറ്റുകളായി
കടലിൻ്റെ അടിവയറ്റിൽ
മുട്ടയിടുന്നു.
മിനുസമായ തലമുടിയിൽ
വിരലോടിക്കവേ, തലമുടിയൊരു
കാടായി രൂപമാറ്റം അഭിനയിക്കുന്നു.
ചകവാതങ്ങളായി
പെയ്യാനിരുന്ന മഴ
കണ്ണിലെ ആഴങ്ങങ്ങിൽ കുടുങ്ങി
കരയാൻ കൂടൊരുക്കുന്നു
നിൻ്റെ കണ്ണിലെ കൃഷ്ണമണിയിൽ നോക്കി
ഞാൻ മുഖം മിനുക്കുന്നു
മീനിൻ്റെ വയറ്റിലകപ്പെട്ട
കടലിനെപ്പോലെ
ഞാൻ നിന്നിൽ പ്രണയം പ്രാപിക്കുന്നു.
നിൻ്റെ ധമനികളിൽ ഒരു കടൽത്തിര
വലയം പ്രാപിക്കുന്നു
നമ്മൾ
രണ്ടു പേർ
കടലു കാണാൻ വന്നവർ
തിരത്തെ ഉപ്പുകാറ്റേറ്റ് കറുത്തു പോയവർ
നമ്മുടെ പ്രണയം
തിരമാലകളായി മുങ്ങാംകുഴിയിടുന്നത്
എത്ര വട്ടമാണ്
നമുക്കിടയിൽ കടൽ ഒരു
തടാകമാണ്
എപ്പോളും ഉപ്പുകാറ്റേക്കാൻ പാകത്തിൽ
നമ്മൾ രൂപകല്പന ചെയ്ത
നമ്മുടെ കണ്ണുനീർ തടാകം
ഇവിടെ കൊക്കുകൾ വരുന്നതാണ് ആശ്വാസം
തിരമാലകൾ പാടുന്നതാണ് നമ്മുടെ
ജീവൻ്റെ പാട്ട്.
പ്രണയം കടലാകുന്ന ദിവസം
ആഴങ്ങൾ നമുക്കു സ്വന്തം
തിരമാലകൾ നമുക്ക് കുഞ്ഞുങ്ങൾ.
………..