രചന : രമണി ചന്ദ്രശേഖരൻ ✍
കൊന്നപ്പൂവിൻ കുളിരല ചൂടി
മേടപ്പുലരിയൊരുങ്ങിയിറങ്ങി.
മഞ്ഞക്കിളികളുംപൂമ്പാറ്റകളും
അണ്ണാറക്കണ്ണനും ഓടിയെത്തി.
പച്ചക്കുടകൾ പീലി വിടർത്തിയ
മാമല നാടിന്നിടയിലൂടെ
കൊന്നമരത്തിൻ ചില്ലയിലെല്ലാം
മഞ്ഞപ്പൂക്കൾ പുഞ്ചിരി തൂകി.
കാർമുകിൽ വർണ്ണൻ്റെ മുമ്പിലായിന്നിതാ
പൊന്നുരുളി നിറയെ കാണിക്കയായി
കണിവെള്ളരിയും വാൽക്കണ്ണാടിയും
നിറവിൻതെളിമയായി കൊന്നപ്പൂവും.
പുത്തൻ പുടവയുടുത്തൊരുങ്ങി,
ഉണ്ണിക്കണ്ണനെ കണി കാണുമ്പോൾ,
വിഷുപ്പക്ഷി പാടിയ പാട്ടൊന്നു കേട്ട്
കേരള ചന്തത്തിന്നഴകു വിടർന്നു.
മേളങ്ങളുയരുന്ന രാവുകളിൽ
മേടപ്പാട്ടിൻ തുടിയുണരുമ്പോൾ
മന്ദാരക്കാറ്റിളകിയൊഴുകി
മൂളിപ്പാട്ടൊന്നെൻെറ ചുണ്ടിലണഞ്ഞു.
”ചിറ്റാറ്റിൻ കാവിൽ ഉപ്പൻ ചോദിച്ചു..
ചിറ്റിചിറ്റമ്മേ…ചക്കയ്ക്കുപ്പുണ്ടോ….”