രചന : മായ അനൂപ് ✍
വിഷു ദിനത്തിന് മുൻപും അതിന് ശേഷവും ആരാലും ശ്രെദ്ധിക്കപ്പെടാതെ, ആർക്കും വേണ്ടാതെ വിടർന്നു കൊഴിഞ്ഞു വീഴുന്ന കണിക്കൊന്ന പൂക്കൾക്കായി ഏതാനും വരികൾ….
ഏതോ മഴത്തുള്ളി തന്നുടെ സ്പർശന-
മേറ്റു സമാധിയിൽ നിന്നുണർന്ന
കണിക്കൊന്ന വേഗമാ മഞ്ഞപ്പൂത്തോരണം
ചാർത്തിയൊരുങ്ങാൻ തിടുക്കമാർന്നു
വിഷു വന്നുപോയാലോ എന്നുള്ളചിന്തയിൽ
പച്ചിലപ്പുടവയുടുക്കാൻ പോലും
സുഖസുഷുപ്തി വിട്ടുണർന്നവളന്നയ്യോ
പാടേ മറന്നു പോയ് തിടുക്കം മൂലം
പൊന്നിൻ വിഷുപ്പുലരിയ്ക്ക് തലേന്നാളിൽ
തന്നെ പൂത്തീടണം എന്നോർത്തവൾ
വിഷു വരും നാളറിയാതെ തിടുക്കത്തിൽ
തളിരിട്ടു മൊട്ടിട്ടു പൂവുമിട്ടു
പൊന്നിൻകസവാർന്ന ചേല പോലുള്ളൊരാ
മഞ്ഞപ്പൂത്തോരണം ചാർത്തിയവൾ
ഇന്ന് വരും വിഷു നാളെ വന്നീടുമെന്നോർ-
ത്തോർത്തു ദിനമെണ്ണി കാത്തിരുന്നു
നിമിഷങ്ങൾ ദിനങ്ങൾക്ക് വഴി മാറിയെങ്കിലും
ദിനങ്ങളോ വാരങ്ങളായെങ്കിലും
വിഷു വന്നതില്ലവൾ കേട്ടതില്ലാ ഒരു
വിഷുപ്പക്ഷി തൻ പാട്ട് പോലുമെങ്ങും
കണികണ്ടുണരുവാൻ കണിയൊരുക്കീ- ടുമ്പോൾ
കണ്ണന്റെ അരികിലായ് ചേർന്ന് നിൽക്കാൻ
കൊതി പൂണ്ടു വിടർന്നൊരാ പൂക്കളി-
ന്നാർക്കുമേ വേണ്ടാതനാഥരായ് മാറിയല്ലോ
ആരും കൊതിച്ചു പോകുന്നത് പോലെ
വിടർന്നങ്ങു നിന്നൊരാ പൂങ്കുല തൻ
സൗന്ദര്യമെല്ലാം പോയ് ആശയും തീർന്നു
പ്രതീക്ഷകളൊന്നായി പോയ് മറഞ്ഞു
കണി വെക്കും പൂക്കളിൽ ചേർന്ന്
തൻ ജീവിതം സാർത്ഥകമായിട്ട് മാറ്റീടുവാൻ
വിഷുവിൻ തലേന്നാളിൽ തന്നെ വിടർന്നീടാൻ
ഇനിയേത് ജന്മം ജനിച്ചീടേണം
അങ്ങനെയോർത്തോർത്ത് വേപഥു പൂണ്ടു
നിന്നാ പൂക്കൾ കണ്ണുനീർ വാർത്തീടവേ
കരുണയില്ലാത്തൊരു കാറ്റെങ്ങോ നിന്ന്
വന്നാ പൂക്കൾ തല്ലിക്കൊഴിച്ചുവല്ലോ
തെറ്റുകളേതുമേ ചെയ്യാത്ത പൂക്കളേ
നിങ്ങളും പാരിതിൽ ദുഖിതരോ
കാലമാവാമതിൻ കാരണമാവതും
സന്തോഷ ദുഃഖങ്ങൾക്കാധാരവും
അറിയാതെയെങ്കിലും വിഷുവിൻ
തലേന്ന് ഭാഗ്യേന വിടരുന്ന പൂവുകളേ
നിങ്ങളല്ലോ വിഷുക്കണിയതിൽ റാണിമാർ
നിങ്ങളല്ലോ പുണ്യ ശാലിനികൾ